Connect with us

Sports

ഗോള്‍ വര്‍ഷിച്ച് ബാഴ്‌സയുടെ തുടക്കം

Published

|

Last Updated

മാഡ്രിഡ്: ചാമ്പ്യന്‍ ടീം ബാഴ്‌സലോണ ലാ ലീഗ സീസണിന് ഗംഭീര വിജയത്തോടെ തുടക്കമിട്ടു. മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ദുര്‍ബലരായ ലെവന്റെയെ കീഴടക്കിയാണ് കറ്റാലന്‍ ടീമിന്റെ വിജയം. ബാഴ്‌സലോണയുടെ മുഖ്യ എതിരാളി റയല്‍ മാഡ്രിഡും വിജയത്തോടെ തുടങ്ങി. ബെറ്റിസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവര്‍ രക്ഷപ്പെടുകയായിരുന്നു.
ആദ്യ പകുതിയില്‍ തന്നെ ആറ് തവണ വല ചലിപ്പിച്ച് പുതിയ പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോയെ സ്വന്തം മൈതാനമായ നൗ കാമ്പില്‍ ഉജ്ജ്വല വിജയത്തോടെ ബാഴ്‌സ വരവേറ്റു. പെഡ്രോ, സൂപ്പര്‍ താരം ലയണല്‍ മെസ്സി എന്നിവരുടെ ഇരട്ട ഗോള്‍ പ്രകടനങ്ങളാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്. ഒപ്പം അലക്‌സിസ് സാഞ്ചസ്, ഡാനി ആല്‍വ്‌സ്, ചാവി എന്നിവരുടെ ഗോളുകളും ബാഴ്‌സക്ക് കരുത്തായി. അതേ സമയം ബാഴ്‌സലോണയുടെ കുപ്പായത്തില്‍ ആദ്യ ലാലീഗ പോരാട്ടത്തിനിറങ്ങിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ഇറങ്ങിയത്. നെയ്മര്‍ ഇറങ്ങിയ സമയത്ത് ബാഴ്‌സ വിജയത്തിനാവശ്യമായതെല്ലാം നേടിയിരുന്നു. അതേസമയം ആദ്യ മത്സരത്തില്‍ തന്നെ ബ്രസീല്‍ താരത്തിന് മഞ്ഞ കാര്‍ഡ് കിട്ടുകയും ചെയ്തു.
ആദ്യ ഇലവനില്‍ ഇനിയെസ്റ്റ, ആല്‍ബ എന്നിവരില്ലാതെയാണ് മാര്‍ട്ടിനെസ് ടീമിനെ വിന്യസിപ്പിച്ചത്. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ബാഴ്‌സലോണ വല ചലിപ്പിച്ചു. അലക്‌സിസ് സാഞ്ചസാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പെഡ്രോ ഫാബ്രിഗാസിന് നല്‍കിയ പന്ത് അലക്‌സിസ് സാഞ്ചസിന് മറിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്ന ലെവന്റെ സ്വന്തം പകുതിയില്‍ നിന്ന് മുന്നോട്ട് വരാതെ കളിച്ചു. 12ാം മിനുട്ടില്‍ മെസ്സിയിലൂടെ ബാഴ്‌സയുടെ രണ്ടാം ഗോള്‍ പിറ ന്നു. ഈ ഗോളിനും വഴിയൊരുക്കിയത് ഫാബ്രിഗസ്- പെഡ്രോ സഖ്യമായിരുന്നു. ഫാബ്രിഗസ് നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത പെഡ്രോ പന്ത് മെസ്സിക്ക് പാകത്തിലാക്കി. സീസണിലെ തന്റെ ഗോള്‍ വേട്ട ബാഴ്‌സക്ക് രണ്ടാം ഗോള്‍ സമ്മാനിച്ച് അര്‍ജന്റൈന്‍ താരം തുടക്കമിട്ടു. പതിനൊന്ന് മിനുട്ടുകള്‍ക്ക് ശേഷം ബാഴ്‌സ മൂന്നാം ഗോള്‍ നേടി. ഇത്തവണ ഡാനി ആല്‍വ്‌സിന്റെ ഊഴമായിരുന്നു. ബോക്‌സിന് സമീപം വെച്ച് മെസ്സി ഫാബ്രിഗസിന് പന്ത് പാസ് ചെയ്തു. ഫാബ്രിഗസിന്റെ ശ്രമം തടയാന്‍ മുന്നോട്ട് കയറി വന്ന ലെവാന്റെ ഗോളി നവാസിന് പിഴച്ചു. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിച്ച് ആല്‍വ്‌സ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ പൂര്‍ത്തിയാക്കി. 26ാം മിനുട്ടില്‍ പെഡ്രോ. അഡ്രിയാനോയുടെ പാസില്‍ നിന്നാണ് പെഡ്രോ ഗോള്‍ സ്വന്തമാക്കിയത്. 42ാം മിനുട്ടില്‍ അഡ്രിയാനോയെ ലെവാന്റെയുടെ പെഡ്രോ ലോപ്പസ് വീഴ്ത്തിയതിന് ബാഴ്‌സക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. പന്ത് വലയിലെത്തിച്ച് മെസ്സി തന്റെ രണ്ടാം ഗോളും ടീമിന്റെ അഞ്ചാം ഗോളും നേടി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അഡ്രിയാനോയുടെ പാസില്‍ നിന്ന് ചാവി ബാഴ്‌സയുടെ ആറാം ഗോളും വലയിലാക്കി. രണ്ടാം പകുതിയില്‍ ബാഴ്‌സലോണ അയഞ്ഞ കളിയാണ് പുറത്തെടുത്തത്. അലക്‌സിസ് സാഞ്ചസിന് പകരം നെയ്മര്‍ കളത്തിലിറങ്ങി. 73ാം മിനുട്ടില്‍ ഫാബ്രിഗസിന്റെ പാസില്‍ നിന്ന് പെഡ്രോ തന്റെ രണ്ടാം ഗോളും ടീമിന്റെ ഏഴാം ഗോളും കുറിച്ച് വിജയം പൂര്‍ത്തിയാക്കി. പിന്നീട് പരിശീലന മത്സരത്തിന്റെ ലാഘവത്തില്‍ കളിച്ച് ബാഴ്‌സലോണ സമയം അവസാനിപ്പിക്കുകയായിരുന്നു.

