Connect with us

Ongoing News

സ്വലാത്ത് നഗര്‍ വിശ്വാസ സാഗരം: പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു

Published

|

Last Updated

മലപ്പുറം: റമസാന്‍ ഇരുപത്തിയേഴാം രാവിന്റെ വിശുദ്ധ രാവില്‍ സമര്‍പ്പണത്തിന്റെയും ഒരുമയുടെയും മാതൃകകളായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ ആത്മീയ സാഗരം. ഭീകരതയ്ക്കും ലഹരിവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ സംഗമത്തിനു സമാപനമായി. മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ സംഘടിപ്പിച്ച റമസാന്‍ പ്രാര്‍ത്ഥനാ സംഗമം ഒരിക്കല്‍ കൂടി വിശ്വാസികള്‍ക്ക് മറക്കാനാവാത്ത ആത്മീയാനുഭൂതിയായി.

പ്രതികൂല കാലാവസ്ഥയിലും ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പ്രാര്‍ത്ഥനാ നഗരിയിലേക്ക് ഒഴുകിയെത്തിയ ആളുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരിച്ചു പോയത്. മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയില്‍ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയത് അലോസരങ്ങളില്ലാതെ സംഗമത്തില്‍ പങ്കെടുക്കാന്‍ സഹായിച്ചു.

പാരസ്പര്യത്തിന്റെ ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ച വിശ്വാസികള്‍ മഅ്‌രിബ് നിസ്‌കാര ശേഷം വ്യത്യസ്ത ദുആ മജ്‌ലിസുകളെ സജീവമാക്കി. അവ്വാബീന്‍, തസ്ബീഹ് ഇശാ, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ക്ക് ഗ്രാന്റ് മസ്ജിദും കവിഞ്ഞൊഴുകി അവര്‍ അണിയൊപ്പിച്ചു സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തിയ സമാപനവേദിയില്‍ സമസ്ത  പ്രസിഡണ്ട് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടം ചെയ്തു.

ഭീകരതക്കും ലഹരിക്കുമെതിരെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വലതു കൈ ഇടതു നെഞ്ചിലമര്‍ത്തി വിശ്വാസ സാഗരം ഏറ്റുചൊല്ലി. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി ആബാല വൃദ്ധം ജനങ്ങള്‍ നിശ്ചയമെടുത്തു.

നാരിയത്ത് സ്വലാത്തും ആയിരംതവണ തഹ്‌ലീല്‍ ചൊല്ലിക്കൊണ്ടുള്ള ഹദ്ദാദ് റാതീബുമായിരുന്നു പിന്നീട്. പശ്ചാതാപ പ്രാര്‍ത്ഥനയായ തൗബ, സമാപന പ്രാര്‍ത്ഥന എന്നിവക്ക് ഖലീലുല്‍ ബുഖാരി തങ്ങള്‍ നേതത്വം നല്‍കി. പ്രാര്‍ത്ഥനാ സമ്മേളനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും കരുണയ്‌ക്കൊരു കാരണം ഓണ്‍ലൈന്‍ പ്രൊജക്ടിന്റെ ഉദ്ഘാടനവും വേദിയില്‍ നടന്നു.

ഞായറാഴ്ച രാവിലെ ഹദീസ് പാഠത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഏഴു മണിക്ക് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വേദിക്ക് അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കി. ളുഹ്ര്‍ നിസ്‌കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദര്‍ പ്രാര്‍ത്ഥന നടന്നു.

പ്രാര്‍ത്ഥനാ സമ്മേളനദിനത്തെ നോമ്പു തുറയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്  പത്തിരിയും പലഹാരങ്ങളും എത്തിച്ച വാഹനങ്ങള്‍ക്ക് സ്വലാത്ത് നഗറില്‍ വരവേല്‍പ്പു നല്‍കി. നാലിന് സ്വലാത്ത് നഗറിലെ പ്രധാന വേദിയില്‍ ബുര്‍ദ പാരായണം, ഗ്രാന്റ് മസ്ജിദില്‍ വിര്‍ദുല്ലത്വീഫ് മജ്‌ലിസ് എന്നിവ നടന്നു.

വിവിധ ആത്മീയ മജ്‌ലിസുകള്‍ക്ക് സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ.പി.എച്ച് തങ്ങള്‍, സയ്യിദ് അബ്ദുല്ലാ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് ഹസന്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, സി. മുഹമ്മദ് ഫൈസി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കിലോമീറ്ററുകള്‍ നീളത്തില്‍ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും  സ്ഥാപിച്ചിരുന്നു. പ്രവാസികള്‍ക്കായി ഗള്‍ഫ് കോര്‍ണറും  ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി വെബ് ഹബ് കൗണ്ടറും പ്രവര്‍ത്തിച്ചു. വിദേശ രാജ്യങ്ങളിലുള്ളവര്‍ വിവിധ ചാനലുകള്‍ വഴി തത്സമയം പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.