Connect with us

Gulf

വാക്കുകളുടെ പെരുന്തച്ചന്‍ യു എ ഇയെ കണ്ടവിധം

Published

|

Last Updated

മലയാളത്തിലെ ഏറ്റവും കാല്‍പനികനായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് 80 വയസ് തികഞ്ഞപ്പോള്‍ പല കോണുകളില്‍ നിന്നും അനുഭവക്കുറിപ്പുകളുണ്ടായി. എന്നാല്‍ വ്യത്യസ്ത ഭാഷകളെയും സംസ്‌കാരങ്ങളെയും സാഹിത്യത്തെയും അറിയാന്‍ എന്നും ഔത്സുക്യം കാട്ടിയിട്ടുള്ള എം ടിയും ഗള്‍ഫ് നാടുകളും തമ്മിലെ ബന്ധത്തെക്കുറിച്ച് വിവരണങ്ങള്‍ കാണാനിടയില്ല.
എം ടി ഗള്‍ഫില്‍ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും അബുദാബി രാജ്യാന്തര പുസ്തമേളയുടെയും സിറാജ് ദിനപത്രത്തിന്റെയും ആതിഥ്യം സ്വീകരിച്ച്, യു എ ഇയിലുണ്ടായിരുന്ന മൂന്നു നാള്‍, പലര്‍ക്കും മറക്കാന്‍ കഴിയില്ല. പാണ്ഡിത്യത്തിന്റെ മഹാപ്രകാശം പ്രസരിപ്പിച്ചാണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചുപോയത്. ആ പ്രകാശ കിരണങ്ങള്‍ മിക്കവരുടെയും മനസില്‍ എക്കാലവും കെടാതെ കിടക്കും.
നാലു വര്‍ഷം മുമ്പാണ് അബുദാബി രാജ്യാന്തര പുസ്‌കമേളക്ക് എത്തിയത്. സിറാജ് ദിനപത്രത്തിന്റെ അബുദാബി പ്രതിനിധി മുനീര്‍ പാണ്ട്യാലയുടെ തീവ്രശ്രമത്തിന്റെ ഫലമായിരുന്നു ആ വരവ്. ജ്ഞാനപീഠ ജേതാവും ഇന്ത്യക്കാര്‍ ഒന്നടങ്കം ഇഷ്ടപ്പെടുകയും ചെയ്യുന്ന എഴുത്തുകാരനാണ് എം ടി എന്ന് രാജ്യാന്തര പുസ്തകമേള അധികൃതരെ ബോധ്യപ്പെടുത്താന്‍ മുനീറിനു കഴിഞ്ഞു. എം ടിയുടെ പ്രൊഫൈല്‍ അധികൃതര്‍ക്ക് അയച്ചുകൊടുത്തപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ, പുസ്തകമേള ഡയറക്ടര്‍ ഖുബൈസി എം ടിയെ ക്ഷണിക്കുകയായിരുന്നു. എം ടി ഒറ്റ ആവശ്യം മാത്രമേ ഉന്നയിച്ചുള്ളൂ. ഒരു സഹായിക്കു കൂടി വിസ അനുവദിക്കണം.
തൃശൂര്‍ കറന്റ് ബുക്‌സിന്റെ എല്ലാമായ പെപ്പിന്‍ തോമസിന്റെ പേരാണ് എം ടി നിര്‍ദേശിച്ചത്. രണ്ടുപേര്‍ക്കുമുള്ള വിസയും ടിക്കറ്റും പുസ്തകമേള അധികൃതര്‍ പെപ്പിനാണ് അയച്ചുകൊടുത്തത്.
