Connect with us

Kozhikode

അറിവിന്റെ ജാലകങ്ങള്‍ തുറന്നിട്ട് സയന്‍സ് എക്‌സ്പ്രസ് കോഴിക്കോട്ട്

Published

|

Last Updated

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അറിവിന്റെ വാതയാനങ്ങള്‍ തുറന്നിട്ട് ജൈവവൈവിധ്യ, ശാസ്ത്ര പ്രദര്‍ശന തീവണ്ടി കോഴിക്കോട്ടെത്തി. 2007ല്‍ പര്യടനം തുടങ്ങിയ തീവണ്ടി ഇന്ത്യയിലെ ഏറ്റവും വലിയതും നീളമേറിയതും കൂടുതല്‍ മൊബൈല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയതുമായ ഖ്യാതിയുമായാണ് കോഴിക്കോട്ടെത്തിയത്. റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ഇന്നലെ രാവിലെ ആരംഭിച്ച പ്രദര്‍ശനം കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് എത്തിയത്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ എം കെ രാഘവന്‍ എം പി, തീവണ്ടി പ്രദര്‍ശനത്തിന് തുറന്നുകൊടുത്തു.
രാജ്യത്തെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് സയന്‍സ് എക്‌സ്പ്രസ്സ് പര്യടനം നടത്തുന്നത്. 16 എ സി കോച്ചുകളിലായുള്ള പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ 10 ജൈവവൈവിധ്യ മേഖലകളെക്കുറിച്ച് വിശദീകരിക്കുന്നു.
ജൈവവൈവിധ്യങ്ങളുടെ പ്രവിശാല കേന്ദ്രങ്ങളായ ഗംഗാസമതലം, വടക്കുകിഴക്കന്‍ ഇന്ത്യ, സമതല പ്രദേശങ്ങള്‍, മരുഭൂമികള്‍, സഹ്യപര്‍വത നിര, ഹിമാലയന്‍ സാനുക്കള്‍, ഡക്കാന്‍ പീഠഭൂമി, തീരദേശങ്ങള്‍, ദ്വീപ് സമൂഹങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു. കുട്ടികളെ ശാസ്ത്ര സത്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനുളള പ്രത്യേക കിഡ്‌സ് സോണും വണ്ടിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അര്‍ബുദത്തെ പ്രതിരോധിക്കുന്ന ഔഷധ സസ്യങ്ങള്‍, വിവിധതരം സസ്തനികള്‍, ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍, പരിസ്ഥിതി സൗഹൃദ ഭവനങ്ങള്‍, വിവിധതരം പരിപ്പ്,പഴ വര്‍ഗങ്ങള്‍, മാലിന്യ സംസ്‌കരണം, പെട്രോളിയം സംരക്ഷണം, പുനരുത്പാദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ വിഭാഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിപുലമായ വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. സയന്‍സ് എക്‌സ്പ്രസ് 27 വരെയാണ് കോഴിക്കോട്ടുണ്ടാകുക.

Latest