Connect with us

Editors Pick

വഞ്ചനയില്‍പ്പെടുന്നവരുടെ നിരാലംബത

Published

|

Last Updated

നാട്ടില്‍ ഒരു കുടുക്കില്‍പ്പെട്ടാല്‍ ഗള്‍ഫ് മലയാളി എത്രമാത്രം നിരാലംബനായിപ്പോകുമെന്ന് തൃശൂര്‍ ചാഴൂര്‍ സ്വദേശിയും അബുദാബി മുസഫ്ഫയില്‍ ജോലി ചെയ്യുന്നയാളുമായ കെ ബി അനില്‍കുമാറിന്റെ കഥ കണ്ണു തുറപ്പിക്കുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹരജി നോക്കുക:
ഞാനും എന്റെ മൂത്ത സഹോദരന്‍ സുനില്‍ കുമാറും പത്തു വര്‍ഷത്തിലേറെയായി ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. നാട്ടിലെ തറവാട്ടു വീട്ടില്‍ മാതാവ് മീരാഭായിയും ജ്യേഷ്ഠന്റെ ഭാര്യ സരി സുനില്‍കുമാറും എന്റെ ഭാര്യ ശ്രുതിയുമാണുണ്ടായിരുന്നത്. നാട്ടികയില്‍ തറവാട് വകയായി ഒരു ഏക്കറും അതിലൊരു വീടും ഉണ്ട്. എന്റെ പേരില്‍ പതിനൊന്നര സെന്റ് വസ്തു വേറെ. 20012002ല്‍ സ്വന്തം വീട് നിര്‍മാണത്തിനും തറവാട് ഭാഗം വെച്ച വകയില്‍ ജ്യേഷ്ഠന് കൊുക്കാന്‍ വേണ്ടിയും കുറച്ചു തുക ആവശ്യമായി വന്നു. ബേങ്കില്‍ നിന്ന് വായ്പ വാങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഞാനും സഹോദരനും പവര്‍ ഓഫ് അറ്റോര്‍ണി അയച്ചുകൊടുത്തു. ആധാരം പണയം വെച്ച്, ജില്ലാ സഹകരണ ബേങ്ക് തൃപ്രയാര്‍ ശാഖയില്‍ നിന്ന് മാതാവ് നാല് ലക്ഷം രൂപ വായ്പ തരപ്പെടുത്തി.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയ വായ്പ ദേശസാല്‍കൃത ബേങ്കിലേക്ക് മാറ്റുന്ന ഒരു ഫിനാന്‍സ് കമ്പനിയുടെ പരസ്യം കുറച്ചു കഴിഞ്ഞ് ശ്രദ്ധയില്‍പ്പെട്ടു. പ്രസ്തുത വായ്പ സ്‌റ്റേറ്റ് ബേങ്കിലേക്ക് മാറ്റുന്നതിന് വേണ്ടി ഇവരെ സമീപിച്ചു. നാട്ടികയിലുള്ള ഗോപി, പീതാംബരന്‍, കൊച്ചിക്കാരന്‍ ദീപക്, ചേരൂരിലെ മോഹന്‍ദാസ് എന്നിവരാണ് ഫിനാന്‍സ് കമ്പനിയുടെ ആളുകള്‍. ഇവരുടെ നിര്‍ദേശപ്രകാരം, സ്വകാര്യ ബേങ്കില്‍ നിന്ന് ആധാരം പിന്‍വലിക്കാന്‍ പ്രദേശവാസിയായ ഡോ. സേവ്യറുമായി കരാറുണ്ടാക്കി. സേവ്യര്‍ നാലു ലക്ഷം രൂപ എന്റെ ജ്യേഷ്ഠ്യ ഭാര്യ സരിക്കു കൈമാറി.
സരി, പക്ഷേ ബേങ്കില്‍ പണം നിക്ഷേപിച്ചില്ല. ഞങ്ങളോട് പറഞ്ഞിരുന്നത് ബേങ്കില്‍ പണം അടച്ചുവെന്നാണ്. ഒരു വര്‍ഷത്തിനു ശേഷം ബേങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വഞ്ചന അറിയുന്നത്.
ഞാനും ജ്യേഷ്ഠനും ഗള്‍ഫില്‍ വെച്ച് പണം ഒപ്പിച്ച് ബേങ്കിലടക്കാന്‍ അയച്ചുകൊടുത്തു.
ഇതിനിടയില്‍ ഗോപി, മോഹന്‍ദാസ്, പീതാംബരന്‍, ദീപക് എന്നിവര്‍ ആധാരത്തിന്റെ പകര്‍പ്പെടുത്ത് വ്യാജരേഖയുണ്ടാക്കി ഐ സി ഐ സി ഐ കൊച്ചി ശാഖയില്‍ നിന്ന് 10ലക്ഷം രൂപ വായ്പ വാങ്ങിയതായി വിവരം ലഭിച്ചു. പോരാത്തതിന് ചാഴൂരുള്ള വസ്തു കാണിച്ച്, എന്റെ പേരില്‍ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി 14 ലക്ഷം രൂപ വേറെയും വായ്പ വാങ്ങി. അമ്പതര സെന്റ് സ്ഥലത്തിന്റെ ആധാരമാണ് ഇതിനു ബേങ്കില്‍ നല്‍കിയത്. ജ്യേഷ്ഠ ഭാര്യ സരി സുനില്‍കുമാര്‍ ഗൂഢസംഘത്തിനു ഇതിനെല്ലാം കൂട്ടു നിന്നു.
എസ് പി ഓഫീസില്‍ പേഴ്‌സനല്‍ അസിസ്റ്റന്റായ താരാഭായി സരിയുടെ ഇളയമ്മയാണ്. ഇവരും എസ് പിയുടെ സഹോദരിയുടെ മകളും തട്ടിപ്പ് ശൃംഖലയിലുണ്ട്.
