Connect with us

National

ജഡ്ജിമാരും അഭിഭാഷകരും ജനങ്ങളോട് ഉത്തരം പറയേണ്ടതുണ്ട്: ചീഫ് ജസ്റ്റിസ്

Published

|

Last Updated

ചെന്നൈ: ജനങ്ങള്‍ തിരഞ്ഞെടുത്തതല്ലെങ്കിലും ജഡ്ജിമാരും അഭിഭാഷകരും പൊതുജനങ്ങളോട് പ്രതിജ്ഞാബദ്ധരാകണമെന്നും ഉത്തരം പറയേണ്ടതുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവം. പൊതുജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥിതിയില്‍ അങ്ങേയറ്റം വിശ്വാസമുണ്ട്. അതില്‍ ആത്മവിശ്വാസം പുലര്‍ത്തുന്നവരുമാണ്. ജഡ്ജിമാരും അഭിഭാഷകരും ഇതേരീതിയില്‍ ജനങ്ങളോട് പെരുമാറണമെന്ന് സദാശിവം ഓര്‍മിപ്പിച്ചു. തമിഴ്‌നാട്ടില്‍ 4.2 കോടി ചെലവില്‍ നിര്‍മിച്ച തര്‍ക്ക പരിഹാര ബദല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എളുപ്പത്തിലുള്ള നീതി നീതിന്യായ വ്യവസ്ഥ ഉറപ്പ് വരുത്തേണ്ടതുണ്ട്. പൊതുജന താത്പര്യാര്‍ഥമുള്ള തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുമെന്ന് ഉറപ്പ് നല്‍കണം. ജഡ്ജിമാരുടെ നിയമനത്തില്‍ സ്ത്രീകള്‍, പിന്നാക്ക വിഭാഗം, പട്ടിക ജാതി, പട്ടിക വര്‍ഗം, ന്യൂനപക്ഷം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റയുടനെ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ബഞ്ചുകള്‍ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്ത കേസുകളെ സംബന്ധിച്ച് അഭിഭാഷകരെയും ഹരജിക്കാരെയും എസ് എം എസ്, ഇ മെയില്‍ എന്നിവ മുഖേന അറിയിക്കും. ദിനേനെയുള്ള ഉത്തരവുകളും ഈ രീതിയില്‍ അറിയിക്കുന്ന സംവിധാനം ഉടനെ തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
സൗഹാര്‍ദപരമായും പരസ്പരസമ്മതത്തോടെയും ഒരു തര്‍ക്കത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് പരാതിക്കാരെ സന്തോഷിപ്പിക്കുമെന്ന് ജസ്റ്റിസ് എഫ് എം ഇബ്‌റാഹീം ഖലീഫുല്ല അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എം ജയചന്ദ്രന്‍, എസ് രാജേശ്വരന്‍, മുഖ്യമന്ത്രി ജയലളിത, സംസ്ഥാന നിയമമന്ത്രി കെ പി മുനുസ്വാമി ചടങ്ങില്‍ പങ്കെടുത്തു.