Connect with us

Kerala

അട്ടപ്പാടിയില്‍ കുറുംബ പാക്കേജ് അട്ടിമറിക്കുന്നു

Published

|

Last Updated

പാലക്കട്: പ്രാക്തന ഗോത്ര വര്‍ഗക്കാരുടെ സമഗ്ര വികസനത്തിനായി കൊണ്ടുവന്ന കുറുംബ പാക്കേജ് അട്ടപ്പാടിയില്‍ അട്ടിമറിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് 148 കോടിയുടെ പദ്ധതി കൊണ്ടുവന്നത്. ഇതില്‍ 16 കോടി രൂപയാണ് അട്ടപ്പാടിക്ക് അനുവദിച്ചത്. കുറുംബ വിഭാഗത്തിലെ 19 ഊരുകളുടെ സമ്പൂര്‍ണ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ അഹാഡ്‌സിനെ ചുമതലപ്പെടുത്തുകയും ഒരു കോടി രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു.

2014ല്‍ കാലാവധി അവസാനിക്കുന്ന ഈ പദ്ധതിക്കായി ഒരു പ്രവര്‍ത്തനവും ഇപ്പോള്‍ നടക്കുന്നില്ല. ഊരു കൂട്ടങ്ങള്‍ കൂടി എന്നാണ് നോഡല്‍ ഓഫീസര്‍ പറയുന്നത്. നോഡല്‍ ഓഫീസറുടെ കേന്ദ്രമാകട്ടെ കോഴിക്കോട്ടും. വെള്ളവും വെളിച്ചവും വഴിയും വീടുമില്ലാതെ കൊടും കാട്ടില്‍ കഴിയുന്ന കുറുംബരുടെ ജീവിതം വളരെ ദുരിതത്തിലാണ്. രോഗബാധിതര്‍ ആശുപത്രികളില്‍ പോകാതെ കൂരകളില്‍ കഴിയുകയാണ്. അഗളിയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരമുള്ള ആനവായ് ഊര് കഴിഞ്ഞാല്‍ കാട്ടിലൂടെ നടന്നുവേണം മറ്റ് ഊരുകളില്‍ എത്താന്‍. ആനവായില്‍നിന്ന് ചിണ്ടക്കി വരെ ജീപ്പില്‍ പോകാമായിരുന്നു. പട്ടിക വര്‍ഗ വകുപ്പിന്റെ അനാസ്ഥ കാരണം അതിനും കഴിയാതായി.
രോഗം ബാധിച്ചവരെ മുളംതണ്ടില്‍ ചാക്ക് കെട്ടി, അതില്‍ കിടത്തിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഏതാനും ദിവസം മുമ്പ് കടുകുമണ്ണ ഊരില്‍ എട്ട് വയസ്സുകാരന് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വനത്തിലൂടെ 14 കിലോമീറ്റര്‍ നടന്നാണ് ആശുപത്രിയിലെത്തിച്ചത്. ചിണ്ടക്കി ആനവായ് റോഡിലൂടെ കാല്‍നടയാത്ര പോലും സാഹസികമാണ്. റോഡിന്റെ നിര്‍മാണത്തിനായി മൂന്ന് തവണ എസ്റ്റിമേറ്റ് പുതുക്കി നല്‍കിയെങ്കിലും നിര്‍മാണം പുനരാരംഭിച്ചില്ല. ഇതിനിടെ പഴയ കരാര്‍ ഉപേക്ഷിച്ച് പുതുതായി ടെണ്ടര്‍ വിളിച്ച് റോഡ് നിര്‍മാണം ആരംഭിക്കാന്‍ പട്ടിക വര്‍ഗവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. 16 കോടിയുടെ കുറുംബ പാക്കേജില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഒമ്പതര കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. മുമ്പ് റോഡ് നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കരാറുകാരനെതിരെ നടപടിയൊന്നും സ്വീകരിക്കാതെയാണ് അതേ റോഡ് വീണ്ടും നവീകരിക്കുന്നത്. അതേ സമയം റോഡ് നിര്‍മാണത്തെ കുറിച്ച് അറിയില്ലെന്നാണ് കുറുംബ പാക്കേജ് നോഡല്‍ ഓഫീസര്‍ പറയുന്നത്.

Latest