Connect with us

Malappuram

വിവാദ കവിത: ഇംഗ്ലീഷ് പഠന ബോര്‍ഡ് അന്തിമ തീരുമാനമെടുക്കും

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദ കവിത വീണ്ടും പഠന ബോര്‍ഡിലേക്ക്. ഇബ്‌റാഹീം അല്‍ റുബായിഷ് രചിച്ച ‘ഓഡ് ടു ദ സീ’ കവിത ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്ന് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ ഇംഗ്ലീഷ് പഠന ബോര്‍ഡിനെ ചുമതലപ്പെടുത്തി. പാഠഭാഗം തത്കാലം പഠിപ്പിക്കേണ്ടതില്ലെന്ന തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം ഡോ.സൈനുല്‍ ആബിദ് കോട്ട അവതരിപ്പിച്ച പ്രമേയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പ്രമേയത്തെ സിന്‍ഡിക്കേറ്റംഗം ടി വി ഇബ്‌റാഹീം പിന്താങ്ങി. കവിത പഠിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തെ സിന്‍ഡിക്കേറ്റംഗങ്ങളായ ആര്‍ എസ് പണിക്കര്‍, കെ ശിവരാമന്‍ എന്നിവര്‍ അനുകൂലിച്ചു.
കവിതയെ കുറിച്ച് വൈസ് ചാന്‍സലര്‍ക്ക് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കവിതയുടെ പരിഭാഷയും ഭാഷാ ഡീന്‍ ഡോ. എം എം ബഷീര്‍ അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഒരു കവിതക്ക് വേണ്ടി സമാധാന അന്തരീക്ഷം നഷ്ടപ്പെടുത്തരുത് എന്നതുകൊണ്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്ന ഉടന്‍ തന്നെ അന്വേഷണത്തിനായി നിര്‍ദേശം നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. തുടര്‍ന്ന് കവിത തത്കാലം പഠിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം നിലനില്‍ക്കും. അന്തിമ തീരുമാനം പഠന ബോര്‍ഡ് കൈക്കൊള്ളും.

Latest