Connect with us

Gulf

ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രശ്‌നം: പരിഹാരമുണ്ടായില്ലെങ്കില്‍ നാട്ടില്‍ പ്രത്യക്ഷ സമരപരിപാടികള്‍പ്രവാസി ആക്ഷന്‍ കൗണ്‍സില്‍

Published

|

Last Updated

ദുബൈ: ഗള്‍ഫ് മലയാളികള്‍ നേരിടുന്ന യാത്രാ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാകാത്തപക്ഷം നാട്ടില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്ന് പ്രവാസി ആക്്ഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ച നടപടി പുനഃസ്ഥാപിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരള സെക്റ്ററിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചത് പുനഃപരിശോധിക്കുക, ആഘോഷ വേളയില്‍ അഡീഷനല്‍ ഫ്‌ളൈറ്റുകള്‍ അനുവദിച്ച് തിരക്കുകുറക്കാന്‍ ശ്രമിക്കുക, സീസണ്‍ സമയങ്ങളിലെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കുക, ഗള്‍ഫ് സെക്ടറില്‍ പഴകിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനു പകരം പുതിയവ ഉപയോഗിക്കുക, തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ യൂസേഴ്‌സ് ഫീ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രഥമ ഘട്ടത്തില്‍ ആക്്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചത്.
ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു കേരളത്തിലെ രാഷ്ട്രീയ മതസാംസ്‌കാരിക നേതാക്കളുടെയും മുഖ്യധാരാ പ്രസ്ഥാനങ്ങളുടെയും പിന്തുണ നേടുന്നതിനുള്ള ശ്രമങ്ങളും നടത്തും.
ഗള്‍ഫ് മലയാളികളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ അധികാരികളില്‍ നിന്ന് അനുഗുണമായ തീരുമാനമുണ്ടാകുന്നതിനു ആക്ഷന്‍ കൗണ്‍സില്‍ എല്ലാ സംഘടനകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സഹായം അഭ്യര്‍ഥിച്ചു. യോജിച്ച സമരങ്ങളിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ സമര പരിപാടികളുമായി മുന്നോട്ടുപോകാനും തീരുമാനമായി. നാട്ടില്‍ പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തത്തോടെയാണ് സമര പരിപാടികള്‍ സംഘടിപ്പിക്കുക.
വൈസ് ചെയര്‍മാന്‍ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. പുന്നക്കന്‍ മുഹമ്മദലി, ശരീഫ് കാരശ്ശേരി, മുഹമ്മദ് ഹനീഫ് ചെര്‍ക്കള, ബി എ നാസര്‍, നൗശാദ് പുന്നത്തല, എ കെ അബ്ദുല്‍ ഹഖീം, സമദ് മേലടി, രാജന്‍ കൊളാവിപ്പാലം, നസീര്‍ പാനൂര്‍, നാസര്‍ പരദേശി പങ്കെടുത്തു.

 

---- facebook comment plugin here -----

Latest