Connect with us

Ongoing News

സെക്രട്ടേറിയേറ്റ് ഉപരോധം: ഒന്നാം ദിനം സമാധാനം

Published

|

Last Updated

LDF 01*നേരിയ സംഘര്‍ഷം * നഗരം സ്തംഭിച്ചു * 67 ശതമാനം ഹാജരെന്ന് സര്‍ക്കാര്‍ 

* മധ്യസ്ഥതക്ക് മന്ത്രിമാരായ ഷിബുവിനെയും മാണിയെയും ചുമതലപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍ ഡി എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിന് ആവേശകരമായ തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകള്‍ പൂര്‍ണമായും ഉപരോധിച്ചു. പഴുതടച്ചുള്ള പോലീസ് പ്രതിരോധം ഒരു പരിധിവരെ വിജയിച്ചതോടെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഭാഗികമായി നടന്നു. കന്റോണ്‍മെന്റ് ഗെയ്റ്റിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. സമരം തുടങ്ങും മുമ്പ് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ പ്രവേശിച്ചു. പ്രത്യേക മന്ത്രിസഭാ യോഗവും ചേര്‍ന്നു.

അതേസമയം, പ്രതിപക്ഷവുമായി മധ്യസ്ഥ ചര്‍ച്ചക്ക് സര്‍ക്കാര്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിമാരായ കെ എം മാണിയെയും ഷിബു ബേബി ജോണിനെയും മുഖ്യമന്ത്രി നിയോഗിച്ചു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കുക എന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.
സമരാവേശവും സുശക്തമായ പ്രതിരോധവും ഏറ്റുമുട്ടിയെങ്കിലും ആദ്യദിവസം വലിയ സംഘര്‍ഷമൊന്നുമുണ്ടായില്ല. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള പ്രധാന വഴിയായ ബേക്കറി ജംഗ്ഷനില്‍ പോലീസിന് നേരേ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ നിയന്ത്രിച്ച് നേതാക്കള്‍ സംയമനം പാലിച്ചു. പോലീസും കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ ആവും വിധം ശ്രമിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ ഉപരോധം രാത്രി വൈകിയും തുടരുകയാണ്.
സമരം സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിച്ചില്ല. ജീവനക്കാര്‍ പോലിസ് സംരക്ഷണയോടെ സെക്രട്ടേറിയറ്റില്‍ എത്തി. 67 ശതമാനം ജീവനക്കാര്‍ ഹാജരായതായി സര്‍ക്കാര്‍ അറിയിച്ചു. രാവിലെ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ സ്ഥലത്തില്ലാതിരുന്ന അഞ്ച് മന്ത്രിമാര്‍ ഒഴികെയുള്ളവര്‍ പങ്കെടുത്തു. സുരക്ഷക്കായി 20 കമ്പനി കേന്ദ്രസേന തലസ്ഥാനത്തെത്തിയിരുന്നെങ്കിലും ഒരു കമ്പനിയെ മാത്രമാണ് വിന്യസിച്ചത്. അതേസമയം, ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ കണക്കിലെടുത്തും വരുംദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല സി ആര്‍ പി എഫിന് കൈമാറി. ഇന്നലെ വൈകീട്ട് മുതല്‍ സെക്രട്ടേറിയറ്റ് കെട്ടിടവും പരിസരവും പൂര്‍ണമായി സി ആര്‍ പി എഫിന്റെ നിയന്ത്രണത്തിലാണ്.
രാവിലെ പത്ത് മണിക്കാണ് സമരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചതെങ്കിലും ഞായറാഴ്ച രാത്രിയോടെ തന്നെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ വിവിധയിടങ്ങളില്‍ ഇടംപിടിച്ചു. മൂന്ന് ഗേറ്റുകളിലും സമരം അനുവദിച്ചെങ്കിലും കന്റോണ്‍മെന്റ് ഗേറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ഗേറ്റിലൂടെയാണ് രാവിലെ തന്നെ മന്ത്രിസഭാ യോഗത്തിനായി മന്ത്രിമാരും സെക്രട്ടേറിയറ്റ് ജീവനക്കാരും പ്രവേശിച്ചത്. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള എല്ലാ വഴികളും ഞായറാഴ്ച രാത്രിയോടെ പൊലീസ് ബാരിക്കേഡുകള്‍ നിരത്തി അടച്ചിരുന്നു. മറ്റ് ഗേറ്റുകള്‍ക്ക് മുന്നിലെല്ലാം രാവിലെയോടെ തന്നെ ആയിരക്കണക്കിന് സമരക്കാര്‍ അണിനിരന്നു. മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് ഈ ഗേറ്റുകളിലൂടെ കര്‍ശന പരിശോധനക്ക് ശേഷം കടത്തിവിട്ടത്.
മുഖ്യമന്ത്രിയും മന്ത്രിമാരും അതിരാവിലെ തന്നെ ബേക്കറി ജംഗ്ഷന്‍ വഴി കന്റോണ്‍മെന്റ് ഗേറ്റിലൂടെ ഉള്ളില്‍ കടന്നു. മന്ത്രിസഭാ യോഗത്തിനു ശേഷം ആദ്യം മുഖ്യമന്ത്രിയും മന്ത്രിമാരായ കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും ഔദ്യോഗിക വസതികളിലേക്ക് മടങ്ങി. ഇതോടെയാണ് ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം തുടങ്ങിയത്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് ഓഫീസിലേക്ക് തിരികെ പോരേണ്ടിവന്നു.
സമരത്തിന്റെ ഉദ്ഘാടന പരിപാടികള്‍ കഴിഞ്ഞതോടെ ജനങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകി. ഉച്ചക്ക് ശേഷം കന്റോണ്‍മെന്റ് ഗെയ്റ്റിലേക്കുള്ള പാത തുടങ്ങുന്ന ബേക്കറി ജംഗ്ഷനില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. മൂന്ന് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ ജീവനക്കാര്‍ക്ക് പുറത്ത് കടക്കാനായില്ല. ഏതുവിധേനയും തടയുമെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചുനിന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരിട്ടെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പാളയം, വെള്ളയമ്പലം എന്നിവിടങ്ങളിലും പോലീസിന് നേരെ ആക്രമണങ്ങള്‍ ഉണ്ടായി.
സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിന് സമീപം ഉയര്‍ത്തിയ വേദിയില്‍ രാവിലെ പതിനൊന്നോടെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, സി പി ഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി, ആര്‍ എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സി പി എം. പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, സി പി ഐ നേതാക്കളായ വെളിയം ഭാര്‍ഗവന്‍, സി ദിവാകരന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എന്‍ സി പി ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍, കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.