Connect with us

International

നൈജീരിയയില്‍ പള്ളിയില്‍ വെടിവെപ്പ്; 44 മരണം

Published

|

Last Updated

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ പള്ളിയില്‍ വെടിവെപ്പ്. 44 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച സുബ്ഹി നിസ്‌കാരം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബൊര്‍നോ സംസ്ഥാനത്തെ കൊന്‍ഡുഗയിലുണ്ടായ ആക്രമണത്തിന് പിന്നില്‍ നിരോധിത സംഘടനയായ ബോക്കോ ഹറാമാണെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടന്ന വാര്‍ത്ത ഇന്നലെയാണ് ഔദ്യോഗിക വക്താക്കള്‍ പുറത്തുവിട്ടത്. ബോക്കോ ഹറാമും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് ബോര്‍നോ. മൊബൈല്‍ സംവിധാനങ്ങളടക്കം വിച്ഛേദിച്ച മേഖലയിലേക്ക് അക്രമികള്‍ അതിക്രമിച്ച് കടന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് സൈനിക മേധാവികള്‍ അറിയിച്ചു. വാത്താ വിനിമയ സംവിധാനങ്ങള്‍ മരവിപ്പിച്ചത് ആക്രമികള്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചതായും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായും നാട്ടുകാര്‍ വ്യക്തമാക്കി. സൈനിക യൂനിഫോമിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൈജീരിയയില്‍ വിവിധയിടങ്ങളില്‍ ബോക്കോ ഹറാമിനെതിരെ നടക്കുന്ന സൈനിക നടപടിക്കും മറ്റും സഹായവുമായി എത്തിയ ജനജാഗ്രതാ സംഘത്തിലെ ജനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു. ആക്രമണ സമയം ജാഗ്രതാ സംഘത്തില്‍പ്പെട്ട നാല് പേര്‍ പള്ളിയിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. വെടിവെപ്പിനിടെ ഇവര്‍ നാല് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇരുപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ സാധാരണക്കാര്‍ക്ക് നേരെ സമാനമായ ആക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്നും സുരക്ഷ ശക്തമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സൈനിക, പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസിരിച്ച് പ്രധാന നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Latest