എന്റെ ആധാരം ഉപയോഗപ്പെടുത്തി ഈ ഗൂഢസംഘം വേറെയും തട്ടിപ്പു നടത്തിയിട്ടുണ്ട്. ശൃംഖലയില്‍പ്പെട്ട ചിലര്‍ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുന്നു.
ഇതൊക്കെ കാണിച്ച്, ുപോലീസില്‍ പരാതിപ്പെട്ടു. സരി സുനില്‍ കുമാര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ കൂര്‍ക്കഞ്ചേരിയില്‍ ഗുണ്ടകളുടെ സംരക്ഷണത്തിലാണ്. സരി സുനില്‍കുമാര്‍, ഗോപി, മോഹന്‍ദാസ്, പീതാംബരന്‍, ദീപക്, വിന്‍സന്റ് പുത്തന്‍പീടിക, നന്ദകുമാര്‍, ഷാജി പെരിങ്ങോട്ടുകര, യൂസുഫ്, പ്രജീഷ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
അനില്‍കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കിയ പരാതിയുടെ രത്‌നച്ചുരുക്കമാണിത്. ഈ പരാതി സമര്‍പ്പിക്കുന്നതിനു മുമ്പ്, തന്റെ നിസ്സഹായാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അനില്‍ കുമാര്‍, തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ: സാമ്പത്തിക ഇടപാട് തീര്‍ത്തിട്ടും ഈടുകൊടുത്ത രേഖകള്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബ്ലേഡ് മാഫിയകള്‍ കള്ളക്കേസില്‍ കുടുക്കിയതായി പരാതി.
അനില്‍ കുമാറിനു പുറമെ ജി ഹരി, ജി സജി, ഇ എ പ്രതീഷ് കുമാര്‍ തുടങ്ങിയവരും ബ്ലേഡ് കമ്പനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നര്‍ഥം. ഇവരില്‍ മിക്കവരും കള്ളക്കേസില്‍ കുടുങ്ങിയി. അനില്‍ കുമാറും ഇതേതരത്തില്‍ വഞ്ചിക്കപ്പെട്ടു. പക്ഷേ, അനില്‍ കുമാര്‍, ഒരു അഭിഭാഷകന്റെ സഹായത്തോടെ ഗള്‍ഫിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
അനില്‍ കുമാറിന്റെ വിഷമാവസ്ഥ യു എ ഇയിലെ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കയാണ്. പക്ഷേ, അനില്‍ കുമാറിനെ വഞ്ചിച്ച ഗൂഢ സംഘം പോലീസിലും രാഷ്ട്രീയരംഗത്തും പിടിപാടുള്ളവരാണത്രെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടും രക്ഷയില്ലെന്ന് അനില്‍ കുമാര്‍ പറയുന്നു.
അനില്‍ കുമാറിനെപ്പോലെ, വഞ്ചിക്കപ്പെടുന്നവര്‍ ഗള്‍ഫില്‍ കുറച്ചൊന്നുമല്ല. ബന്ധുക്കളാണ് പലപ്പോഴും ചതിക്കുന്നത്. നാട്ടില്‍ സ്ഥിരതാമസമുള്ളവര്‍ക്ക്, ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പം. തറവാട് വീതം വെക്കുമ്പോള്‍ ഗള്‍ഫ് മലയാളിക്ക് നക്കാപ്പിച്ചയാണ് ലഭിക്കുക. പലരും കുടുംബത്തിന്റെ സല്‍പേര് നിലനിര്‍ത്താന്‍ നിശബ്ദത പാലിക്കും.
അനില്‍ കുമാറിനെയും മാതാവിനെയും വഞ്ചിച്ചത് ജ്യേഷ്ഠ ഭാര്യയാണത്രെ. റാക്കറ്റില്‍പ്പെട്ട ഒരു റിട്ട. എസ് ഐയുടം ബാംഗ്ലൂരിലെ വസതി കേന്ദ്രീകരിച്ചും തട്ടിപ്പ് നടന്നിട്ടുണ്ടത്രെ.
പല പോലീസുദ്യോഗസ്ഥരും മാഫിയ ഗൂഢസംഘങ്ങളുടെ ഭാഗമാണ്. ഗള്‍ഫുകാരെ വഞ്ചിക്കുന്ന സംഘം പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തട്ടിപ്പിലൂടെ കോടികളാണ് സമ്പാദിക്കുന്നത്. ഗള്‍ഫില്‍ നിന്ന്, അവധിക്ക് നാട്ടിലെത്തിയാല്‍, അധികകാലം നാട്ടില്‍ ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യത്തെയാണ് ഇവര്‍ മുതലെടുക്കുന്നത്.
കെ എം അബ്ബാസ്

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest