Connect with us

Kerala

എസ് എസ് എഫ് മദ്‌റസാ പ്രവേശനോത്സവം വര്‍ണാഭമായി

Published

|

Last Updated

കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിന് മതകലാലയങ്ങളിലെത്തിയ പതിനായിരക്കണക്കിന് നവാഗതരായ കുരുന്നുകള്‍ക്ക് എസ് എസ് എഫ് പ്രവേശനോത്സവങ്ങള്‍ വിസ്മയം തീര്‍ത്തു. റമളാന്‍ അവധിക്കുശേഷം മദ്രസകള്‍ പുനരാരംഭിച്ച ശനിയാഴ്ച സംസ്ഥാന വ്യാപകമായി മദ്രസകള്‍ കേന്ദ്രീകരിച്ച് എസ് എസ് എഫ് പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചത്. മദ്രസകള്‍ വര്‍ണാഭമായി അലങ്കരിച്ചും മധുരം നല്‍കിയും ദഫ് അടക്കമുള്ള വിവിധ കലാപരിപാടികളുടെ അകമ്പടിയോടുംകൂടിയാണ് നവാഗതരെ പുതുവര്‍ഷത്തിലേക്ക് വരവേറ്റത്. സുന്നി വിദ്യാഭ്യസ ബോര്‍ഡിന്റെയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമിന്റെയും എസ് എം എയുടെയും സഹകരണത്തോടെയാണ് എസ് എസ് എഫ് സംസ്ഥാനത്തെ മദ്രസകളില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചത്.

“വിദ്യയുടെ വിളക്കത്തിരിക്കാം” എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച മതവിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായാണ് പ്രവേശനോത്സവങ്ങള്‍ നടന്നത്. സംസ്ഥാനതല ഉദ്ഘാടനം കൊടുവള്ളി കരുവമ്പൊയില്‍ സ്വിറാത്തുല്‍ മുസ്തഖീം മദ്രസയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മദ്രസയില്‍ നവാഗതരായെത്തിയ കുരുന്നുകള്‍ക്ക് കാന്തപുരം ആദ്യാക്ഷരം കുറിച്ചു.

സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് ജെ എം സംസ്ഥാന സെക്രട്ടറി അബൂഹനീഫല്‍ ഫൈസി അഭിവാദ്യം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, എ കെ സി മുഹമ്മദ് ഫൈസി, പി വി അഹ്മദ് കബീര്‍, അലവി സഖാഫി കായലം പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ അബ്ദുല്‍ കലാം സ്വാഗതവും അബ്ദുറശീദ് സഖാഫി കുറ്റിയാടി നന്ദിയും പറഞ്ഞു.