Connect with us

National

ഐ എ എസ് ഉദ്യോഗസ്ഥരുടെ നിയമനം: ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: യു പിയിലെ അസിസ്റ്റന്റ് കലക്ടര്‍ ദുര്‍ഗാ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നുള്ള വിവാദം കത്തിപ്പടരുന്നതിനിടെ ഐ എ എസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, സസ്‌പെന്‍ഷന്‍ തുടങ്ങിയവക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു. സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന സ്ഥിതി ഒഴിവാക്കാന്‍ വേണ്ടിയാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഐ എ എസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥകാര്യ വകുപ്പാണ് പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാനൊരുങ്ങുന്നത്.
ആള്‍ ഇന്ത്യാ സര്‍വീസ്(ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടങ്ങളില്‍ മാറ്റം വരുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. 1969ലാണ് ഈ ചട്ടം നിലവില്‍ വന്നത്. രാഷ്ട്രീയപ്രേരിതമായോ മറ്റേതെങ്കിലും സ്വാര്‍ഥ താത്പര്യത്തിനോ ഐ എ എസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത് തടയാന്‍ ഈ ചട്ടങ്ങള്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് മന്ത്രാലയം. നിര്‍ഭയമായി ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് നിയമം ഭേദഗതി ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാറ്റങ്ങള്‍ പ്രാബല്യത്തിലാകുകയാണെങ്കില്‍ അത് മറ്റ് അഖിലേന്ത്യാ സര്‍വീസുകളെയും ബാധിക്കും. അതു കൊണ്ട് ഇന്ത്യന്‍ പോലീസ് സര്‍വീസ്( ഐ പി എസ്), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ എഫ് എസ്) എന്നിവയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിശദമായ ചര്‍ച്ച നടക്കും. ആഭ്യന്തര മന്ത്രാലയം, വനം, പരിസ്ഥിതി മന്ത്രാലയം എന്നിവ ചര്‍ച്ചകളില്‍ പങ്കളികളാകും.
ഉത്തര്‍ പ്രദേശ് കേഡര്‍ 2010 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ ദുര്‍ഗാ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിലാണ് നടപടിയെന്ന് അവരെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പള്ളിയുടെ മതില്‍ പൊളിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയതിന്റെ പേരിലാണ് സസ്‌പെന്‍ഷനെന്ന് സര്‍ക്കാറും സമാജ്‌വാദി പാര്‍ട്ടിയും വാദിക്കുന്നു.
ചട്ടങ്ങള്‍ പാലിക്കാതെയാണ് മതില്‍ പൊളിച്ചു നീക്കാന്‍ അസി. കലക്ടര്‍ നിര്‍ദേശം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിഷയം രാഷ്ട്രീയ മുതലടുപ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. മുസ്‌ലിം വികാരം തങ്ങള്‍ക്കനുകൂലമാക്കുകയെന്ന തന്ത്രമാണ് എസ് പി യുടെത്. എന്നാല്‍ കോണ്‍ഗ്രസ് ഐ എ എസ് ഉദ്യോഗസ്ഥക്ക് വേണ്ടി നിലകൊള്ളുകയാണ്. സംഭവത്തെക്കുറിച്ച് വിശദീകരണം തേടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ബി ജെ പിയും ബി എസ് പിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സസ്‌പെന്‍ഷനുകള്‍ തടയാന്‍ ചട്ടങ്ങളില്‍ ഭേദഗതി വേണമെന്ന് 4700 അംഗങ്ങളുള്ള ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനയുടെ പ്രതിനിധികള്‍ പേഴ്‌സനല്‍കാര്യ സഹമന്ത്രി വി നാരായണ സ്വാമിയെ കാണുകയും ചെയ്തിട്ടുണ്ട്.