സാന്റിയാഗോ ബെര്‍ണാബു സ്റ്റേഡിയത്തില്‍ ബെറ്റിസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കരുത്തരായ റയല്‍ മാഡ്രിഡ് ആദ്യ മത്സരം വിജയിച്ചത്. കളി ആരംഭിച്ച് 14ാം മിനുട്ടില്‍ വലയില്‍ പന്തെത്തിച്ച് ബെറ്റിസ് റയല്‍ മാഡ്രിഡിനെ ഞെട്ടിച്ചെങ്കിലും കളി തീരാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ നേടിയ ഗോളില്‍ റയല്‍ വിജയം സ്വന്തമാക്കി. 14ാം മിനുട്ടില്‍ ജോര്‍ജ് മൊളീനയാണ് ബെറ്റിസിന്റെ ഗോള്‍ നേടിയത്. എന്നാല്‍ 26ാം മിനുട്ടില്‍ മാഴ്‌സലോയുടെ പാസില്‍ നിന്ന് കരിം ബെന്‍സിമ റയലിന് സമനില സമ്മാനിച്ചു.
പിന്നീട് ഇരുവശത്തും നിരവധി അവസരങ്ങള്‍ പിറന്നെങ്കിലും ഗോള്‍ മാത്രം വന്നില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കമുള്ള റയല്‍ താരങ്ങള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍ മത്സരിക്കുകയായിരുന്നു. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിപ്പിച്ചെങ്കിലും സ്പാനിഷ് യുവ താരം ഇസ്‌കോ 86ാം മിനുട്ടില്‍ റയലിന് ആശ്വാസ വിജയത്തിന്റെ ഗോള്‍ സമ്മാനിച്ചു. മാഴ്‌സലോയുടെ ക്രോസില്‍ നിന്നാണ് യുവ താരം വലയില്‍ പന്തെത്തിച്ചത്.

മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ്, സിയഡാഡ് ഡി മഴ്‌സിയ വിജയിച്ചു. ഡീഗോ കോസ്റ്റ നേടിയ ഇരട്ട ഗോള്‍ മികവില്‍ അത്‌ലറ്റികോ സെവില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കുകയായിരുന്നു. മഴ്‌സിയ ഒസാസുനയെ 2-1ന് പരാജയപ്പെടുത്തി.

ഫ്രഞ്ച് ലീഗ് വണില്‍ ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ജര്‍മൈന് സമനില. അജാസിയോക്കെതിരായ പോരാട്ടം 1-1ന്റെ സമനിലയില്‍ പിരിയുകയായിരുന്നു. തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ടീമിന് എഡിന്‍സന്‍ കവാനി അവസാന നിമിഷം നേടിയ ഗോളാണ് ആശ്വസ സമനില സമ്മാനിച്ചത്. കളിയുടെ ഒമ്പതാം മിനുട്ടില്‍ വല ചലിപ്പിച്ച് അജാസിയോ പി എസ് ജിക്ക് ഭീഷണിയുയര്‍ത്തി. തിരിച്ച് ഗോള്‍ നേടാനുള്ള പി എസ് ജിയുടെ എല്ലാ ശ്രമങ്ങളും അജാസിയോ ഗോളി ഫ്രാന്‍സിസ്‌കോ ഒക്കോ നിഷ്പ്രഭമാക്കി. പി എസ് ജി താരങ്ങളുടെ ഗോള്‍ ശ്രമങ്ങളെ ഓക്കോ അതി വിദഗ്ധമായി തടഞ്ഞു.
ഒടുവില്‍ 86ാം മിനുട്ടില്‍ തിയാഗോ സില്‍വ ഹെഡ്ഡറിലൂടെ വല ലക്ഷ്യം വെച്ച് തൊടുത്ത പന്ത് ഒക്കോ തട്ടിത്തെറിപ്പിച്ചു. പന്ത് നേരെ കവാനിയിലേക്ക്. സമയം പാഴാക്കാതെ ഉറുഗ്വെന്‍ താരം വല ചലിപ്പിച്ച് പി എസ് ജിയെ നാണക്കോടില്‍ നിന്ന് രക്ഷിച്ചു.

---- facebook comment plugin here -----

Latest