Connect with us

Articles

ഈ രക്തത്തില്‍ നിങ്ങള്‍ക്കും പങ്കുണ്ട്

Published

|

Last Updated

റാബിയത്തുല്‍ അദവിയ്യയിലും റംസീസ് ചത്വരത്തിലും മസ്ജിദുല്‍ ഫത്ഹിലും മരിച്ചു വീണ മനുഷ്യര്‍ തീര്‍ച്ചയായും പോരാട്ട വീര്യത്തിന്റെയും ആത്മാര്‍ഥതയുടെയും ആത്മവിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രതീകങ്ങളാണ്. അവര്‍ അധികാരക്കസേരകളില്‍ കയറിയിരിക്കാമെന്ന് മോഹിച്ചവരല്ല. മരിച്ചവര്‍ മുന്‍നിരക്കാരല്ല. ശരിയെന്ന് ഉത്തമ വിശ്വാസമുള്ള ലക്ഷ്യത്തിനായി ജീവന്‍ ബലികൊടുത്തവരാണ് അവര്‍. ഏറ്റവും വിലപ്പെട്ടത് ത്യജിക്കുകയെന്നത് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നല്ല. ഈ മനുഷ്യരുടെ ചോരയാണ് മുഹമ്മദ് അല്‍ ബറാദിയെ ഇടക്കാല സര്‍ക്കാറില്‍ നിന്ന് താഴെയിറക്കിയത്. സമാധാനപരമായ പരിഹാരം അനിവാര്യമാണെന്ന നിലപാടിലേക്ക് ഉപപ്രധാനമന്ത്രി സിയാദ് ബഹാവുദ്ദീനെ നയിച്ചത് തെരുവിലെ രക്തം തന്നെയാണ്. അധികാരം തിരിച്ചു പിടിക്കാനായി ബ്രദര്‍ഹുഡ് നേതാക്കള്‍ തുടങ്ങിവെച്ച പ്രക്ഷോഭത്തെ തുടക്കത്തില്‍ വിമര്‍ശനപരമായി കണ്ടവര്‍ ഇപ്പോള്‍ അവര്‍ക്ക് അനുകൂലമായി പ്രതികരിക്കുന്നുണ്ടെങ്കില്‍ അതും ഈ മനുഷ്യരുടെ ത്യാഗം ഒന്നു കൊണ്ട് മാത്രമാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ ഭരണ കാലത്തെ അപരിഹാര്യമായ വീഴ്ചകള്‍ ഇന്ന് വിശകലനങ്ങളില്‍ നിറയുന്നില്ല. അദ്ദേഹത്തിന്റെ പതനത്തിലേക്ക് നയിച്ച മറ്റ് ഘടകങ്ങളും ചര്‍ച്ചാ വിഷയമല്ല. വ്യക്തിപരമല്ലാത്ത ജീവത്യാഗത്തിന്റെ മഹത്വമതാണ്. മറ്റെല്ലാത്തിനെയും മറയ്ക്കാനുള്ള ശേഷി അതിനുണ്ട്. ഇടുങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വിശാലമായ ധ്വനികള്‍ സമ്മാനിക്കാന്‍ രക്തസാക്ഷിത്വങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ചരിത്രങ്ങള്‍ വേണ്ടുവോളമുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ ഇത്തിരിവട്ടം തൊട്ട് ലോകയുദ്ധങ്ങള്‍ വരെ ഈ കള്ളത്തരം നീണ്ടുനിവര്‍ന്ന് കിടക്കുന്നു.
