Connect with us

Articles

വേണം കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം

Published

|

Last Updated

1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ കൃഷിക്കാരുടെ കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്ന എ കെ ആന്റണി മന്ത്രിസഭയുടെ തീരുമാനം കേരളത്തിലെ സകല കക്ഷികളുടെയും സമ്മതപ്രകാരം എടുത്ത സുപ്രധാന നടപടിയായിരുന്നു. എന്നാല്‍, നാളിതേവരെയായി ഈ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന ദുഃഖകരമായ സാഹചര്യം നിലനില്‍ക്കെ, കൈവശഭൂമിക്ക് ഇനിയും ഉടമസ്ഥാവകാശം ലഭിക്കാത്ത പതിനായിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ ഇപ്പോഴും ആശങ്കയുടെ ആഴക്കടലിലാണെന്ന വസ്തുത കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തിന് എങ്ങനെ ഉള്‍ക്കൊള്ളാനാകും? ഇതിനെ ആര്‍ക്ക് ന്യായീകരിക്കാനാകും?
വനമേഖലയോടുചേര്‍ന്ന പ്രദേശങ്ങളിലെ കര്‍ഷക കുടിയേറ്റത്തിന് പതിറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാനുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണമുള്ള രാജഭരണകാലത്തും തുടര്‍ന്ന് ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷവും മലയോര മേഖലയിലേക്കുള്ള കര്‍ഷകരുടെ കുടിയേറ്റം സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അതാത് കാലങ്ങളില്‍ നിലവിലിരുന്ന ഭരണകൂടങ്ങളുടെ സമ്പൂര്‍ണ പിന്തുണയും കുടിയേറ്റം നടത്തുന്നതിനായി കര്‍ഷകര്‍ക്കുണ്ടായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല. ഭക്ഷ്യക്ഷാമം മറികടക്കാനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാനും കൃഷിയിടങ്ങളുടെ വിപുലീകരണവുമുദ്ദേശിച്ചാണ് കര്‍ഷക കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നത്. അധ്വാനം മൂലധനമാക്കി നാട്ടിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ട ജിവിതം കെട്ടിപ്പടുക്കാമെന്ന സ്വപ്‌നവും പേറി മധ്യതിരുവിതാംകൂര്‍ പ്രദേശത്തുനിന്നും ധാരാളം ആളുകള്‍ ഇന്നത്തെ ഇടുക്കി, വയനാട്, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വനമേഖലയുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെത്തി കൃഷി ആരംഭിച്ചു. പരിചിതമല്ലാത്ത ജീവിത സാഹചര്യങ്ങളിലേക്കുള്ള ഒരു പറിച്ചു നടീല്‍തന്നെയായിരുന്നു അത്. മണ്ണും കാലാവസ്ഥയും പ്രകൃതിയും മഹാരോഗങ്ങളുമെല്ലാം പ്രതികൂലമായി നിന്നപ്പോഴും ഇച്ഛാശക്തിയും അധ്വാനശേഷിയും കൈമുതലാക്കി ആയിരക്കണക്കിന് കുടുംബങ്ങള്‍ നടത്തിയ ഭഗീരഥപ്രയത്‌നത്തിന്റെ ബാക്കിപത്രമാണ് മലയോരങ്ങളിലെ ഇന്നത്തെ ജനവാസമേഖലകളും കൃഷിയിടങ്ങളും. തരിശിടങ്ങളിലെല്ലാം കൃഷി ഇറക്കിക്കൊണ്ടാണ് കേരളത്തിലെ കൃഷിക്കാര്‍ മലമടക്കുകളെ ഹരിതാഭമാക്കി മാറ്റിയത്. അവരുടെ ഏറ്റവും വലിയ എതിരാളി രോഗങ്ങളായിരുന്നു. ചികിത്സ ലഭിക്കാതെ എത്രയോ പാവങ്ങള്‍ മലമടക്കുകളില്‍ കിടന്നു