Connect with us

International

ഹുസ്‌നി മുബാറക് ജയില്‍ മോചിതനായേക്കും

Published

|

Last Updated

കൈറോ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് ജയില്‍ മോചിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. മുബാറക്കിന് മേല്‍ ചുമത്തിയ അഴിമതി കേസുകളിലുള്ള വിചാരണ നിര്‍ത്തിവെച്ച് കേസില്‍ കുറ്റവിമുക്തനാക്കാന്‍ കൈറോയിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. മുബാറക്കിന്റെ ജയില്‍ മോചനം വേഗത്തിലാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2011ലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താകുകയും പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത മുബാറക്ക് ജയില്‍ മോചിതനായാല്‍ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 85കാരനായ മുബാറക്കും അദ്ദേഹത്തിന്റെ മക്കളായ ജമാല്‍ മുബാറക്ക്, അഅ്‌ലാ മുബാറക്ക് എന്നിവരും ഉടന്‍ ജയില്‍ മോചിതരാകുമെന്നാണ് റിപ്പോര്‍ട്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുബാറക്ക് പുനര്‍വിചാരണക്കായി മാസങ്ങള്‍ക്ക് മുമ്പ് കോടതിയെ സമീപിച്ചിരുന്നു. മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്തായിരുന്നു പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടിരുന്നത്.
ഭരണാധികാരിയായിരിക്കെ കോടിക്കണക്കിന് ഡോളറിന്റെ അഴിമതി നടത്തുകയും ജനകീയ പ്രക്ഷോഭത്തിനിടെ നൂറ് കണക്കിനാളുകളെ കൊലപ്പെടുത്തിയതുമടക്കമുള്ള നിരവധി കേസുകള്‍ മുബാറക്കിന് മേല്‍ നിലവിലുണ്ട്. എന്നാല്‍ ഈ കേസുകളില്‍ നിന്നെല്ലാം മുബാറക്കിനെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രണ്ട് ദിവസത്തിനിടെ അദ്ദേഹം ജയില്‍ മോചിതനാകുമെന്നും മുബാറക്കിന്റെ അഭിഭാഷകന്‍ ഫരീദ് അല്‍ ദീപ് വ്യക്തമാക്കി. മുബാറക്കിനെ ജയില്‍ മോചിതനാക്കാനുള്ള കോടതി നടപടിക്കെതിരെ ബ്രദര്‍ഹുഡ് നേതൃത്വം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.