Connect with us

Ongoing News

സാഫ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ ടീം നേപ്പാളിലെത്തി ഇന്ന് പരിശീലനത്തിനിറങ്ങും

Published

|

Last Updated

കാഠ്മണ്ഡു: സാഫ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ സംഘം കാഠ്മണ്ഡുവിലെത്തി. 22 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള സാഹചര്യത്തിലേക്ക് പറന്നിറങ്ങിയ ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിലാണ്. നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പക്ഷേ, ഫേവറിറ്റ് ടാഗിന്റെ ഭാരം താഴെ വെക്കാനാണ് ശ്രമിച്ചത്. സന്തുലിതമായ ടൂര്‍ണമെന്റാണിത്. ചാമ്പ്യന്‍ ടീം എന്നത് പ്രസക്തമല്ല. തന്ത്രങ്ങള്‍ നടപ്പിലാക്കുകയും ഓരോ മത്സരവും ജയിക്കുകയുമാണ് ലക്ഷ്യം-വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഛേത്രി പറഞ്ഞു.
സെപ്തംബര്‍ ഒന്നിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ആദ്യ ടീം പാക്കിസ്ഥാനാണ്. ഞായറാഴ്ച തന്നെ അവര്‍ ഇവിടെയെത്തി പരിശീലനം തുടങ്ങി. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ലക്ഷ്യം.
എട്ട് ടീമുകളാണ് സാഫ് കപ്പില്‍ മാറ്റുരക്കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ആതിഥേയരായ നേപ്പാള്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാന്‍ ഗ്രൂപ്പ് ബിയില്‍.
ഡച്ച് കോച്ച് വിം കോവര്‍മാന്‍സ് പ്രതീക്ഷയും സാധ്യതയുമുള്ള ടീമുമായാണ് നേപ്പാളിലെത്തിയിരിക്കുന്നത്. മുന്നേറ്റ നിരക്ക് ചുക്കാന്‍ പിടിക്കുന്നത് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ്.
റോബിന്‍ സിംഗ്, ഡൗസന്‍ ഫെര്‍നാണ്ടസ്, ജെജെ ലാല്‍പെഖുല എന്നിവരാണ് മറ്റ് സ്‌ട്രൈക്കര്‍മാര്‍. മധ്യനിരയില്‍ കളി മെനയാന്‍ സഈദ് റഹീം നബി, മെഹ്താബ് ഹുസൈന്‍, അരാറ്റ ഇസുമി, ലെനി റോഡ്രിഗസ്, ആല്‍വിന്‍ ജോര്‍ജ്, ജിവെല്‍ രാജ, ഫ്രാന്‍സിസ് ഫെര്‍നാണ്ടസ് എന്നിവരുണ്ട്. ഗൗരമാംഗ് സിംഗും രാജു ഗെയ്ക്‌വാദും അണിനിരക്കുന്ന ഡിഫന്‍സില്‍ നിര്‍മല്‍ ഛേത്രി, അര്‍നാബ് മൊണ്ടല്‍, സന്ദേഷ് ജിന്‍ഗാന്‍, മോഹന്‍രാജ് നാലപ്പന്‍ എന്നിവരുമുള്‍പ്പെടുന്നു. മൂന്ന് ഗോള്‍കീപ്പര്‍മാര്‍ ടീമിലുണ്ട്. സുബ്രതാ പാല്‍, കരണ്‍ജിത്സിംഗ്, സന്ദീപ് നന്ദി.

Latest