നരകയാതനയനുഭവിച്ചു മരിച്ചു. അവശേഷിച്ചവര്‍ രോഗങ്ങളോട് മല്ലിട്ടും കാലാവസ്ഥയുടെ വെല്ലുവിളികള്‍ നേരിട്ടും വിരചിച്ചെടുത്ത വിജയഗാഥയാണ് നമ്മുടെ മലയോര മേഖലയുടെ ഫലഭൂയിഷ്ഠത എന്ന് ഉറപ്പിച്ച് പറയാം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കുടിയേറ്റ മേഖലകളില്‍ മനുഷ്യ ജീവിതം തളിരിട്ടത്. ഇന്നത്തെ ലോകത്തിന് ലഭ്യമായിട്ടുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളുടെയും തുണയില്ലാതെ കുടിയേറ്റ മേഖലകളില്‍ നടന്ന മനുഷ്യപ്രയത്‌നം ഇന്നത്തെ തലമുറക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
1957-ല്‍ ഐക്യകേരളം രൂപം കൊള്ളുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ 29% കൂടുതല്‍ വനവിസ്തൃതി സംസ്ഥാനത്ത് ഇന്ന് ഉണ്ടാക്കാനായത് കുടിയേറ്റ കര്‍ഷകര്‍ പ്രകടിപ്പിച്ച മുന്‍കരുതലുകളും ദേശസ്‌നേഹവും സത്യസന്ധതയും ഒന്നുകൊണ്ടുമാത്രമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ വ്യാപകമായ വനം കൈയേറ്റങ്ങളുടെയും വന നശീകരണത്തിന്റെയും ഭാഗമായി വനവിസ്തൃതിയും പാരിസ്ഥിതിക പ്രദേശങ്ങളുടെ ശോഷിപ്പും വ്യാപകമായപ്പോള്‍ കേരളത്തില്‍ മാത്രം നിലവിലുണ്ടായിരുന്ന വനവിസ്തൃതി വര്‍ധിച്ചു എന്നത് നിസ്സാര കാര്യമല്ല. വനസംരക്ഷണവും വനവത്കരണവും ഉള്‍ക്കാഴ്ചയോടെ നിറവേറ്റിയവരാണ് കേരളത്തിലെ കുടിയേറ്റ കൃഷിക്കാര്‍. അവരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് കൈവശ ഭൂമിയില്‍ നിന്നും ഇറക്കിവിട്ട് അപമാനിക്കാനുള്ള പരിശ്രമങ്ങള്‍ ഒട്ടേറെ കോണുകളില്‍ നിന്നും കപടലക്ഷ്യങ്ങളോടെ നടക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതില്‍ മുന്നിട്ടു നില്‍ക്കുന്നത് സ്ഥാപിത താത്പര്യക്കാരായ ചില ഫോറസ്റ്റ് ഉന്നതരും വിഷയം പഠിക്കാത്ത ചില രാഷ്ട്രീയവേഷങ്ങളും ഏതാനും പരിസ്ഥിതിവാദികളായി പ്രവര്‍ത്തിക്കുന്നവരുമാണ്.
പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി വാദവും പരിഷ്‌കൃത സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്ത ജനബന്ധിയായ കര്‍ത്തവ്യനിര്‍വഹണമാണ്. എന്നാല്‍, ഈ മേഖലയില്‍ ആത്മാര്‍ഥതയോടെയും സ്വയം സമര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിക്കുന്ന വിദേശ പരിസ്ഥിതിപ്രേമികളുടെ കൂട്ടായ്മകളില്‍ നിന്നും പണം ചോര്‍ത്തിയെടുക്കുക എന്ന ഏക ലക്ഷ്യത്തോടെ കേരളത്തില്‍ ഒട്ടേറെ കപടപരിസ്ഥിതിവാദികളും കടലാസ് സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കണ്ണ് പണത്തിലും വിദേശ ഫണ്ടിലും മാത്രമാണ്. കുളിക്കാതെയും നനക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചും താടിയും മുടിയും നീട്ടി വളര്‍ത്തി തോളിലൊരു മുഷിഞ്ഞ സഞ്ചിയും തൂക്കിയിട്ടാല്‍ ആര്‍ക്കും പരിസ്ഥിതിവാദി ആകാമെന്ന നിലവാരത്തില്‍ നിന്നും പരിസ്ഥിതിവാദത്തെ ഉയര്‍ത്താന്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ സംഘടനകളും