Connect with us

Editorial

ബീഹാറിലെ ട്രെയിന്‍ ദുരന്തം

Published

|

Last Updated

രാജ്യത്തെ നടുക്കിയ ദുരന്തമാണ് തിങ്കളാഴ്ച ബീഹാറിലുണ്ടായത്. ബീഹാറിലെ ധമാരഘട്ട് സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന തീര്‍ഥാടകര്‍ക്ക് മേല്‍ ട്രെയിന്‍ കയറി 37 പേര്‍ ചതഞ്ഞു മരിക്കുകയുണ്ടായി. സഹര്‍സയില്‍ നിന്ന് പട്‌നയിലേക്ക് പോകുകയായിരുന്ന രാജ്യറാണി എക്‌സ്പ്രസാണ് ദുരന്തമുണ്ടാക്കിയത്. ഈ വണ്ടിക്ക് ധമാരഘട്ടില്‍ സ്‌റ്റോപ്പില്ല. വണ്ടി നിര്‍ത്തുമെന്ന പ്രതീ നക്ഷയിലാകണം തീര്‍ഥാടകര്‍ പാളത്തി ല്‍നിന്നത്. ആളുകളെക്കണ്ട് ലോക്കോ പൈലറ്റ് ബ്രേക്കിട്ടെങ്കിലും വണ്ടി നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതരുടെ വിശ ദീകരണം. സംഭവത്തില്‍ യാത്രക്കാരും ജനങ്ങളും ക്ഷുഭിതരായത് സ്വാഭാവികം. അക്രമാസക്തരായ ജനങ്ങള്‍ ഡ്രൈവര്‍മാരിലൊരാളെ തല്ലിക്കൊല്ലുകയും ട്രെയിനിന് തീവെക്കുകയും ചെയ്തു.
റെയില്‍പാളത്തിലൂടെ നടക്കുകയോ മുറിച്ചു കടക്കുകയോ ചെയ്യുന്ന യാത്രക്കാരുടെ മേല്‍ ട്രെയിനിടിച്ചുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും രാജ്യത്ത് വര്‍ധിക്കുകയാണ്. വര്‍ഷാന്തം 1500 പേരെങ്കിലും ഇത്തരം സംഭവങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് റെയില്‍ സുരക്ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാളങ്ങള്‍ മുറിച്ചു കടക്കുന്നത് നിയമവിരുദ്ധമാണ്. വിശിഷ്യാ സ്റ്റേഷനുകളലും പരിസരത്തും. അതറിയാതെയോ അറിഞ്ഞിട്ടും അശ്രദ്ധ മുലമോ ആളുകള്‍ മുറിച്ചുകടക്കുന്നു. കുതിച്ചു പായുന്ന വണ്ടി ഡ്രൈവര്‍ക്ക് പെട്ടെന്ന് നിര്‍ത്താന്‍ കഴിയില്ല. മനുഷ്യ സഹോദരങ്ങള്‍ കണ്‍മുമ്പില്‍ പിടഞ്ഞു മരിക്കുന്നത് വേദനയോടെ അവര്‍ക്ക് നോക്കി നില്‍ക്കേണ്ടി വരുന്നുവെന്നതാണ് ഫലം. പലപ്പോഴും ജനങ്ങളുടെ പ്രതിഷേധ മുറകള്‍ ക്കവര്‍ വിധേയരാകുകയും ചെയ്യുന്നു.
റെയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലവും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഡ്രൈവറുടെ ഫോണ്‍ വിളിയായിരുന്നു 80 പേരുടെ മരണത്തിനിട യാക്കിയ സ്‌പെയിനിലെ കഴിഞ്ഞ മാസത്തെ ട്രെയിന്‍ അപകടത്തിന് കാരണം . ഫോണ്‍ സംഭാഷണത്തില്‍ മുഴുകിയത് കാരണം വളവില്‍ വേഗം നിയന്ത്രിക്കുന്ന കാര്യം ഡ്രൈവര്‍ക്ക് ശ്രദ്ധിക്കാനാകാതെ വണ്ടി പാളം തെറ്റിയാണ് പ്രസ്തുത അപകടമുണ്ടായത്. എങ്കിലും ട്രെയിന്‍ തട്ടി മരിക്കുന്ന സംഭവങ്ങളിലേറെയും ജനങ്ങളുടെ അശ്രദ്ധ കൊണ്ടുതന്നെയാണ് സംഭവിക്കുന്നത്.