ബ്രദര്‍ഹുഡ് നേതാക്കള്‍ അവരുടെ ലക്ഷ്യത്തിലോ മാര്‍ഗത്തിലോ ഒരു പരിഷ്‌കരണത്തിനും തയ്യാറായിട്ടില്ല. ഒരു വിട്ടുവീഴ്ചയും അവര്‍ മുന്നോട്ടു വെച്ചിട്ടില്ല. ജനാധിപത്യത്തില്‍ അനിവാര്യമായ കൂടിയാലോചനകള്‍ക്കോ ആത്മവിമര്‍ശത്തിനോ അവര്‍ തയ്യാറായിട്ടില്ല. മുല്ലപ്പൂ വിപ്ലവത്തെ രാഷ്ട്രീയ അധികാരത്തിലേക്ക് പരാവര്‍ത്തനം ചെയ്തതില്‍ ബ്രദര്‍ഹുഡിന് വലിയ പിഴയാണ് സംഭവിച്ചത്. സുശക്തമായ സംഘടനാ സംവിധാനവും നവ ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകളും ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ച സുനിശ്ചിതമായ വിജയത്തെ ആ അര്‍ഥത്തില്‍ വ്യാഖ്യാനിക്കാന്‍ ബ്രദര്‍ഹുഡിന് സാധിച്ചില്ല. തങ്ങളുടെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി സൈന്യത്തോടും അമേരിക്കയടക്കമുള്ള വന്‍ ശക്തികളോടും ഒരുപോലെ കൂടിയാലോചിച്ച് രൂപവത്കരിച്ച സര്‍ക്കാറിന്റെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്തുന്നതിലും ബ്രദര്‍ഹുഡ് പരാജയപ്പെട്ടു. മൂന്ന് ജനകീയ ബലപരീക്ഷണങ്ങളെ അതിജയിച്ചവരാണ് തങ്ങളെന്ന് ആത്മവിശ്വാസം കൊള്ളുന്നവര്‍, ഈ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തത് ജനസംഖ്യയുടെ അന്‍പത് ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണെന്ന വസ്തുത സൗകര്യപൂര്‍വം മറന്നു. മുഹമ്മദ് മുര്‍സി പോകുന്ന വഴിക്ക് സംഘടനയും പോയി. ഇരിക്കും മുമ്പ് കാല്‍ നീട്ടിയാല്‍ വീഴുമെന്ന് പോലും ഉപദേശിക്കാന്‍ ബ്രദര്‍ഹുഡിന് സാധിച്ചില്ല. ജനാധിപത്യമെന്ന ഭരണസംവിധാനത്തിന്റെ സ്വഭാവം ഇഖ്‌വാന്‍ ശരിയായി മനസ്സിലാക്കിയില്ലെന്ന് വേണം വിലയിരുത്താന്‍. അധികാരം കേന്ദ്രീകരിക്കാനുള്ള മുര്‍സിയുടെ ശ്രമങ്ങള്‍ മുബാറക്കിനെതിരെ ഒന്നാം തഹ്‌രീര്‍ പ്രക്ഷോഭം മുന്നോട്ടു വെച്ച മുദ്രാവാക്യം ഒരിക്കല്‍ കൂടി പ്രസക്തമാക്കുകയായിരുന്നു.
മുബാറക്കിന്റെ സാമ്രാജ്യത്വ ദാസ്യമാണ് തഹ്‌രീറില്‍ വിചാരണ ചെയ്യപ്പെട്ടത്. ഈ വിചാരണയുടെ അധികാര ഗുണഭോക്താവായ മുര്‍സി കിരീടമണിഞ്ഞപ്പോള്‍ സാമ്രാജ്യത്വ അജന്‍ഡകളുടെ ചതിക്കുഴികളില്‍ അദ്ദേഹം മൂക്കും കുത്തി വീണു. ഉദാര, കമ്പോള കേന്ദ്രീകൃത സാമ്പത്തിക നയത്തിനെതിരെയായിരുന്നു ജനം ആര്‍ത്തലച്ചത്. മുര്‍സി അതേ നയം തുടര്‍ന്നു. സാമ്പത്തിക ഉത്കണ്ഠകള്‍ക്ക് പരിഹാരം കാണുന്നത് പോയിട്ട് പ്രതീക്ഷകള്‍ സമ്മാനിക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല. ബ്രദര്‍ഹുഡിന് പോലും ദഹിക്കാത്ത വിദേശ നയമാണ് അദ്ദേഹം പിന്തുടര്‍ന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന വിദേശ നയമായിരുന്നില്ല അദ്ദേഹത്തിന്റെത്. മറിച്ച് സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു. നിരന്തരം