Connect with us

National

ടോം ജോസഫിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കുമെന്ന് കായികമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കാതിരുന്ന നടപടി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര കായിക സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സായി ഡയറക്ടര്‍ ജിജി തോംസണും കേരളത്തില്‍നിന്നുള്ള രാജ്യസഭാ അംഗം പി. രാജീവിനുമാണ് അദ്ദേഹം ഇക്കാര്യം ഉറപ്പു നല്‍കിയത്. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് പട്ടികയിലുണ്ടായിട്ടും ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നിഷേധിക്കുന്നത്. ഇതിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്ര കായിക മന്ത്രിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നേരിട്ട് വിളിച്ചു പ്രതിഷേധം അറിയിച്ചിരുന്നു.

അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലുണ്ടായിരുന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജിജി തോംസണ്‍ പാനലിന്റെ ടോമിനെ തള്ളാനുള്ള തീരുമാനത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. യോഗത്തില്‍നിന്ന് അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പിന്നീട് ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മന്ത്രി ജിതേന്ദ്ര സിംഗിനെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ടോം ജോസഫിന് അവാര്‍ഡ് നല്‍കുന്നതു പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു.

Latest