Connect with us

Gulf

'അസ്സലാമു അലൈക യാ ശഹ്‌റു റമസാന്‍' വിടപറഞ്ഞത് വിശുദ്ധ മാസത്തിലെ അവസാന വെള്ളി

Published

|

Last Updated

ദുബൈ: വിശുദ്ധ മാസത്തിലെ അവസാന വെള്ളിയെ വിശ്വാസി സമൂഹം പ്രാര്‍ഥനാ നിര്‍ഭരം എതിരേറ്റു. രാജ്യത്തെ വിവിധ മസ്ജിദുകളില്‍ ജുമുഅ നിസ്‌കാരത്തിനും മറ്റും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ പള്ളിയില്‍ സ്ഥലം തികയാതെ സ്വഫു (നിര) കള്‍ പുറത്തേക്ക് നീണ്ടു. ജുമുഅ ഖുത്വുബയില്‍ ഇമാമുമാര്‍ വിശുദ്ധ മാസത്തിനു പ്രത്യേക പ്രാര്‍ഥനകളിലൂടെയും വിടചൊല്ലി.

നോമ്പിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും രാത്രി നമസ്‌കാരത്തിലൂടെയും ആര്‍ജിച്ചെടുത്ത ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉദ്‌ബോധിപ്പിച്ചു. പ്രാര്‍ഥനയില്‍ സ്ഫുടം ചെയ്ത മനസും കരഞ്ഞുകലങ്ങിയ കണ്ണുകളോടെയുമാണ് വിശ്വാസികള്‍ റമസാനിലെ അവസാന വെള്ളിയെ യാത്രയാക്കിയത്. ഇത് ജീവിതത്തിലെ അവസാന വെള്ളിയാഴ്ചയാവരുതെന്നും പാപങ്ങള്‍ കഴുകി വിശുദ്ധനാക്കണമെന്നും നരകമോചനത്തിന്നായി പ്രത്യേകം നിശ്ചയിക്കപ്പെട്ട നാളുകളില്‍ അത് നല്‍കണമെന്നുമായിരുന്നു വിശ്വാസികളുടെ പ്രാര്‍ഥന. കുടുംബങ്ങളില്‍ നിന്നും മറ്റും മരണപ്പെട്ടവര്‍ക്കു വേണ്ടിയും ഈ ദിവസസത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയിരുന്നു.
ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് പ്രാര്‍ഥനയില്‍ കഴിയുകയാണ് വിശ്വാസി സമൂഹം. ഇഫ്താര്‍ സംഗമങ്ങളും ഖത്്മുല്‍ ഖുര്‍ആനും തറാവീഹ്, തഹജ്ജുദ്, ഖിയാമുല്‍ ലൈല്‍ നിസ്‌കാരങ്ങളും തസ്‌കിയത്ത് മജ്‌ലിസുകളുമായി മസ്ജിദുകള്‍ സജീവമാണ്.
റമസാന്‍ അവസാനത്തിലേക്ക് അടുത്തതോടെ, ഫിത്ര്! സകാത്ത് നല്‍കുന്നതിനും ഈദ് ആഘോഷിക്കാനുമുള്ള തയാറെടുപ്പും തുടങ്ങിക്കഴിഞ്ഞു. പുത്തനുടുപ്പുകളും വീട്ടുസാധനങ്ങളും വാങ്ങി മുന്നൊരുക്കം നടത്തുന്നു. നിരവധി പേര്‍ കുടുംബസമേതം ഈദ് ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് താങ്ങാവുന്നതിലപ്പുറമായതിനാല്‍ ഈദ് നാട്ടില്‍ ആഘോഷിക്കാമെന്നത് പലര്‍ക്കും സ്വപ്‌നമായി. വിവിധ സംഘടനകള്‍ ഒമാനിലേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിനോദയാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് ഈദ് വിപണിയും സജീവമാകുകയാണ്. മിക്കയിടത്തും ഓഫറുകളുടെ പെരുമഴയാണ്. പല വ്യാപാര സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നു. മാളുകളിലും സൂപ്പര്‍ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ജനത്തിരക്കിലേക്ക് മാറുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നതിന് സൗകര്യമൊരുക്കി അധികൃതര്‍ അനുമതി നല്‍കുന്നുണ്ട്.

 

Latest