മൊബൈല്‍ ഫോണ്‍ ഇത്തരം സംഭവങ്ങളില്‍ പ്രധാന വില്ലനാണ്. അടുത്തിടെയായി സംസ്ഥാനത്ത് റെയില്‍ പാളത്തിലൂടെ മൊബൈല്‍ഫോണില്‍ സംസാരിച്ചു നട ക്കുകയായിരുന്ന നിരവധി പേര്‍ തീവണ്ടി തട്ടി മരിച്ചിട്ടുണ്ട്. ഫോണ്‍ സംസാരത്തില്‍ മുഴുകുന്നവര്‍ക്ക് വിശിഷ്യാ കൗമാര പ്രായക്കാര്‍ക്കും യുവാക്കള്‍ക്കും പരിസരബോധമുണ്ടാകില്ല. ഇയര്‍ഫോണ്‍ ഉപയോഗിക്കുക കൂടി ചെയ്താല്‍ ട്രെയിനിന്റെ ശബ്ദമോ ചൂളം വിളിയോ കേള്‍ക്കുകയുമില്ല.
ലെവല്‍ ക്രോസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അപകട കാരണമാണ്. ഗേറ്റ് കീപ്പറില്ലാത്തതിനാല്‍ എപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്ന നുറുക്കണക്കിന് ലവല്‍ ക്രോസുകള്‍ രാജ്യത്തുണ്ട്. ജനബാഹുല്യമേറിയ, മുഴത്തിനുമുഴം നിരത്തുകളും ഉപനിരത്തു കളുമുള്ള കേരളത്തില്‍ തന്നെയുണ്ട് ഇത്തരം ലവല്‍ ക്രേസുകള്‍ നിരവധി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എറണാകുളം അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആളില്ലാ ലവല്‍ക്രോസ് മുറിച്ചു കടക്കവെ തിരുനല്‍വേലി എക്‌സ്പ്രസ് ഇടിച്ചു അഞ്ച് കാര്‍ യാത്രക്കാര്‍ മരിക്കുക യുണ്ടായി. ആലപ്പുഴ മാരാരിക്കുളത്തെ ഒരു ലവല്‍ ക്രോസില്‍ കാറില്‍ തീവണ്ടിയിടിച്ചു ജര്‍മന്‍ ദമ്പതികളടക്കം നാല് പേര്‍ മരിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. ഈ സംഭവങ്ങള്‍ക്കുടനെ, ആളില്ലാത്ത 110 ലവല്‍ ക്രോസുകളില്‍ പുതുതായി ആളുകളെ നിയമിക്കുമെന്ന് സംസ്ഥാന റെയില്‍വേ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജീവ് ദത്ത് ശര്‍മയും പ്രസ്താവിച്ചിരുന്നു. പക്ഷേ നിയമനങ്ങള്‍ ഇതുവരെയായിട്ടില്ല. ആളില്ലാ ലവല്‍ ക്രോസ് മുറിച്ചു കടക്കുമ്പോള്‍ വാഹനം നിര്‍ത്തി ഇരുവശവും കണ്ണോടിച്ചു ട്രെയിന്‍ വരുന്നില്ലെന്നുറപ്പ് വരുത്തിയാല്‍ ഇത്തരം അപകടങ്ങള്‍ ഏറെക്കുറെ ഒഴിവാക്കാനാകുമെങ്കിലും അതിനുള്ള സാവകാ ശവും ശ്രദ്ധയും വാഹന ഡ്രൈവര്‍മാരും പ്രകടിപ്പിക്കാറില്ല. ഇത്തരം അപകടങ്ങള്‍ക്കറുതി വരണമെങ്കില്‍ ആളില്ലാ ലവല്‍ക്രോസുകളില്‍ ജീവനക്കാരെ നിയമിക്കുന്നതോടൊപ്പം യാത്രാ നിയമങ്ങളെക്കുറിച്ചു വാഹന,കാല്‍നട യാത്രക്കാര്‍ ബോധവാന്മാരാകുക കൂടി വേണം.

 

Latest