എം ടിയെയും പെപ്പിനെയും വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മലയാളി മാധ്യമപ്രവര്‍ത്തകരും പുസ്തകമേള അധികൃതരും എത്തിയിരുന്നു. ഹോട്ടലില്‍ എത്തിയപ്പോഴാണ് മുറി തയാറാല്ലെന്ന് അറിയുന്നത്. ഹോട്ടല്‍ ലോബിയില്‍ ഇരിക്കുന്ന എം ടിയോട് ഇക്കാര്യം പറയാന്‍ എല്ലാവര്‍ക്കും മടിയും ഭയവും. എന്നാല്‍, അനിശ്ചിതത്വം മനസിലാക്കിയ എം ടി യാതൊരു വിഷമവും പ്രകടിപ്പിക്കാതെ മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ തയാറായി. പതിവിനു വിരുദ്ധമായി, സന്ദര്‍ശകരോട് തന്റെ ഗള്‍ഫ് അനുഭവങ്ങള്‍ മനസ് തുറന്ന് സംസാരിക്കാനും എം ടിക്ക് വൈമനസ്യമുണ്ടായില്ല.
യു എ ഇ രൂപവത്കൃതമാകുന്നതിനു മുമ്പ് ഒരു തവണ എം ടി അബുദാബിയിലെത്തിയിട്ടുണ്ട്. അബുദാബി കോര്‍ണിഷില്‍ ഉപ്പുകല്ലുകള്‍ കൊണ്ടുള്ള കുടിലുകള്‍ ധാരാളമുണ്ടായിരുന്നുവെന്ന് എം ടി ഓര്‍ത്തെടുത്തു. അന്നും അബുദാബിയില്‍ മലയാളികള്‍ ഉണ്ടായിരുന്നു. ആശുപത്രികളില്‍ നഴ്‌സുമാര്‍ അധികവും മലയാളികളായിരുന്നു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാനെക്കുറിച്ചുള്ള ഖ്യാതി മറുനാടുകളില്‍ അന്നേ എത്തിയിരുന്നു.
എഴുപതുകളിലെ യു എ ഇ സന്ദര്‍ശനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന തിരക്കഥ എം ടി എഴുതുന്നത്. നാട്ടില്‍ തിരസ്‌കരിക്കപ്പെട്ട യുവത്വം ഗള്‍ഫിലെത്തി ഉന്നത ഉദ്യോഗം പ്രാപിക്കുന്നതും പലതും വെട്ടിപ്പിടിക്കാമെന്ന് കരുതി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍, നഷ്ടപ്പെട്ടത് എന്തെന്ന് തിരിച്ചറിഞ്ഞു ഗള്‍ഫിലേക്കു തന്നെ മടങ്ങുന്നതുമാണ് കഥ. ഗള്‍ഫില്‍ ആദ്യമായി ചിത്രീകരിച്ച മലയാള സിനിമ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ആയിരിക്കണം. നിരവധി ഗള്‍ഫ് മലയാളികളും ഇന്നത്തെ പ്രമുഖ നടന്‍ മമ്മൂട്ടിയും സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്.
നാട്ടില്‍ ഗള്‍ഫ് പണം സ്വാധീനം ചെലുത്തിത്തുടങ്ങിയ കാലത്തിന്റെ ചരിത്രം ഇതില്‍ അടയാളപ്പെട്ടുകിടക്കുന്നു. യു എ ഇയിലെ അന്നത്തെ അവസ്ഥയുടെ ഡോക്യുമെന്ററിയുമാണത്.
ഗള്‍ഫിനെ സംബന്ധിച്ച കൃതികള്‍ ധാരാളം വായിച്ചിട്ടുള്ള ആളുകൂടിയാണ് എം ടി. വില്‍ഫ്രഡ് തെസീഗറുടെ മരുഭൂമി ചിത്രങ്ങളും യാത്രാവിവരണങ്ങളും എം ടിയെ ആകര്‍ഷിച്ചിട്ടുണ്ട്. അറബ് സാഹിത്യത്തിലെ നവീന ചലനങ്ങളെ അടുത്തറിയാനും അദ്ദേഹം താല്‍പര്യം കാട്ടുന്നുവെന്ന് അന്ന് മനസിലായി. ഇസ്താംബുള്‍ എഴുതിയ ഒര്‍ഹാന്‍ പാമുകിനെ കുറിച്ചും അന്ന് സംസാരിച്ചു.