സംഭവിച്ച പിഴവുകളുടെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ജനരോഷം. ഇത്തരമൊരു പരിണതിയുടെ സൂചനകള്‍ തുടക്കത്തിലേ വന്നിരുന്നു. ഭരണഘടനാ ഹിതപരിശോധനക്ക് തൊട്ടുമുമ്പ് തഹ്‌രീര്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്നവരെ പ്രതിവിപ്ലവകാരികളെന്നും തോറ്റവരുടെ മോഹഭംഗമെന്നും വിലയിരുത്തും മുമ്പ് ബ്രദര്‍ഹുഡ് വിവേകപൂര്‍വം പെരുമാറിയിരുന്നുവെങ്കില്‍ ഇന്നത്തെ ഗതി വരില്ലായിരുന്നു. മന്ത്രിസഭാംഗങ്ങള്‍ ഒന്നൊന്നായി രാജിവെച്ചപ്പോഴും മുര്‍സിയെ തിരുത്താന്‍ ബ്രദര്‍ഹുഡ് തയ്യാറായില്ല. അതുകൊണ്ട് തെരുവില്‍ വീഴുന്ന രക്തത്തില്‍ ബ്രദര്‍ഹുഡ് നേതൃത്വത്തിന് പങ്കുണ്ട്. സൈന്യത്തിനും മുബാറക് കാലത്തെ ഉദ്യോഗസ്ഥര്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും ഈജിപ്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് എളുപ്പവഴിയൊരുക്കിയതിന്റെ കുറ്റബോധം പോരാട്ടഭൂമിയിലെ നിമിഷങ്ങള്‍ മാധ്യമങ്ങളില്‍ നിരന്തരം അവതരിപ്പിച്ച് കഴുകിക്കളയാനാകില്ല.
ഈജിപ്ഷ്യന്‍ സൈന്യത്തെ മറ്റാരേക്കാളും ഇഖ്‌വാന് പരിചയമുണ്ട്. പ്രത്യേകാധികാരങ്ങളും ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷക്കപ്പുറത്തേക്ക് വളര്‍ന്ന അതിന്റെ സ്വാധീനവലയങ്ങളും ശക്തമായ സംവിധാനമാക്കി സൈന്യത്തെ മാറ്റിയിരിക്കുന്നു. അമേരിക്കയില്‍ നിന്ന് കോടികള്‍ പറ്റുന്നവരാണ് സൈന്യം. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സര്‍വ മണ്ഡലങ്ങളിലും അവര്‍ കൈകടത്തുന്നു. ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സൈന്യത്തിന്റെ പ്രത്യേക അധികാരം ശരിവെക്കുന്നു. രാജ്യത്തിന്റെ ഏത് പരിവര്‍ത്തനവും തങ്ങളുടെ കര്‍തൃത്വത്തില്‍ ആയിരിക്കണമെന്ന് അവര്‍ക്ക് ശാഠ്യമുണ്ട്. ബ്രദര്‍ഹുഡ് നടത്തുന്ന പ്രകോപനങ്ങളോട് ക്രൂരമായി പ്രതികരിക്കാന്‍ സൈന്യത്തിന് അമേരിക്കയടക്കമുള്ള “ബഡാ ബോസ്മാരുടെ” പിന്തുണയുണ്ട് എന്നത് വസ്തുതയാണ്. പുറമേ അപലപിക്കുന്നത് നേക്കേണ്ട. രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന് സാമ്രാജ്യത്വം യഥാര്‍ഥത്തില്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അത് അവര്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് സാധിക്കുമായിരുന്നു. പട്ടാള മേധാവിയായ അബ്ദുല്‍ ഫത്താ അല്‍സീസിക്ക് അറബ് ലോകത്ത് നിന്ന് ലഭിക്കുന്ന പിന്തുണ അമേരിക്കന്‍ പിന്തുണയുടെ തുടര്‍ച്ചയാണ്. അമേരിക്ക കളം മാറിച്ചവിട്ടിയാല്‍ സഊദിയും മറ്റും കാലുമാറും. ചിത്രം വ്യക്തമാകുകയാണ്. ഹുസ്‌നി മുബാറക് കുറ്റവിമുക്തനായി പുറത്തുവരാന്‍ പോകുന്നു. മുര്‍സി മാറ്റിയെഴുതിയ ഭരണഘടന റദ്ദാക്കുമെന്ന് ഉറപ്പായിരിക്കുന്നു. ബ്രദര്‍ഹുഡിനെ മതാധിഷ്ഠിത സംഘടനയെന്ന നിലയില്‍ നിരോധിക്കും. നിരോധം ലംഘിച്ച് പ്രക്ഷോഭപാതയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ “രക്തസാക്ഷി”കളുണ്ടാകും.