Connect with us

Articles

ആ ഒരു വാള്‍ മാത്രമായിരുന്നോ അവര്‍ അപഹരിച്ചിരുന്നത്?

Published

|

Last Updated

ഉപരോധമെന്ന അമാന്യമായ ആയുധമുപയോഗിച്ച് ഇഞ്ചിഞ്ചായി വംശഹത്യ ചെയ്ത ഇറാഖിലെ ഇളം തലമറയുടെ ജീവന്‍ ആര്‍ക്ക് തിരിച്ചുനല്‍കാനാകും? പിഞ്ചുമക്കളില്‍ നിന്ന് അപഹരിച്ചെടുത്ത അവരുടെ വര്‍ണാഭമായ ലോകം ഏത് ഒബാമക്കാണ് കൊടുക്കാനാകുക? മനുഷ്യകുലം ഓമനിച്ചും കെട്ടിപ്പുണര്‍ന്നും വളര്‍ത്തിയെടുത്ത മെസപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ മേലെ ആയുധപ്പുരകളിലെ വിറ്റഴിയാത്ത മാരക ബോംബുകള്‍ വര്‍ഷിച്ച് ഛിന്നഭിന്നമാക്കിയത് ഏത് സൈനിക മേധാവിക്ക് തിരിച്ചുനല്‍കാനാകും? ഭൂതവും വര്‍ത്തമാനവും ഭാവിയും അപഹണങ്ങളുടെ ചരിത്രം മാത്രമുള്ള ഒരു രാജ്യം ഒരു വാള്‍ മാത്രം തിരിച്ചുനല്‍കുന്നത് എത്ര മാത്രം അസംബന്ധമാണ്?

