Connect with us

Ongoing News

വേണ്ടത് വാഗ്ദാനമല്ല; രേഖാമൂലമുള്ള ഉറപ്പ്

Published

|

Last Updated

തിരുവനന്തപുരം: വാഗ്ദാനങ്ങളല്ല രേഖാമൂലമുള്ള ഉത്തരവാണ് ആവശ്യമെന്ന ഉറച്ച നിലപാടില്‍ പെരുമഴയത്തും ജസീറ സമരത്തില്‍ ഉറച്ചു തന്നെ. തന്റെ ആവശ്യം കാണിച്ച് ജസീറ മുഖ്യമന്ത്രിക്ക് മറുപടി കത്തയച്ചു. അനധികൃതമായി കടല്‍മണലൂറ്റുന്നതിനെതിരെ കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്നെത്തിയ ജസീറ മൂന്ന് മക്കളോടൊപ്പമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ വീട്ടിലേക്ക് തിരിച്ചുപോകാനും കടല്‍മണല്‍ കൊള്ളക്കെതിരെയുള്ള നിയമം നടപ്പാക്കാമെന്നും പഴയങ്ങാടി പോലീസ് ഔട്ട്‌പോസ്റ്റ് ശക്തമാക്കാമെന്നും ജസീറക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളല്ല രേഖാമൂലമുള്ള ഉറപ്പാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജസീറ.

കണ്ണൂര്‍ മാടായി ഗ്രാമത്തിന്റെ തീരം മണല്‍ മാഫിയ ഇല്ലാതാക്കിയിരിക്കുകയാണ്, കടല്‍ക്കരയിലേക്ക് കയറി, നിരവധി വീടുകള്‍ ഭീഷണിയിലാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് സമരമെന്നും തീരദേശ പരിപാലന നിയമം നടപ്പാക്കുന്നതിനുള്ള തീരദേശ വികസന അതോറിറ്റി നിയമം തകിടം മറിക്കുകയാണെന്നും ജസീറ കത്തില്‍ പറയുന്നു. അഴിമതിയാരോപണത്തില്‍ സി ബി ഐ അന്വേഷണം നേരിടുന്നയാള്‍ ചെയര്‍മാനായിരിക്കുന്ന അതോറിറ്റി പിരിച്ചു വിട്ട് നാടിനോട് കൂറുള്ളവരെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നിയമങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടും വരെ സത്യഗ്രഹം തുടരുമെന്നാണ് ജസീറയുടെ നിലപാട്.
ജസീറയുടെ സമരം തുടങ്ങിയത് ഒന്നര വര്‍ഷം മുമ്പാണ്. പഴയങ്ങാടി പോലീസ് സ്റ്റേഷനു മുന്നിലും പിന്നീട് കണ്ണൂര്‍ കലക്ടറേറ്റ് പടിക്കലും സമരം ആരംഭിച്ചു. ഇവര്‍ക്കു കൂട്ടിനായി എന്താണു സമരം എന്നു പോലുമാറിയാത്ത ഒന്നര വയസ്സുള്ള മകനും. സ്‌കൂള്‍ വിട്ടുകഴിയുമ്പോള്‍ രണ്ട് പെണ്‍മക്കളും ഉമ്മക്കൊപ്പം എത്തും. പുതിയങ്ങാടി ജി എം യു പി സ്‌കൂളിലെ എഴാം ക്ലാസ്സുകാരിയാണ് റിസ്‌വാന(13) മുട്ടം എം യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരിയാണ് ശിഫാന(11). ജസീറയുടെ ഭര്‍ത്താവ് അബ്ദുസ്സലാം എറണാകുളത്ത് മദ്‌റസാ അധ്യാപകനാണ്.
ഒടുവില്‍ പഴയങ്ങാടി കടപ്പുറത്ത് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായി. പക്ഷെ ഔട്ട്‌പോസ്റ്റ് പ്രഹസനമായതിനെ തുടര്‍ന്ന് ജൂലൈ 25 മുതല്‍ കലക്ടറേറ്റിനു മുന്നില്‍ സമരം പുനരാരംഭിക്കുകയായിരുന്നു. ഒരു കരയാകെ കടലെടുക്കുന്നുതിനെതിരെയുള്ള പോരാട്ടം അധികാരികള്‍ കണ്ടില്ലെന്നു നടിച്ചതോടെയാണ് സെക്രട്ടേറിയറ്റ് പടിക്കലേക്ക് ജസീറയും കുഞ്ഞുങ്ങളുമെത്തിയത്. കടല്‍ മണല്‍ ഖനനം തടയുന്നതിന് വേണ്ടി സംസ്ഥാന തലത്തില്‍ പോലീസ് സംവിധാനത്തിന് രൂപം നല്‍കുക, തീരദേശ പരിപാലന നിയമം ശക്തമായി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൈക്കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ച് ജസീറ സമരം നടത്തുന്നത്. താന്‍ ഉന്നയിക്കുന്ന പ്രശ്‌നം കേവലം പ്രാദേശിക പ്രശ്‌നമായി മാത്രം കാണരുതെന്ന് ജസീറ പറയുന്നു. വരും തലമുറക്കും പ്രകൃതിക്കും വേണ്ടിയാണ് തന്റെ സമരം.

 

Latest