Connect with us

National

ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി; ബില്‍ ഇന്ന് രാജ്യസഭയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടാം യു പി എ സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌സഭയില്‍ പാസ്സായി. ചൂടേറിയ ചര്‍ച്ചയും ഭേദഗതികളിന്മേലുള്ള വോട്ടിംഗും പൂര്‍ത്തിയാക്കി ശബ്ദ വോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതികള്‍ സഭ തള്ളി. സര്‍ക്കാറിന് സഭയിലെ പിന്തുണ സുരക്ഷിതമായ നിലയിലാണെന്ന് തെളിയിച്ച് ഗണ്യമായ ഭൂരിപക്ഷത്തിലാണ് പ്രതിപക്ഷ ഭേദഗതികള്‍ തള്ളിയത്. ഭരണപക്ഷം കൊണ്ടുവന്ന എല്ലാ ഭേഗദതികളും പാസ്സാകുകയും ചെയ്തു. ചര്‍ച്ചയില്‍ ബില്ലിനെതിരെ ശക്തമായ വാദഗതികള്‍ ഉന്നയിച്ച സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ വോട്ടിംഗ് വേളയില്‍ സര്‍ക്കാറിന്റെ രക്ഷക്കെത്തി. ബി എസ് പി, ജെ ഡി യു, ആര്‍ ജെ ഡി തുടങ്ങിയ കക്ഷികളും സര്‍ക്കാറിന്റെ പക്ഷം ചേര്‍ന്നു.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ പൊതു മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ഗ്രാമ പ്രദേശത്ത് 75 ശതമാനം പേര്‍ക്കും നഗരങ്ങളില്‍ അമ്പത് ശതമാനം പേര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. മൂന്ന് രൂപക്ക് അരിയും രണ്ട് രൂപക്ക് ഗോതമ്പും ഒരു രൂപക്ക് പയറുവര്‍ഗങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. പോഷകസമൃദ്ധമായ ഭക്ഷണം ഉപഭോക്താക്കളിലെത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ഭക്ഷ്യ മന്ത്രി കെ വി തോമസ് പറഞ്ഞു. ചരിത്രപരമായ ചുവടുവെപ്പിനുള്ള സമയമാണിതെന്നാണ് ചര്‍ച്ചയില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സാക്കുന്നതിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്.
ബില്‍ പാസ്സാക്കുന്നതോടെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള അവസരമാണ് പാര്‍ലിമെന്റിന് ലഭിച്ചിരിക്കുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. വേണ്ടത്ര വിഭവങ്ങള്‍ രാജ്യത്തുണ്ടായോ ഇല്ലയോ എന്നതും കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാക്കുമോ എന്നതുമല്ല വിഷയം. പദ്ധതി നടപ്പാക്കിയേ തീരൂ. രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതിയെ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഏകകണ്ഠമായി പിന്തുണ നല്‍കണമെന്ന് സോണിയ ആവശ്യപ്പെട്ടു. 2009ല്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റുകയാണെന്നും സോണിയ പറഞ്ഞു.
ബില്ലിനെ ശക്തമായി എതിര്‍ത്ത് ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്തെത്തി. ബില്ലിലൂടെ വോട്ട് സുരക്ഷക്കാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഛത്തീസ്ഗഢ് പോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ തൊണ്ണൂറ് ശതമാനം ജനങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ട്. എന്തുകൊണ്ട് ഇത് കേന്ദ്രത്തിന് പറ്റില്ല? കേന്ദ്ര സര്‍ക്കാര്‍ ജനങ്ങലെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുരളി മനോഹര്‍ ജോഷി കുറ്റപ്പെടുത്തി.
ബില്ലിനെ എതിര്‍ത്ത് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് സഭയില്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദരിദ്രരായ ജനങ്ങള്‍ പട്ടിണി കൊണ്ട് മരിക്കുമ്പോള്‍ എന്തുകൊണ്ട് ബില്‍ നേരത്തെ കൊണ്ടുവന്നില്ലെന്ന് മുലായം ചോദിച്ചു. കര്‍ഷകരെയോ സാധാരണക്കാരെയോ ലക്ഷ്യമിട്ടല്ല ബില്‍ അവതരിപ്പിച്ചതെന്ന മുന്‍ നിലപാട് മുലായം ആവര്‍ത്തിച്ചു. ബില്‍ നടപ്പാക്കുന്നതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉണ്ടാകുന്ന അധിക ബാധ്യത എത്രയാകുമെന്നും ഇത് ആര് വഹിക്കുമെന്നും മുലായം ചോദിച്ചു. ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെപ്പോലുള്ള ഭക്ഷ്യകമ്മി സംസ്ഥാനങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ബില്ലെന്ന് സി പി എമ്മിലെ എ സമ്പത്ത് പറഞ്ഞു. സാര്‍വത്രിക റേഷന്‍ സമ്പ്രദായം തകരുന്നതിനാണ് ബില്‍ വഴിവെക്കുകയെന്നും സമ്പത്ത് ചൂണ്ടിക്കാട്ടി. സി പി ഐ നേതാവ് പ്രഭോത് പാണ്ഡെ ബില്ലിനെ എതിര്‍ത്തു. ബില്‍ അപൂര്‍ണവും ചില പ്രധാന വസ്തുതകളെ അവഗണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബില്‍ അവതരണം ധൈര്യമായ ചുവടുവെപ്പാണെന്നാണ് ജനതാദള്‍ യുനൈറ്റഡ് നേതാവ് ശരത് യാദവ് അഭിപ്രായപ്പെട്ടത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ പരാജയപ്പെട്ട പദ്ധതിയായി പദ്ധതി മാറരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Latest