2003ലാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശം നടക്കുന്നത്. ലോകത്തെയാകമാനം കരിച്ചുകളയാന്‍ മാത്രം ഭീകരമായ രാസായുധങ്ങള്‍ സദ്ദാം ഹുസൈന്റെ ആയുധപ്പുരകളിലും ഇറാഖിലെ അജ്ഞാതമായ ഇടങ്ങളിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന, “കൃത്യമായ” വ്യാജ നിര്‍മിതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കടന്നുകയറ്റം. അധിനിവേശാനന്തരമുള്ള ഇറാഖ് ആര്‍ക്കാണ് തിരിച്ചറിവ് നല്‍കിയത് എന്ന ചോദ്യത്തിന് പ്രസക്തിയൊന്നുമില്ല. ഇത്തരം അധിനിവേശങ്ങളുടെ അര്‍ഥശൂന്യതയും ഗൂഢതാത്പര്യങ്ങളും ശരിക്കും തിരിച്ചറിയുന്ന അമേരിക്കക്ക് അത്തരം തിരിച്ചറിവ് വേണമെന്ന് ശാഠ്യവുമില്ല. അധിനിവേശം കഴിഞ്ഞ് പത്താണ്ട് പിന്നിടുമ്പോള്‍ അമേരിക്ക സദ്ദാമിന്റെ സ്വര്‍ണ വാള്‍ തിരിച്ചുനല്‍കിയിരിക്കുന്നു. ഇത്തരം പ്രതീകാത്മക കാപട്യങ്ങള്‍ക്ക് മറച്ചുവെക്കാനാകുമോ അമേരിക്ക എന്ന രാജ്യത്തിന്റെ പുരാവൃത്തവും ചരിത്രവും?
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധീശത്വമുറപ്പിക്കാന്‍ നടന്ന കടന്നുകയറ്റങ്ങളുടെ ചരിത്രങ്ങള്‍ വിവിധ തരത്തിലുള്ള അപഹരണങ്ങളുടെ ചരിത്രം കൂടിയാണ്. മനുഷ്യന്റെ അഭിമാനം, സ്ത്രീകളുടെ ചാരിത്ര്യം, ദേശങ്ങളുടെ ചരിത്രം, പുകഴ്‌പെറ്റ സംസ്‌കാരങ്ങള്‍, വിജ്ഞാനശാഖകള്‍, സംസ്‌കൃതിയുടെ ആയിരത്താണ്ടുകളിലൂടെ നേടിയെടുത്ത അമൂല്യമായ സമ്പത്തുകള്‍, മണ്ണറിവുകള്‍, നാട്ടറിവുകള്‍….കടന്നുകയറ്റങ്ങള്‍ക്കിടയില്‍ മോഷ്ടിച്ചെടുക്കപ്പെട്ടവയുടെ ഈ പട്ടിക നീളുകയാണ്. രാജ്യങ്ങളുടെ/ ചക്രവര്‍ത്തിമാരുടെ ആര്‍ത്തി പൂര്‍ത്തിയാക്കാന്‍ ലോകത്ത് നടന്ന അധിനിവേശങ്ങളില്‍ അപഹരിക്കപ്പെട്ട ജീവനുകള്‍ തിട്ടപ്പെടുത്താനാകില്ല. മരിച്ചു വീണ പിഞ്ചുമക്കളുടെയും സ്ത്രീകളുടെയും ശവങ്ങള്‍ക്ക് മേലെ നിന്നായിരുന്നു വിജയിക്കുന്നവരുടെ ആഹ്ലാദങ്ങള്‍ മുഴുവനും. അപഹരിക്കപ്പെട്ട അനേകായിരം ജന്മങ്ങള്‍ ഓരോ അധിനിവേശത്തിലും ചോദ്യചിഹ്നങ്ങളായി.
അമേരിക്കയുടെ ചരിത്രം അധിനിവേശത്തിന്റെയും അതുവഴിയുള്ള അപഹരണത്തിന്റെയും ചരിത്രമാണ്. അമേരിക്കയിലെ തദ്ദേശീയരായ കറുത്തവര്‍ഗക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയും അടിമകളാക്കിയും അരികുവത്കരിച്ചുമാണ് വെളുത്ത അമേരിക്കയുടെ ആധിപത്യം അമേരിക്കയില്‍ ഉടലെടുക്കുന്നത് തന്നെ. നൂറ്റാണ്ടുകളുടെ ജീവിത പാരമ്പര്യമുള്ള കറുത്തവരെ അപരിഷ്‌കൃതരാക്കിയും തൊട്ടുകൂടാത്തവരാക്കിയും അകറ്റിനിര്‍ത്തി അമേരിക്ക സ്ഥാപിച്ചെടുത്ത “ജനാധിപത്യം” ചില പുറം മോഡികള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സമാനമായ രീതിയില്‍ തന്നെയാണ് അമേരിക്കക്കകത്ത് വര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ വെളുത്തവന്റെ മനോഭാവം ഇന്നും അമേരിക്കയില്‍ മാറിയിട്ടില്ല. പ്രസിഡന്റ് ബറാക് ഒബാമ ഈയടുത്ത് കണ്ണില്‍ വെള്ളം നിറച്ച് അത്തരത്തില്‍ അനുഭവിക്കേണ്ടിവന്ന വര്‍ണവിവേചനങ്ങളെ കുറിച്ച് ഒരു പ്രസംഗത്തിനിടെ ഓര്‍ത്തെടുത്തിരുന്നു. അതായത് അമേരിക്ക പറയുന്ന ഈ ജനാധിപത്യത്തിന് അവരിലേക്ക് ചേര്‍ത്തുവെക്കുമ്പോള്‍ മറ്റൊരു അര്‍ഥമാണ്. കറുത്ത വര്‍ഗക്കാരില്‍ നിന്ന് അവര്‍ അപഹരിച്ചെടുത്തതെല്ലാം അവരുടെ ഭാഷയില്‍ നീതിയായിത്തീരുകയും ചെയ്യുന്നു.
ഒമ്പത് വര്‍ഷം നീണ്ടുനിന്ന ഇറാഖ് അധിനിവേശത്തില്‍ അമേരിക്ക ഇറാഖില്‍ നിന്ന് അപഹരിച്ചെടുത്തത് സദ്ദാമിന്റെ ആ ഒരു സ്വര്‍ണവാള്‍ മാത്രമായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ ആ വാര്‍ത്തക്ക് നല്‍കിയ പ്രാധാന്യം കണ്ടാല്‍ തോന്നിപ്പോകുക. ഇടക്കിടെ ഇത്തരം ചില കോപ്രായങ്ങള്‍ കാട്ടി വസ്തുക്കള്‍ തിരിച്ചുനല്‍കുന്നത് വഴി തങ്ങളുടെ കൈകള്‍ ശുദ്ധമെന്ന ബോധം നിര്‍മിച്ചെടുക്കുകയാണ് അമേരിക്ക ചെയ്യുന്നത്. അപ്പോഴും ആ ചോദ്യം അവരെ നോക്കി പല്ലിളിക്കുന്നു; രാസായുധങ്ങളുടെ പേരില്‍ കൊന്നുതള്ളിയ പതിനായിരക്കണക്കിന് മനുഷ്യരെ ആര് തിരിച്ചുനല്‍കും? ഉപരോധമെന്ന അമാന്യമായ ആയുധമുപയോഗിച്ച് ഇഞ്ചിഞ്ചായി വംശഹത്യ ചെയ്ത ഇറാഖിലെ ഇളം തലമുറയുടെ ജീവന്‍ ആര്‍ മടക്കി നല്‍കും? പതിനായിരക്കണക്കിന് പിഞ്ചുമക്കളില്‍ നിന്ന് അപഹരിച്ചെടുത്ത അവരുടെ വര്‍ണാഭമായ ലോകം ആര്‍ തിരിച്ചുനല്‍കും? മനുഷ്യകുലം ഓമനിച്ചും കെട്ടിപ്പുണര്‍ന്നും വളര്‍ത്തിയെടുത്ത മെസപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ മേലെ ആയുധപ്പുരകളിലെ വിറ്റഴിയാത്ത മാരക ബോംബുകള്‍ വര്‍ഷിച്ച് ഛിന്നഭിന്നമാക്കിയത് ഏത് അമേരിക്കന്‍ സൈനിക മേധാവിക്ക് തിരിച്ചുനല്‍കാനാകും? അതെല്ലാം അമേരിക്കയുടെ ഭാഷയില്‍ അപഹരണങ്ങളേയല്ല. “ജനാധിപത്യ”ത്തിന്റെ സുന്ദരമായ ആശയം ലോകത്തിന് “പഠിപ്പിച്ചുകൊടുക്കുന്ന”തിനിടയില്‍ കൊല്ലപ്പെടുന്ന കൊടും തീവ്രവാദികളും ഭീകരവാദികളും മാത്രമായി അവര്‍ ചുരുങ്ങിപ്പോകുന്നു.
2003ല്‍ ആരംഭിച്ച് ഒമ്പത് വര്‍ഷത്തെ ചോര പുരണ്ട കടന്നുകയറ്റത്തിന്റെ അനന്തരഫലമായി ഇറാഖില്‍ മരിച്ചുവീണത് 1,62,000 ആളുകളായിരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ എഴുപത് ശതമാനവും നിരപരാധികളായ സാധാരണക്കാരും. 24 മണിക്കൂറും ലോകത്തെ മുഴുവന്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് വീരവാദം മുഴക്കിയ അമേരിക്കയെ നാണക്കേടിലാക്കിയ സംഭവമായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. പ്രതിരോധ സംവിധാനങ്ങളെ മൊത്തം നോക്കുകുത്തിയാക്കി തങ്ങളുടെ തന്നെ യാത്രാവിമാനങ്ങള്‍, അഭിമാന ഗോപുരങ്ങളും പ്രതിരോധ കേന്ദ്രവും തവിടുപൊടിയാക്കിയത് അമേരിക്കക്ക് വീണു കിട്ടിയ ഒരു അവസരമായിരുന്നു. അല്ലെങ്കില്‍, കൃത്യമായ അജന്‍ഡകളോടെ സൃഷ്ടിച്ചെടുത്ത ഒരു അവസരം. ഇതിന് ശേഷമാണ് ലോകത്തെ മുഴുവന്‍ “കീഴാള” മുസ്‌ലിം രാഷ്ട്രങ്ങളും തങ്ങള്‍ക്ക് അപഹരിക്കാനുള്ള ഇടങ്ങളായി അമേരിക്ക വ്യാഖ്യാനിച്ചെടുക്കുന്നത്. ഇതിനു ശേഷം നടന്ന അഫ്ഗാന്‍ അധിനിവേശത്തില്‍ അമേരിക്ക ഇവിടെ നിന്ന് അപഹരിച്ചെടുത്തത് പതിനായിരങ്ങളുടെ ജീവനായിരുന്നു. ഉസാമാ ബിന്‍ ലാദന്റെ പേരിലായിരുന്നു ആ മനുഷ്യക്കൊയ്‌ത്തെല്ലാം നടത്തിയത്. ഒടുവില്‍ ലാദനെ കണ്ടെത്താനാകാതെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറേണ്ടി വന്നു. ഇതിന് ശേഷം ഭീകരരുടെ ഒളിത്താവളമായി വ്യാഖ്യാനിച്ച് പാക്കിസ്ഥാനില്‍ പൈലറ്റില്ലാത്ത വിമാനങ്ങള്‍ നടത്തിയ ബോംബാക്രമണങ്ങളിലും ആയിരങ്ങള്‍ കൊല്ലപ്പെട്ടു. വിവാഹ സത്കാര പരിപാടികള്‍ക്കിടയിലും വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകള്‍ ഒത്തുകൂടുന്ന പള്ളികളിലും കുഞ്ഞുങ്ങള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലും അവര്‍ “ലാദനെ പ്രതീക്ഷിച്ച്” ബോംബ് വര്‍ഷിച്ചു. പലപ്പോഴും കൈയബദ്ധങ്ങളായി അതിനെ ന്യായീകരിക്കാനും അവര്‍ ധാര്‍ഷ്ട്യം കാണിച്ചു. അപഹരണത്തിന്റെ തോത് മരണ വാര്‍ത്തകളുടെ തോതനുസരിച്ച് കൂടിയും കുറഞ്ഞുകൊണ്ടുമിരിന്നു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ അധിനിവേശമായി കണക്കാക്കുന്ന വിയറ്റ്‌നാം യുദ്ധത്തില്‍ ലക്ഷങ്ങളുടെ ജീവന്‍ അവര്‍ അപഹരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കയോട് അടിയറവ് പറഞ്ഞിട്ടും തങ്ങളുടെ അണുവായുധ പ്രഹരശേഷി തിരിച്ചറിയാന്‍ ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും അണു ബോംബിട്ട് ലക്ഷങ്ങളെ കൊന്നൊടുക്കി. അനേകായിരങ്ങളുടെ ജീവിതം തീരാദുരിതത്തിലാഴ്ത്തി. ചരിത്രത്തില്‍ അമേരിക്ക അപഹരിച്ചെടുത്ത ജീവനുകളുടെ കണക്ക് ഭീതിപ്പെടുത്തുന്നതാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അധനിവേശത്തിന്റെയും അപഹരണത്തിന്റെയും ചരിത്രം. അമേരിക്കയുടെ നിലനില്‍പ്പ് തന്നെ അപഹരിക്കപ്പെട്ട വലിയൊരു ഭൂഖണ്ഡത്തിലാണ് നിലകൊള്ളുന്നത്. ഭൂതവും വര്‍ത്തമാനവും ഭാവിയും അപഹണങ്ങളുടെ ചരിത്രം മാത്രമുള്ള ഒരു രാജ്യം ഒരു വാള്‍ മാത്രം തിരിച്ചുനല്‍കി കൈ കഴുകുന്നത് എത്ര മാത്രം അസംബന്ധമാണ്?ചരിത്രത്തിന്റെ വിചാരണയില്‍ ഈയൊരു വാള്‍ മാത്രം നല്‍കി ആ രാജ്യത്തിന് രക്ഷപ്പെടാനാകില്ല.

 

Latest