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ “രോഷത്തിന്റെ ദിനാചരണ”ത്തിന് ശേഷം പ്രകടനങ്ങള്‍ താത്കാലികമായി നിര്‍ത്തി വെക്കാന്‍ ബ്രദര്‍ഹുഡ് തീരുമാനിച്ചുവല്ലോ. സൈന്യം സര്‍വായുധസജ്ജരായി നിലയുറപ്പിക്കുന്ന പശ്ചാത്തലത്തില്‍ റാലി നിര്‍ത്തിവെച്ചുവെന്നാണ് ബ്രദര്‍ഹുഡ് നേതൃത്വം ഇതിനെ വിശദീകരിച്ചത്. ഈ പിന്‍വാങ്ങലിന്റെ വിശാലമായ രൂപമാണ് ഇന്ന് ഈജിപ്തിന് അനിവാര്യം. ദേശീയ ഐക്യ സര്‍ക്കാറിനായി വാദിക്കുന്ന ഒരു പ്രബല വിഭാഗം ഇടക്കാല സര്‍ക്കാറില്‍ രൂപപ്പെട്ടിരിക്കുന്നു. ഉപപ്രധാനമന്ത്രി സിയാദ് ബഹാവുദ്ദീനാണ് ആ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. ഇടക്കാല സര്‍ക്കാര്‍ വിട്ട് പുറത്തിറങ്ങിയ മുഹമ്മദ് അല്‍ ബറാദിയെ അവസരവാദിയെന്ന് മുദ്രയടിക്കുന്നതിന് പകരം അദ്ദേഹത്തെ ഉപയോഗപ്പെടുത്തി കൂടിയാലോചനകളുടെ വാതില്‍ തുറക്കുകയാണ് ഇപ്പോള്‍ ഇഖ്‌വാന്‍ ചെയ്യേണ്ടത്. പരാജിതനായ ഒരു ഭരണാധികാരിയെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തില്‍ നിന്ന് അവര്‍ പിന്നോട്ട് പോകുക തന്നെ വേണം. ജനങ്ങള്‍ തള്ളിക്കളഞ്ഞ മുദ്രാവാക്യത്തിനായി വിപ്ലവകാരികളുടെ രക്തസാക്ഷിത്വം ദുര്‍വ്യയം ചെയ്യുന്നത് ചരിത്ര നിരാസമായിരിക്കും. ഇത് ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തകര്‍ തന്നെ മനസ്സിലാക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വിവിധ പള്ളികളില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ജനപങ്കാളിത്തം കുത്തനെ ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഈജിപ്തിനെ പരാമര്‍ശിച്ച് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉറുദുഗാന്‍ പറഞ്ഞു: “ഈജിപ്തിലെ പുതിയ ഫിര്‍ഔന്‍മാരെ നേരിടാന്‍ മൂസ വരികതന്നെ ചെയ്യും”. ബ്രദര്‍ഹുഡും അതിന്റെ പ്രാദേശിക വകഭേദങ്ങളും ഇസ്‌ലാമിക പ്രതീകങ്ങളെയാണ് തങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് കൂട്ട് പിടിക്കുന്നത്. രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രതീക്ഷാനിര്‍ഭരമായ ഉദയമായി അവര്‍ സ്വയം കൊണ്ടാടുന്നു. എന്നാല്‍ ശിഥിലമായിക്കൊണ്ടേയിരിക്കുന്ന മുസ്‌ലിം ജനപഥങ്ങളെ ശാന്തമായ നിലനില്‍പ്പിലേക്ക് നയിക്കുന്ന വല്ല പരിഹാരവും അവരുടെ കൈയിലുണ്ടോ? ഒന്നുമില്ലെന്ന് മാത്രമല്ല, വിശാലമായി ബ്രദര്‍ഹുഡിന്റെ ആശയഗതി