Connect with us

Malappuram

ആത്മീയ നിര്‍വൃതി സമ്മാനിച്ച് ഗ്രാന്റ് മസ്ജിദ്

Published

|

Last Updated

സ്വലാത്ത് നഗര്‍: പ്രാര്‍ഥനാ സംഗമത്തിലെ ആത്മീയ ചടങ്ങുകളുടെ ആത്മീയ ചടങ്ങുകളുടെ പ്രധാന വേദികളിലൊന്നായ ഗ്രാന്റ് മസ്ജിദ് ആത്മീയ മന്ത്രധ്വനികളാല്‍ ഭക്തി സാന്ദ്രമായി. റമസാന്‍ ഒന്ന് മുതല്‍ തന്നെ വിവിധ പരിപാടികളാല്‍ സജീവമായ ഗ്രാന്റ് മസ്ജിദില്‍ ഇരുപത്തിയേഴാം രാവിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ഞായാറാഴ്ച പുലര്‍ച്ചയോടെ തുടക്കം കുറിച്ചു.
വിദൂര ദിക്കുകളില്‍ നിന്നും മറ്റും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എത്തിയ വിശ്വാസികളാല്‍ ഗ്രാന്റ് മസ്ജിദ് പുലര്‍ച്ചയോടെ തന്നെ തിങ്ങിനിറഞ്ഞു. സുബ്ഹി നമസ്‌കാരത്തിന് മുമ്പ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെയായിരുന്നു ഗ്രാന്റ്മസ്ജിദിലെ ചടങ്ങുകള്‍ ആരംഭിച്ചത്. നമസ്‌കാര ശേഷം നടന്ന ഹദീസ് പാഠം സെഷനില്‍ അബ്ദുസ്സലാം ബാഖവി പൊടിയാട് നേതൃത്വം നല്‍കി. ഏഴ് മണിക്ക് നടന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ അബൂബക്കര്‍ സഖാഫി ക്ലാസെടുത്തു.
ഉച്ചക്ക് ഒരു മണിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലൂല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദ്ര്‍ പ്രാര്‍ഥനാ സദസ്സില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്. ശേഷം നടന്ന വിര്‍ദുലത്വീഫ് പാരായണത്തില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
റമസാനിലെ അവസാന നാളുകളിലെ ഓരോ നിമിഷവും വ്യത്യസ്ത ആരാധനകളാല്‍ ധന്യമാക്കുന്നതിനായി വിശ്വാസികള്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഗ്രാന്റ് മസ്ജിദില്‍ ഒരുക്കിയിരിക്കുന്നത്.
പ്രാര്‍ഥനാ സംഗമത്തിനെത്തിയ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്താലും ഇഅ്തികാഫിനാലും മസ്ജിദില്‍ കര്‍മനിരതരായി. ഖലീലുല്‍ ബുഖാരി തങ്ങളുടെ സജീവമായ സാന്നിധ്യം ഗ്രാന്‍മസ്ജിദില്‍ തടിച്ചുകൂടിയ വിശ്വാസി ലക്ഷങ്ങള്‍ക്ക് നവ്യമായ ആത്മീയാനുഭൂതി സമ്മാനിച്ചു. ഇഅ്തികാഫ് ജല്‍സക്കായി എത്തിയ വിശ്വാസികള്‍ക്ക് മഅ്ദിന്‍ കമ്മറ്റി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.

Latest