Connect with us

International

ഈജിപ്തില്‍ സംഘര്‍ഷം തുടരുന്നു:മരണം 658

Published

|

Last Updated

കൈറോ: ഈജിപ്തില്‍ ഇടക്കാല സര്‍ക്കാറിനും സൈന്യത്തിനുമെതിരെ ബ്രദര്‍ഹുഡ് നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 638 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സൈനിക ഇടപെടലില്‍ സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് ഭരണം തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി നടക്കുന്ന പ്രക്ഷോഭമാണ് രൂക്ഷമായ ഏറ്റുമുട്ടലില്‍ കലാശിച്ചത്. സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ച് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ തലസ്ഥാനമായ കൈറോയിലെ രണ്ട് ചത്വരങ്ങളില്‍ ക്യാമ്പ് ചെയ്തതോടെയാണ് ബുധനാഴ്ച സൈന്യം അടിച്ചമര്‍ത്തല്‍ നടപടി ആരംഭിച്ചത്. സൈന്യത്തിന്റെ ആക്രമണത്തില്‍ 3,994 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്ന ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
നൂറു കണക്കിന് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മയ്യിത്തുകള്‍ പലയിടത്തും കൂട്ടത്തോടെ ഖബറടക്കിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടി നടന്ന പ്രക്ഷോഭ ക്യാമ്പുകള്‍ വിജനമാണ്. ഏറെ പ്രയാസകരമായ ദിനമാണിതെന്നും പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇടക്കാല പ്രസിഡന്റ് ഹസീമുല്‍ ബബ്‌ലാവി അറിയിച്ചു.
അതിനിടെ, പ്രക്ഷോഭകരും സൈന്യവും തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 38 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രദര്‍ഹുഡ് നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൈറോക്ക് സമീപത്തെ ഇസ്മാഈലിയയിലാണ് ആക്രമണം നടന്നത്. ഇവിടുത്തെ റാംസെസ് ചത്വരത്തില്‍ തമ്പടിക്കാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൈറോയിലെ റാബിഅത്തുല്‍ അദ്‌വിയയിലും അന്നഹ്ദ ചത്വരത്തിലുമാണ് ബുധനാഴ്ച ശക്തമായ സൈനിക നടപടി ഉണ്ടായത്. കഴിഞ്ഞ മാസം മുഹമ്മദ് മുര്‍സി പുറത്താക്കപ്പെട്ടത് മുതല്‍ ഈ രണ്ട് ക്യാമ്പുകളും കേന്ദ്രീകരിച്ച് ബ്രദര്‍ഹുഡ് ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിവരികയായിരുന്നു. ഇടക്കാല സര്‍ക്കാറില്‍ അംഗമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള സൈന്യത്തിന്റെ നിരന്തരമായ ആവശ്യം തള്ളിയ ബ്രദര്‍ഹുഡ് നേതാക്കള്‍ സൈനിക തടവറയിലുള്ള മുര്‍സിയെ വിട്ടയച്ച് അദ്ദേഹത്തിന് ഭരണം നല്‍കണമെന്നുമുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിന് ശേഷം ബ്രിട്ടനടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇരുനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. മധ്യസ്ഥ ശ്രമത്തിനായി ഇടക്കാല സര്‍ക്കാര്‍ നല്‍കിയ പത്ത് ദിവസത്തെ അവധി കഴിഞ്ഞതിന് ശേഷം പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. “നാളത്തെ പ്രഭാതത്തിന് മുമ്പ് ക്യാമ്പുകളില്‍ നിന്ന് ഒഴിയണം.” എന്ന ആവശ്യം സൈനിക നേതാക്കള്‍ പലകുറി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

 

Latest