Connect with us

Kozhikode

മര്‍കസ് മസ്ജിദിലെ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമാകുന്നു

Published

|

Last Updated

iftharകോഴിക്കോട്: ആയിരത്തിലധികം പേര്‍ക്ക് ദിവസവും ഇഫ്താര്‍ വിരുന്നൊരുക്കി മര്‍കസ് കോംപ്ലക്‌സ് മസ്ജിദ് ശ്രദ്ധിക്കപ്പെടുന്നു. പത്ത് വര്‍ഷത്തോളമായി നടത്തിവരുന്ന നോമ്പു തുറക്ക് വര്‍ഷം തോറും തിരക്ക് വര്‍ധിക്കുകയാണ്. 
യാത്രക്കാരും കച്ചവടക്കാരും ദീര്‍ഘദൂരയാത്ര കാരണം വീട്ടിലെത്താന്‍ സാധിക്കാത്തവരുമാണ് നോമ്പു തുറക്കാനായി എത്തുന്നത്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റും സ്ഥിരമായി എത്തുന്നു. ആയിരത്തി മുന്നൂറോളം പേരാണ് ഇവിടെ നിന്ന് ദിവസവും നോമ്പു തുറക്കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നോമ്പു തുറക്കാനെത്തുന്നത് ഇവിടെയാണ്. നോമ്പു തുറക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചത് കാരണം പള്ളിയുടെ മുകള്‍ നിലയില്‍ നിന്ന് മര്‍കസ് കോംപ്ലക്‌സിലെ അനക്‌സ് ബില്‍ഡിംഗിലെ ഓഡിറ്റോറിയത്തിലേക്ക് പാലം നിര്‍മിച്ചാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
നഗരത്തിലെ മറ്റു പള്ളികളിലും നോമ്പുതുറ സൗകര്യമുണ്ടെങ്കിലും മര്‍കസ് കോംപ്ലക്‌സ് മസ്ജിദിലെ നോമ്പുതുറയാണ് സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെടുന്നത്. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് അടുത്തായതിനാല്‍ റമസാനില്‍ സദാ തിരക്ക് അനുഭവപ്പെടുന്നതും മര്‍കസ് മസ്ജിദില്‍ തന്നെയാണ്. സ്‌റ്റേഡിയം പള്ളിയിലാണ് വിപുലമായ രീതിയില്‍ നോമ്പുതുറ തുടങ്ങിയത്. പിന്നീടാണ് ഇത് നഗരത്തിലെ മറ്റു പള്ളികളിലേക്കും വ്യാപിച്ചത്.
വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണ് നോമ്പുതുറക്കെത്തുന്നവര്‍ക്ക് ഇവിടെ നിന്നും നല്‍കുന്നത്. ബിരിയാണി, വെള്ളപ്പം, ചപ്പാത്തി, ചിക്കന്‍ കറി, ബീഫ് കറി എന്നിവയാണ് വിളമ്പുന്നത്. ഉദാരമതികളായ കച്ചവടക്കാരും മറ്റു ബിസിനസുകാരും സ്‌പോണ്‍സര്‍ ചെയ്താണ് നോമ്പുതുറക്ക് ഒരുക്കുന്നത്. കൂടാതെ നൂറ് പേര്‍ക്കുള്ള അത്താഴവും ഒരുക്കുന്നുണ്ട്. ദിവസവും ഉച്ചക്ക് ഒരു മണി മുതല്‍ പ്രമുഖരായ പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങളും പള്ളിയില്‍ നടക്കുന്നു.
നാസര്‍ സഖാഫി അമ്പലക്കണ്ടി, കൈരളി അബ്ദുര്‍റഹ്മാന്‍ ഹാജി, മുല്ലക്കോയ തങ്ങള്‍, നൗഷാദ് എലത്തൂര്‍, ബിച്ചു മാത്തോട്ടം, ഡീലക്‌സ് അബ്ദുര്‍റഹ്മാന്‍ ഹാജി, ഫിറോസ് കാരപ്പറമ്പ്, സെക്യൂരിറ്റി ഗാര്‍ഡ് സലാം എന്നിവരാണ് നോമ്പുതുറക്ക് നേതൃത്വം നല്‍കുന്നത്.

---- facebook comment plugin here -----

Latest