Connect with us

Ongoing News

സിംബാവെയ്‌ക്കെതിരേ ഇന്ത്യക്ക് രണ്ടാം ജയം

Published

|

Last Updated

ഹരാരെ: ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലും ജയം ഇന്ത്യക്കൊപ്പം. ഇന്ത്യ 58 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടു വച്ച 295 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെക്ക് നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മികച്ച തുടക്കം കിട്ടിയിട്ടും ആതിഥേയരെ മികവിലേക്കുയരാന്‍ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജയ്‌ദേവ് ഉന്‍ദ്കട്ടാണ് ആതിഥേയരെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നത്. ഇന്ത്യക്കു വേണ്ടി അമിത് മിശ്ര രണ്ടും മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
അര്‍ധസെഞ്ച്വറി നേടിയ സിബാന്‍ഡ (55), പ്രോസ്പര്‍ ഉത്‌സേയ (52) എന്നിവരും 46 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബുരയും സിംബാബ്‌വെയ്ക്കു വേണ്ടി പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഹാമില്‍ട്ടണ്‍ മസാകഡ്‌സ (34), സിക്കന്തര്‍ റാസ (20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് സിംബാബ്‌വെ ബാറ്റ്‌സ്മാന്‍മാര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെയും (116), ദിനേശ് കാര്‍ത്തിക്കിന്റെ അര്‍ധ സെഞ്ച്വറിയുടെയും (69) ബാറ്റിംഗ് മികവിലാണ് ഇന്ത്യ തകര്‍പ്പന്‍ സ്‌കോര്‍ കണ്ടെത്തിയത്. 127 പന്തുകള്‍ നേരിട്ട ധവാന്‍ 11 ഫോറുകളും രണ്ട് സിക്‌സും പറത്തിയാണ് തന്റെ മൂന്നാം ഏകദിന സെഞ്ച്വറി കണ്ടെത്തിയത്. ഇരുവരുടെയും മികവില്‍ എട്ടിന് 294 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
അവസാന ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം നേടിയ 23 റണ്‍സ് മികച്ച സ്‌കോര്‍ നേടുന്നതില്‍ ഇന്ത്യക്ക് തുണയായി. 12 പന്തില്‍ 27 റണ്‍സ് അടിച്ചു കൂട്ടിയ വിനയ് കുമാറും ഷാമി അഹമ്മദും ചേര്‍ന്നാണ് അവസാന ഓവറിലെ വെടിക്കെട്ടൊരുക്കിയത്. ധവാനാണ് കളിയിലെ കേമന്‍.
നേരത്തേ 65 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് പരിതാപകരമായ അവസ്ഥയിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ്മ (ഒന്ന്), വിരാട് കോഹ്‌ലി (14), അമ്പാട്ടി റായിഡു (അഞ്ച്), സുരേഷ് റെയ്‌ന (നാല്) എന്നിവര്‍ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ (15), അമിത് മിശ്ര (ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.
വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.

---- facebook comment plugin here -----

Latest