അബുദാബി രാജ്യാന്തര പുസ്തകമേളയിലെ മുഖാമുഖം അവിസ്മരണീയ അനുഭവമായിരുന്നു. മലയാളികള്‍ക്കു പുറമെ വിദേശികളും എം ടിയെ കേള്‍ക്കാന്‍ എത്തിയിരുന്നു. എം ടി ഇംഗ്ലീഷിലാണ് സംസാരിച്ചത്. മലയാള ഭാഷയെ വിശാലമായി പരിചയപ്പെടുത്തിക്കൊണ്ടാണ് എം ടി തുടങ്ങിയത്. തകഴി, ബഷീര്‍, കാരൂര്‍, തുടങ്ങിയവരുടെ കഥകള്‍, എങ്ങിനെ മൗലികമായും കാലാതിവര്‍ത്തിയായും നില്‍ക്കുന്നുവെന്ന് എം ടി സവിസ്തരം പ്രതിപാദിച്ചു.
എം ടിയുടെ കലാപ്രപഞ്ചത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. നായര്‍ തറവാടുകളുടെ തകര്‍ച്ചയും സാമൂഹിക ജീവിതത്തിലെ മാറ്റങ്ങളും വൈയക്തികാനുഭവങ്ങളും എഴുത്തിനു പ്രേരണയായിരിക്കാമെന്ന് എം ടി പറഞ്ഞു. “സമൂഹത്തോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അതിനു പറ്റിയ മാധ്യമം ഏതെന്ന് ആദ്യകാലത്ത് ചില ആശയക്കുഴപ്പം സ്വാഭാവികം. കഥയാണ് മികച്ച മാധ്യമം എന്ന് അല്‍പം കഴിഞ്ഞാണ് മനസിലായത്. താന്നിക്കുന്നിന്റെ താഴ്‌വാരത്ത് അനുയോജ്യമായ വാക്കുകള്‍ക്കു വേണ്ടി ഏറെ നേരം അലഞ്ഞ ബാല്യമാണ് എന്റേത്. ബഷീറിന്റെയും ചങ്ങമ്പുഴയുടെയും വരികള്‍ വായിച്ച അത്ഭുതവും എന്നിലുണ്ടായിരുന്നു”-എം ടി പറഞ്ഞു.
ഗള്‍ഫില്‍ എം ടി നിരവധി തവണ എത്തിയെങ്കിലും എം ടിയുടെ കുറിപ്പുകളില്‍ അതൊന്നും വലുതായി പ്രതിപാദിക്കപ്പെട്ടിട്ടില്ല. ഗള്‍ഫില്‍ വിവിധ വേദികളില്‍ നടത്തിയ പ്രസംഗങ്ങള്‍ തന്നെ ഒരു പുസ്തകത്തിനുള്ള വകയുണ്ടാകും. പക്ഷേ, അത് പകര്‍ത്തിയെഴുതി ആരും എം ടിക്കു നല്‍കിയില്ലെന്നു വേണം കരുതാന്‍. “കണ്ണാന്തളിപ്പൂക്കളുടെ കാല”ത്തിലും മറ്റും നാട്ടില്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലും എം ടി ഉജ്വലമായി സംസാരിച്ചിട്ടുണ്ട്. എം ടിയെ കേള്‍ക്കാനെത്തിയ ആളുകളുടെ ബാഹുല്യം കണ്ട് പുസ്തകമേളയുടെ നടത്തിപ്പുകാര്‍ അത്ഭുതം കൊണ്ടത്, മലയാളികള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. എം ടി ഗള്‍ഫില്‍ ഇനിയും എത്തണമെന്ന് വിവിധ സംഘടനകള്‍ ആഗ്രഹിക്കുന്നു. കാലം അതിനായി കാത്തുനില്‍ക്കുന്നു.