Connect with us

Gulf

സെപ്തംബര്‍ മുതല്‍ മിനി വാന്‍ നിരോധിച്ചേക്കും

Published

|

Last Updated

ദുബൈ:റോഡപകടങ്ങളില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പൊലിയുന്നതിന് അറുതി വരുത്താന്‍ കുട്ടികളെ മിനി വാനില്‍ കൊണ്ടുവരുന്നത് സെപ്തംബര്‍ മുതല്‍ നിരോധിച്ചേക്കും.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന അപകടങ്ങളില്‍ മരണം സംഭവിച്ചവയില്‍ 11 ശതമാനവും മിനി ബസുകളും മിനി വാനുകളും ഉള്‍പ്പെട്ടവയായിരുന്നുവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടുത്ത അധ്യയ വര്‍ഷം മുതല്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ) ഒരുങ്ങുന്നത്.
രാജ്യത്ത് 40 വിദ്യാലയങ്ങളിലെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരിച്ച് താമസസ്ഥലത്ത് എത്തിക്കാനും വാഹനം ഉറപ്പാക്കുന്ന സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സെര്‍വീസസു(എസ് ടി എസ്)മായും ബ്രൈറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ടുമായും ഇതിനായി ആര്‍ ടി എ ധാരണയില്‍ എത്തിയതായാണ് അറിയുന്നത്. ഒരു വര്‍ഷം കൂടി ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുകയെന്ന ചോദ്യം തന്നെ ഉയരുന്നില്ലെന്ന് എസ് ടി എസ് ചീഫ് കേണല്‍ മോഹന്‍ലാല്‍ ഒഗസ്റ്റില്‍ വ്യക്തമാക്കി. ഒരു തവണ സുരക്ഷിതമല്ലെന്ന് തെളിഞ്ഞാല്‍ അത് പിന്നീട് ഉപയോഗിക്കുന്ന കീഴ്‌വഴക്കം കമ്പനിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ഉപയോഗിച്ചിരുന്ന മിനി വാനുകളെല്ലാം സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഉള്ളവയായിരുന്നു. എന്നാല്‍ ഇവക്ക് എമര്‍ജന്‍സി എക്‌സിറ്റ് ഇല്ലെന്നത് വലിയ പ്രശ്‌നമാണ്. ഇതാണ് പലപ്പോഴും അപകടങ്ങളില്‍പ്പെട്ടാല്‍ മരണ നിരക്ക് കൂടാന്‍ ഇടയാക്കുന്നത്. ഇത് ഒരു സുരക്ഷ ഉറപ്പുള്ള വാഹനമാണെന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ദുരത്തേക്ക് കുറഞ്ഞ കുട്ടികളെ കറ്റിയാണ് മിനി വാനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. അധികൃതരുടെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ഇനി ഇത്തരം വാഹനങ്ങള്‍ കമ്പനി ഉപയോഗിക്കില്ല.
എസ് ടി എസിന് 1,600 വാഹനങ്ങളാണ് കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനായുള്ളത്. ഇതില്‍ 140 എണ്ണം മാത്രമാണ് മിനി വാനുകള്‍. ദിനേന 60,000 കുട്ടികളെയാണ് എസ് ടി എസ് വിദ്യാലയങ്ങളില്‍ എത്തിക്കുന്നത്. എല്ലാ അര്‍ഥത്തിലും ഓരോ കുട്ടികളുടെയും സുരക്ഷ പ്രത്യേകം പ്രത്യേകം ഉറപ്പാക്കിയാണ് കുട്ടികളെ കൊണ്ടുപോകുന്നത്. ഇതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും നാളിതുവരെ കമ്പനി പാലിച്ചിട്ടുണ്ട്. പുതിയ നിബന്ധനകളും കര്‍ശനമായി പാലിക്കും. ഇതിനായാണ് ഒറ്റയടിക്ക് 140 മിനി വാനുകള്‍ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ ഡ്രൈവര്‍മാരെയാണ് ജോലിക്ക് നിര്‍ത്തുന്നത്. പതിവായി വാഹനത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാറുണ്ട്.
ഓരോ കുട്ടിയും വാഹനത്തില്‍ കയറുമ്പോള്‍ കാര്‍ഡ് സ്വിപ് ചെയ്യുന്നതിനാല്‍ കുട്ടികള്‍ എത്തിയെന്നത് കണ്‍ട്രോള്‍ റൂമില്‍ അറിയാന്‍ സാധിക്കും. ഇറങ്ങുമ്പോഴും ഇത് ആവര്‍ത്തിക്കും. ഇത് പരിശോധിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഓരോ തവണയും കുട്ടികള്‍ ഇറങ്ങിയാല്‍ ഏതെങ്കിലും കുട്ടി വാഹനത്തില്‍ ബാക്കിയായിട്ടുണ്ടോയെന്നും ഡ്രൈവര്‍ പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. രാജ്യത്ത് എസ് ടി എസിന് കീഴില്‍ ഓടുന്ന മുഴുവന്‍ വാഹനങ്ങളും വീഡിയോ മോണിറ്ററിംഗ് സംവിധാനത്തിന് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ ടി എയുമായി യോജിച്ച് വിദ്യാര്‍ഥികളുടെ അപകട മരണമെന്നത് നൂറു ശതമാനം ഇല്ലാതാക്കാനാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഏറെക്കുറെ പൂര്‍ത്തിയായിരിക്കയാണ്. വാഹനത്തിന്റെ വേഗം അനുവദനീയമായതില്‍ കൂടുതലായാലും കുറഞ്ഞാലും കണ്‍ട്രോള്‍ റൂമില്‍ അറിയാന്‍ സാധിക്കും. ഇതോടൊപ്പം വാഹനത്തിലും അലാറം മുഴങ്ങും. 2008ല്‍ കമ്പനി ആരംഭിച്ചത് മുതല്‍ ഒരേ തുകയാണ് ഈടാക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇതില്‍ വര്‍ധനവ് ഉണ്ടാവും. സുരക്ഷാ മാനദണ്ഡങ്ങള്‍ക്കായി വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നതിനാല്‍ വര്‍ധനവ് ഒഴിവാക്കാന്‍ സാധിക്കില്ല. 10, 20, 30 എന്നിങ്ങിനെയായിരിക്കും പ്രതിമാസ വര്‍ധനവ്. ഡീസല്‍ വില കുറഞ്ഞിട്ടും ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുന്നതിന് ജീവനക്കാരുടെ ശമ്പളത്തില്‍ വരുത്തിയ വര്‍ധനവ് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്‌കൂളുകളില്‍ മിനിബസുകളുടെയും വാനുകളുടെയും സേവനം നിലനിര്‍ത്തുമെന്ന് ആര്‍ ടി എ ഡയറക്ടര്‍ താരിഖ് അലി ഗൈത്ത് അറിയിച്ചു. കുട്ടികളെ കൊണ്ടുപോകാന്‍ ചെറിയ വാനുകള്‍ സുരക്ഷിതമല്ലെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

---- facebook comment plugin here -----

Latest