Connect with us

Malappuram

ഒരുമയുടെയും പങ്ക്‌വെക്കലിന്റെയും നന്‍മ പകര്‍ന്ന് ഇഫ്താര്‍ സംഗമം

Published

|

Last Updated

സ്വലാത്ത്‌നഗര്‍: ഒരുമയുടെയും പങ്ക്‌വെക്കലിന്റെയും നന്‍മയാര്‍ന്ന പാഠങ്ങള്‍ പകര്‍ന്ന് നല്‍കി രാജ്യത്തെ ഏറ്റവും വലിയ ഇഫ്താര്‍സംഗമത്തിനാണ് പ്രാര്‍ഥനാനഗരി സാക്ഷിയായത്.
പ്രാര്‍ഥനയുടെ പുണ്യം തേടിയെത്തിയ വിശ്വാസികള്‍ക്ക് നോമ്പുതുറ ഹൃദ്യമായ അനുഭവമായി മാറി. വൈകുന്നേരത്തോടെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലും വിവിധ നഗരികളിലുമായി നോമ്പുതുറക്ക് വേണ്ടി വിശ്വാസികള്‍ ഒത്തുകൂടി. ഉച്ചയോടെ തന്നെ പ്രാര്‍ഥനാനഗരിയില്‍ സജ്ജമാക്കിയ കൗണ്ടറുകളില്‍ നോമ്പുതുറക്കുള്ള വിഭവങ്ങള്‍ എത്തിക്കൊണ്ടിരുന്നു. വ്രതവിശുദ്ധിയുടെ നിറവില്‍ ആത്മനിര്‍വൃതി തേടിയെത്തിയ വിശ്വാസികളെ വിരുന്നൂട്ടാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളില്‍ പത്തിരികളെത്തിയത് ശ്രദ്ധേയമായി.
കരേക്കാട്, പരപ്പനങ്ങാടി, മുത്തന്നൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം പത്തിരികളാണ് എത്തിച്ചത്. റമസാന്‍ ഒന്നു മുതല്‍ മുപ്പതുവരെ സ്വലാത്ത്‌നഗറില്‍ നടക്കുന്ന സമൂഹനോമ്പുതുറയിലേക്ക് മലപ്പുറം മേഖലയിലെ ആയിരക്കണക്കിന് വീടുകളില്‍ തയ്യാറാക്കുന്ന പത്തിരികളാണ് എത്തിക്കാറുള്ളത്. വിശ്വാസികള്‍ക്ക് പങ്കുവെക്കാനായി പത്തിരിക്കു പുറമെ ഈത്തപ്പഴം, കുബ്ബൂസ്, പൊറോട്ട, മധുരപലഹാരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങളും ധാരാളം പേര്‍ പ്രാര്‍ഥനാനഗരിയിലെത്തിച്ചിരുന്നു.