പങ്കുവെക്കുന്നവരാണ് ഇവിടെയൊക്കെ ശൈഥില്യത്തിന്റെ ഒരറ്റത്ത് നില്‍ക്കുന്നത്. സിറിയയിലെ അനുഭവം മുന്നിലുണ്ട്. അവിടെ ഇരുപക്ഷവും മനുഷ്യരെ കൊന്നു തള്ളുകയാണ്. രാസായുധ പ്രയോഗത്തില്‍ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങള്‍. അഭയാര്‍ഥികളായി ലക്ഷങ്ങള്‍. തകര്‍ന്നു തരിപ്പണമായ സമ്പദ്‌വ്യവസ്ഥ. സിറിയ അസ്തമിക്കുകയാണ്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കാനുള്ള സിറിയന്‍ ജനതയുടെ അവകാശം എന്നേ കടലെടുത്തുപോയി. പുറമേയുള്ളവരാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഒരു പക്ഷത്ത് നാറ്റോ സഖ്യം. മറുവശത്ത് റഷ്യ, ചൈന, ഇറാന്‍. ആത്യന്തികമായി സാമ്രാജ്യത്വം ചിരിക്കുന്നു. നിതാന്തമായ അശാന്തിയിലേക്ക് ലിബിയയെ തള്ളിവിടുന്നതില്‍ അവര്‍ വിജയിച്ചതുപോലെ, അസദ് വീണാലും വാണാലും സിറിയയില്‍ അവരുടെ ഗൂഢ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ഇവിടെയും ഭരണത്തിലേറാന്‍ തക്കം പാര്‍ത്തിരിക്കുന്നത് ബ്രദര്‍ഹുഡ് ആണെന്നോര്‍ക്കണം.
ബ്രദര്‍ഹുഡിന്റെ ആശയ പങ്കാളിയായ അന്നഹ്ദയാണ് മുല്ലപ്പൂവിന്റെ ഈറ്റില്ലമായ ടുണീഷ്യയില്‍ ഭരണം കൈയാളുന്നത്. അവിടെയും ഭരണവിരുദ്ധ വികാരം ശക്തമാണ്. അലി അരീദിന്റെ പതനം ആസന്നമാണ്. അത് സംഭവിച്ചാല്‍ അട്ടിമറി നടന്നുവെന്ന മുറവിളിയുമായി ബ്രദര്‍ഹുഡിന്റെ ആശയബന്ധുക്കള്‍ രംഗത്ത് വരും. റോബര്‍ട്ട് ഫിസ്‌കിന്റെ ലേഖനം മലയാളത്തിലേക്ക് “സ്വതന്ത്ര” വിവര്‍ത്തനം നടത്തി ആശയ പ്രചാരണം ശക്തമാക്കുന്നവര്‍ അന്നും നിലവിലെ സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ മൂടിവെക്കാന്‍ തെരുവിലെ ചോര ഉപയോഗിക്കും. പ്രതിപക്ഷ നേതാവ് മുഹമ്മദ് അല്‍ ഇബ്‌റാഹിമിയെ വകവരുത്തിയതാണ് ടുണീഷ്യയിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെ പെട്ടുന്നുണ്ടായ കാരണം. എന്നാല്‍ ജനങ്ങളുടെ അതൃപ്തിയും നിരാശയും തന്നെയാണ് അവിടെയും അടിസ്ഥാനപരമായ പ്രശ്‌നം.
അല്‍പ്പമെങ്കിലും രാഷ്ട്രീയ വിവേകമുണ്ടെങ്കില്‍ ഈജിപ്തില്‍ ഇപ്പോള്‍ പ്രക്ഷോഭം അവസാനിപ്പിച്ച് ദേശീയ ഐക്യ സര്‍ക്കാറില്‍ ചേരുകയാണ് ബ്രദര്‍ഹുഡ് ചെയ്യേണ്ടത്. മുബാറക് പുറത്ത് വരുന്നതോടെ അദ്ദേഹത്തിന്റെ അനുയായികളുടെ പിന്തുണ ഇപ്പോഴത്തെ ഭരണ സഖ്യം ഉറപ്പിച്ച് കഴിഞ്ഞിരിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ പിന്തുണയോടെ തികച്ചും ജനാധിപത്യപരമായി ബ്രദര്‍ഹുഡ്‌വിരുദ്ധ സഖ്യം അധികാരത്തിലേറും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അണിയറയില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. ബ്രദര്‍ഹുഡിനെ ജനാധിപത്യപരമായി ഇല്ലാതാക്കുകയെന്നതാണ് തന്ത്രം.