Connect with us

Ongoing News

ഗള്‍ഫില്‍ മറ്റൊരു ഈത്തപ്പഴക്കാലം കൂടി വിടപറയുന്നു

Published

|

Last Updated

ദോഹ: കടുത്ത ചൂടിനൊപ്പം മറ്റൊരു ഈത്തപ്പഴ സീസണ്‍ അവസാനിക്കുന്നു. ചൂട് പൂര്‍ണ്ണമായി കുറഞ്ഞില്ലെങ്കിലും കത്തിനിന്ന ചൂടില്‍ പഴുത്തു തുടുത്തു നിന്ന ഈത്തപ്പഴ രുചി ഈ വര്‍ഷത്തേക്ക് പടിയിറങ്ങുകയാണ്. ഇനിയടുത്ത വര്‍ഷം ചൂടു കാലം വരെ കാത്തിരിക്കണം മറ്റൊരു ഈത്തപ്പഴ മഹിമ നേരില്‍ കാണാന്‍. വിളവെടുത്ത ഈത്തപ്പഴം പരമ്പരാഗത രീതിയില്‍ അടുത്ത വര്‍ഷം വരെ സൂക്ഷിക്കുന്നവരും അതിലേറെ കാലം ഈത്തപ്പഴ രുചിയെ താലോലിക്കുന്നവരും ഖത്തര്‍ നിവാസികളിലുണ്ട്. ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അറേബ്യന്‍ ഈത്തപ്പഴങ്ങളുടെ ഇറക്കുമതി ഇടനിലക്കാരനായ സാലം മുഹമ്മദ് അഹമദ് അല്‍ കുവാരി അത്തരത്തില്‍ ഒരാളാണ്. ഖത്തറില്‍ സ്വന്തമായുള്ള സ്ഥലത്ത് സമൃദ്ധമായി ഈത്തപ്പഴകൃഷി നടത്തുന്നുമുണ്ട് അദ്ദേഹം. പരമ്പരാഗതമായി ഈത്തപ്പഴകൃഷി നടത്തുന്നവരും ജോലിക്കാരെ നിശ്ചയിച്ച് കാര്യം ഭംഗിയാക്കുന്നവരും ഖത്തരികളുടെ കൂട്ടത്തിലുണ്ട്. മറ്റു ജി സി സി രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും തരക്കേടില്ലാത്ത വിധം ഈത്തപ്പഴകൃഷി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഇക്കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളില്‍ പഴുത്തു പാകമായ വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പഴുത്തു പാകമായ പലതരം ഈത്തപ്പഴങ്ങള്‍ ദോഹ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നു. ഒമാന്‍, സൗദി, ബഹ്‌റൈന്‍ ,ടുണീഷ്യ ,ഇറാന്‍, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും ദോഹയില്‍ സുലഭമായി ഈത്തപ്പഴം എത്താറുണ്ട്. സീസണ്‍ കഴിഞ്ഞാലും വിവിധ രൂപഭേദങ്ങളിലും രുചികളിലുമായി ഈത്തപ്പഴം അടുത്ത വര്‍ഷം വരെ ഇനിയും വിപണിയില്‍ ഉണ്ടായിരിക്കും. അതു വരെ ഈത്തപ്പഴപ്രേമികള്‍ സായൂജ്യമടയുന്നത് പരമ്പരാഗത രീതിയിലും ശാസ്ത്രീയമായ രൂപത്തിലും സമീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഇത്തരം ഈത്തപ്പഴ ശേഖരത്തെ ആശ്രയിച്ചായിരിക്കും.

Latest