Connect with us

Ongoing News

റമസാനില്‍ ലൈറ്റണയാതെ മഅദിന്‍ ഗ്രാന്റ് മസ്ജിദ്

Published

|

Last Updated

മലപ്പുറം: റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ലൈറ്റ് അണയാതെ സജീവമാണ്.  പ്രാര്‍ത്ഥനാ നഗരിയിലെ ആത്മീയ ചടങ്ങുകളുടെ പ്രധാന വേദികളിലൊന്നായ ഗ്രാന്റ് മസ്ജിദ് റമളാന്‍ ഒന്ന് മുതല്‍ ഇരുപത്തിനാല് മണിക്കൂറും ആത്മീയ മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമാണ്.  റമളാന്‍ ആദ്യ ദിവസം മുതല്‍ ഇതുവരെ ആയരിത്തോളം വിശ്വാസികളാണ് ഇവിടെ ഇഅ്തികാഫ് ഇരിക്കുന്നത്.  ഹദീസ് പഠനം ഖത്മുല്‍ ഖുര്‍ആന്‍, തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തൗബ, വിത്‌രിയ്യ, വിര്‍ദുല്ലത്വീഫ്, ആത്മീയ ഉപദേശം, ദിക്ര്‍, ദുആ മജ്‌ലിസുകള്‍ എന്നീ പ്രോഗ്രാമുകളാണ് എല്ലാ ദിവസവും ഗ്രാന്റ് മസ്ജിദില്‍ നടുന്നുവരുന്നത്.

ഇഅ്തികാഫിരിക്കുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, ക്ലോക്ക് റൂം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ സംവിധാനിച്ചിട്ടുണ്ട്. പുതിയ തലമുറ വിസ്മരിക്കപ്പെട്ട നിരവധി ആത്മീയ ദിക്‌റുകളുടെയും ചടങ്ങുകളുടെയും സ്മരണ പുതുക്കുന്ന വേദി കൂടിയായിരുന്നു ഇത്.  വിര്‍ദുല്ലത്വീഫ്, വിത്‌രിയ്യ, നൂറുല്‍ ഈമാന്‍, കന്‍ജുല്‍ അര്‍ശ്, സലാമത്തുല്‍ ഈമാന്‍, അഅ്‌ളമു സ്വലാത്ത് തുടങ്ങിയ പരിപാടികള്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ ആത്മീയാനുഭൂതി പകരുന്ന ചടങ്ങായി മാറി.

ഇന്നലെ മുതല്‍ കൂടുതല്‍ പേര്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫിനെത്തി.  മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ സജീവ സാന്നിധ്യം ഇഅ്തികാഫിനെത്തിയവര്‍ക്ക് ആത്മീയാവേശം പകരുന്നു. സമസ്ത ജില്ലാ മുശാവര മെമ്പര്‍ ഇബ്‌റാഹീം ബാഖവി യുടെ അവസരോചിതമായ  പഠന ക്ലാസുകളും സംശയ നിവാരണവും ഇഅ്തികാഫിനെത്തിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫിയുടെയും അസിസ്റ്റന്റ് ഇമാം അശ്കര്‍ സഅ്ദിയുടെയും നേതൃത്വത്തില്‍ പ്രത്യേക വളണ്ടിയര്‍മാര്‍ തന്നെ ഇഅ്തികാഫിനെത്തിയവര്‍ക്ക് സേവനം ചെയ്യാന്‍ ഓടിനടക്കുന്നു.