Connect with us

Malappuram

ജനമൈത്രി പോലീസ് പദ്ധതിയുടെ കാര്യക്ഷമത കുറഞ്ഞതായി പഠനം

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ജനമൈത്രി പോലീസ് പദ്ധതിയുടെ കാര്യക്ഷമത കുറഞ്ഞതായി പഠനം. കേരളാ പോലീസിന് വേണ്ടി മുംബൈ ടാറ്റാ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സാണ് പഠനം നടത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 48 സ്റ്റേഷനുകളിലായി ജനമൈത്രി പോലീസ് ഓഫീസര്‍മാര്‍, പരാതിക്കാര്‍, പൊതു ജനങ്ങള്‍ എന്നിവരില്‍ നിന്ന് പദ്ധതി വിലയിരുത്തി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പഠനം നടത്തിയത്.

പോലീസ് സേനാംഗങ്ങളുടെ കുറവ്, മേല്‍നോട്ടത്തിലെ കുറവ്, ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലമാറ്റം, ആവശ്യത്തിന് വാഹനങ്ങള്‍ ലഭ്യമല്ലാത്തത്, ഫോണ്‍ സൗകര്യങ്ങളുടെ കുറവ് തുടങ്ങിയവയാണ് കാര്യക്ഷമത കുറഞ്ഞതിന് കാരണമായി കണ്ടെത്തിയിട്ടുള്ളത്. ജനമൈത്രി ചുമതലയുള്ള പോലീസുകാര്‍ക്ക് ഇതര ചുമതലകള്‍ നിര്‍വഹിക്കേണ്ടി വരുന്നതും കാര്യക്ഷമതക്ക് തടസ്സം നില്‍ക്കുന്നു. പദ്ധതി ചുമതലയുള്ള 22 ശതമാനം ബീറ്റ് ഓഫീസര്‍മാര്‍ക്ക് ഇനിയും പരിശീലനം ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും ജനമൈത്രി പരിശീലനം നല്‍കുന്നത് പോലീസിനെ കൂടുതല്‍ സൗഹൃദപരമാക്കാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പദ്ധതി നടപ്പിലാക്കിയ സ്റ്റേഷനുകളില്‍ 83 ശതമാനം ജനങ്ങള്‍ക്കും പദ്ധതിയെ കുറിച്ച് ധാരണയുണ്ടെന്ന് പഠനം കണ്ടെത്തി. 2008ല്‍ തുടങ്ങിയ ഈ പദ്ധതി ആദ്യഘട്ടത്തില്‍ 20 സ്റ്റേഷനുകളിലും രണ്ടാം ഘട്ടത്തില്‍ 23 സ്റ്റേഷനുകളിലും മൂന്നാം ഘട്ടത്തില്‍ 105 സ്റ്റേഷനുകളിലും നടപ്പിലാക്കി വരികയാണ്. നാലാം ഘട്ടമായി 100 പോലീസ് സ്‌റ്റേഷനുകളില്‍ കൂടി ഇപ്പോള്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ഏറെ ഗുണകരമാണെന്നും കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ അഭിപ്രായപ്പെട്ടു. പോലീസിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ മനോഭവത്തില്‍ നല്ല വ്യതിയാനമുണ്ടാക്കാനും പോലീസിന് തങ്ങളുടെ ചുമതലകള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള വേദിയൊരുക്കാനും പദ്ധതിക്കായിട്ടുണ്ടെന്ന് പഠനം പറയുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണങ്ങള്‍ തുടങ്ങിയ ജനോപകാരപ്രദമായ മേഖലകളിലേക്ക് പോലീസ് കടന്നുവരാന്‍ ജനമൈത്രി പദ്ധതി ഉപകരിച്ചിട്ടുണ്ട്. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചെപ്പെടുത്താനും പോലീസിന് ജനകീയ മുഖം നല്‍കാനും പദ്ധതി വവിയൊരുക്കി. പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കിയാല്‍ പോലീസിന്റെ ജനാധിപത്യവത്കരണത്തിന് ആക്കം കൂട്ടണമെന്നും പഠനം ശിപാര്‍ശ ചെയ്തു. പഠനത്തിലെ ശിപാര്‍ശകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യം പറഞ്ഞു.

Latest