Connect with us

National

ആന്ധ്രാ വിഭജനം: ജഗന്‍ റെഡ്ഢി അനിശ്ചിതകാല നിരാഹാരത്തിന്

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢി ജയിലില്‍ മരണം വരെ നിരാഹാരത്തിന്. ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലാണ് ഇന്ന് രാവിലെ മുതല്‍ ജഗന്‍ നിരാഹാരം തുടങ്ങുന്നത്. പാര്‍ട്ടി നേതാവ് കെ രാമകൃഷ്ണനാണ് ജഗന്റെ നിരാഹാര വിവരം അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരു വര്‍ഷത്തിലേറെയായി ജഗന്‍ ജയിലിലാണ്.
മാതാവും പാര്‍ട്ടി പ്രസിഡന്റുമായ വൈ എസ് വിജയമ്മയും നിരാഹാരം തുടങ്ങിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ വിധവയായ വിജയമ്മ നിരാഹാരം ആറാം ദിവസത്തിലും തുടരുകയാണ്. ഗുണ്ടൂരില്‍ നിരാഹാരം കിടക്കുന്ന വിജയമ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് അവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ന്ന് ആശുപത്രി വിട്ട അവര്‍ ഹൈദരാബാദിലേക്ക് പോയി.
വിജയമ്മയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആന്ധ്രയെ വിഭജിക്കരുതെന്നും എല്ലാ മേഖലക്കും നീതി നടപ്പാക്കണമെന്നുമാണ് വിജയമ്മയുടെ ആവശ്യം. വിജയമ്മ ഉള്‍പ്പെടെ പാര്‍ട്ടിയുടെ 16 എം എല്‍ എമാരും രാജിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടി ഡി പി നേതാക്കളും ഇതേ ആവശ്യവുമായി നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. ഇവരെയും പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.