വ്യക്തികളും തയ്യാറാകണം. അതല്ലെങ്കില്‍ കര്‍ഷകവിരുദ്ധ സമീപനമായി പരിസ്ഥിതിവാദം കേരളത്തിന്റെ സാഹചര്യങ്ങളില്‍ ചിത്രീകരിക്കപ്പെടും. മൂക്കിനു താഴെ നീര്‍ത്തടങ്ങളും വയലേലകളും നികത്തിയെടുക്കുന്നതു കണ്ടിട്ടും ഒരക്ഷരം മിണ്ടാത്തവര്‍ ഇതേവരെ കണ്ടിട്ടുപോലും ഇല്ലാത്ത മേഖലകളിലെ പ്രദേശങ്ങളും പരിസ്ഥിതി സംരക്ഷിക്കണമെന്ന മുറവിളി കൂട്ടുന്ന വിചിത്രസാഹചര്യങ്ങളില്‍ നിന്നും പരിസ്ഥിതിവാദം പുറത്തുവരണം. വികസനവിരുദ്ധ സമീപനമല്ല പരിസ്ഥിതിവാദം. പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതികളുടെ യഥാര്‍ഥ ഉദ്ദേശ്യശുദ്ധി ഇന്ന് സംശയത്തിന്റെ മുള്‍മുനയിലാണ്. അതിന് പ്രധാന കാരണങ്ങളിലൊന്ന് കേരളത്തിലെ പരിസ്ഥിതി സംരക്ഷണവാദത്തിന്റെ പിന്നില്‍ നില്‍ക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പ്രവര്‍ത്തനശുദ്ധി ഇല്ലായ്മമാത്രമാണ്. മനുഷ്യന്റെ ആവാസ മേഖലകളുടെ അടിത്തറ തന്നെ ഇളക്കും വിധത്തിലും കേരളീയ കാര്‍ഷിക മേഖലയുടെ നട്ടെല്ലിനേയും സമ്പദ്ഘടനയുടെ നിലനില്‍പ്പിനേയും ചോദ്യം ചെയ്യത്തക്കവിധം തയ്യാറാക്കപ്പെട്ട പ്രസ്തുത റിപ്പോര്‍ട്ടുകളും സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
മനുഷ്യവാസത്തിനും കാര്‍ഷിക മേഖലക്കും ദോഷം വരാത്ത പരിസ്ഥിതി സംരക്ഷണം അതാണ് കേരളത്തിനാവശ്യം. അക്കാര്യം പ്രായോഗികമാക്കാന്‍ കൃഷിക്കാരുടെ അരക്ഷിതാവസ്ഥയും ആശങ്കകളും മാറണം. പതിറ്റാണ്ടുകളായി അവര്‍ പ്രയത്‌നശേഷി വിനിയോഗിച്ച് കനകം വിളയിച്ചെടുത്ത കൈവശഭൂമിക്ക് ഉപാധിരഹിത ഉടമസ്ഥാവകാശം ലഭ്യമാക്കുക തന്നെ വേണം. അതിലൂടെ മാത്രമേ അവരില്‍ ആത്മവിശ്വാസം ജനിപ്പിക്കാനാകൂ.
ഭരണകൂട പിന്തുണയോടെ കൃഷിക്കാര്‍ നടത്തിയ അര്‍പ്പണബോധത്തോടെയുള്ള പ്രയത്‌നമാണ് കേരളത്തിന്റെ ഹരിതശോഭയുടെ ഉള്‍ക്കാമ്പ്. അവരുടെ സത്യസന്ധതയാണ് വര്‍ധിച്ച വനവിസ്തൃതിയുടെ കണക്കുകള്‍. അവരുടെ ജാഗ്രതയാണ് വനനശീകരണ പ്രവര്‍ത്തനങ്ങളെ ചെറുത്തത്. അവരുടെ ദീര്‍ഘവീക്ഷണമാണ് വനവത്കരണത്തെ ശക്തിപ്പെടുത്തിയത്. പാരിസ്ഥിതിക പ്രാധാന്യമുള്ള കേരളത്തിലെ പ്രദേശങ്ങള്‍ ഈ വിധത്തില്‍ ഇങ്ങനെ നിലനില്‍ക്കുന്നതിന്റെ കാരണം കുടിയേറ്റ കര്‍ഷകര്‍ സ്വീകരിച്ചു ജാഗ്രത ഒന്നുമാത്രമാണ്.
കാര്‍ഷിക മേഖലയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയതാണ് കേരളത്തിന്റെ സമ്പദ്ഘടന. അതിനെ പരിപോഷിപ്പിക്കാനും സംസ്ഥാനത്തിന്റെ കലവറകള്‍ നിറച്ച് മനുഷ്യരെ തീറ്റിപ്പോറ്റാനും അധ്വാനിക്കുന്ന കൃഷിക്കാരുടെ അഭിമാനബോധത്തെ ഇനിയും അവഹേളിക്കരുത്. കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നു പോലും കനകം വിളയിച്ചെടുത്തവന്റെ ക്ഷമാശീലത്തെ പരീക്ഷിക്കരുത്. ഒരു വലിയ അതിജീവന സമരത്തിലേക്ക് കേരളത്തിലെ കുടിയേറ്റ കര്‍ഷകരെ തള്ളിവിടരുത്. അതിനാവശ്യം അവരുടെ കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം ഉടന്‍ ലഭ്യമാക്കുക എന്നത് മാത്രമാണ്.

Latest