Connect with us

Gulf

ലിവ ഈത്തപ്പഴ മഹോല്‍സവത്തിന് ആവേശകരമായ തുടക്കം

Published

|

Last Updated

ലിവ:അറേബ്യന്‍ മരുഭൂമിയുടെ മധുരക്കനിയായ ഈത്തപ്പഴത്തിന്റെ മഹാത്മ്യം വിളിച്ചറിയിച്ച് ലിവ ഈത്തപ്പഴ മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ലിവ മരുപ്പച്ചയിലെ മുഖ്യ പട്ടണമായ മസെയ്‌റയിലാണ് ഇത്തപ്പഴത്തിന്റെ വൈവിധ്യം സന്ദര്‍ശകരിലേക്ക് പകര്‍ന്നുകൊണ്ട് മഹോത്സവത്തിന് തുടക്കമായത്. ഏറ്റവും മുന്തിയ ഈത്തപ്പഴം കണ്ടെത്താനുള്ള മത്സരമാണ് ഈത്തപ്പഴ മഹോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

വിധികര്‍ത്താക്കള്‍ ഈത്തപ്പഴവും അവയുണ്ടാകുന്ന മരത്തിന്റെ പ്രത്യേകതകളും മറ്റും അടിസ്ഥാനമാക്കിയാണ് മത്സരത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ഈത്തപ്പഴത്തെ തിരഞ്ഞെടുക്കുക. ഒന്നാം ഘട്ടത്തിലെ വിജയികളെ ഇന്ന് പ്രഖ്യാപിക്കും. ലിവ ഈത്തപ്പഴ മഹോത്സവം ആരംഭിച്ചതില്‍ പിന്നെ ഇത്തവണയാണ് വിശുദ്ധമാസത്തില്‍ മഹോത്സവം നടക്കുന്നത്.
അധികം പാകമാവാത്തതും ഈത്തപ്പനകളില്‍ നിന്നും പുതുതായി വിളവെടുത്തതുമായ ഈത്തപ്പഴങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. പുലര്‍ച്ചെ ഒരു മണി വരെയാണ് മത്സര തമ്പിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. 25 വരെ ലിവ ഈത്തപ്പഴ മഹോത്സവം നീളും. അല്‍ ഐന്‍, അബൂദാബി നഗരങ്ങളില്‍ നിന്നും ലിവയിലേക്ക് ചന്ത സന്ദര്‍ശിക്കാന്‍ പ്രത്യേക ബസുകളും അബുദാബി ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാമ്പഴങ്ങളുടെയും ചെറുനാരങ്ങയുടെയും മത്സരവും ഇതോടൊന്നിച്ച് സംഘടിപ്പിക്കുന്നുണ്ട്. 50 ലക്ഷം ദിര്‍ഹമാണ് മത്സരങ്ങളിലെ മൊത്തം സമ്മാന തുക. ഓരോ വിഭാഗത്തിലും 15 സമ്മാനങ്ങളാണ് വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്നത്. ഇവയില്‍ ഏഴും വിവിധ ഇനം ഈത്തപ്പഴങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ക്കാണ്.
രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനങ്ങളും കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഈത്തപ്പഴ കര്‍ഷകരുമായി സംവദിക്കാനും അവരുടെ അനുഭവങ്ങള്‍ മനസ്സിലാക്കാനും ഓരോ ഈത്തപ്പഴത്തിന്റെയും രുചിയെക്കുറിച്ചും പോഷക സമൃദ്ധിയെക്കുറിച്ചും കൃഷിയുമായി ബന്ധപ്പെട്ട അനുഭവങ്ങളും നേരിട്ട് കര്‍ഷകരില്‍ നിന്ന് അറിയാനും ഈത്തപ്പഴ മഹോത്സവം സന്ദര്‍ശകര്‍ക്ക് അവസരം നല്‍കും.
മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന സ്വദേശി ചന്തയും സന്ദര്‍ശകരെ ആഘര്‍ഷിക്കും. 160 കടകളാണ് ചന്തയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. 306 സ്വദേശി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
രാജ്യത്ത് ജീവിച്ചിരുന്ന മുന്‍ തലമുറയെക്കുറിച്ചും അവരുടെ മഹത്തായ സംസ്‌കാരത്തെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കാനും ചന്ത സഹായകമാവുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മഹോത്സവത്തിലേക്ക് എത്തുന്നവരുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമായി ചന്തമാറും. പ്രത്യേകിച്ചും വിനോദസഞ്ചാരികളുടെ. ഈന്തപ്പനയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കരകൗശല വസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി ഇടംപിടിച്ചിട്ടുണ്ട്.
മരുഭൂമിയില്‍ ജീവിക്കുന്നവരുടെ സ്വപ്‌നപ്രദേശമായ മരുപ്പച്ചയും ചന്തയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈത്തപ്പനയോലകളും മറ്റും ഉപയോഗിച്ചാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയില്‍ നെയ്ത്തും തയ്യലും നടത്താന്‍ സഹായിക്കുന്ന അല്‍ സധുവെന്ന ഉപകരണം കാഴ്ചക്കാരെ അറേബ്യന്‍ പൗരാണികത അനുഭവിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ അല്‍ മസ്‌റൂയി അഭിപ്രായപ്പെട്ടു.
ഈത്തപ്പന ഓല ഉപയോഗിച്ചുള്ള അല്‍ സുറൂദ്( ഒരുതരം ചവിട്ടി), അല്‍ മുഖ്‌റഫ, അല്‍ ജഹ്ഫീര്‍ തുടങ്ങിയ പനയോല കുട്ടകള്‍, അല്‍ മെശാബ്(ഈത്തപ്പന ഓല ഉപയോഗിച്ചുള്ള മേശ വിരി), ഈത്തപ്പഴം സൂക്ഷിച്ചുവെക്കാനുള്ള അല്‍ യാര്‍ബ് എന്ന പ്രത്യേകതരം കുട്ടകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ഇനം മജ്‌ലിസു(യോഗ സ്ഥലം)കളുമായി ബന്ധപ്പെട്ട് കരകൗശല വിദ്യ പഠിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.