Connect with us

National

സുപ്രീം കോടതിയില്‍ പുതിയ ഭരണഘടനാ ബഞ്ച്

Published

|

Last Updated

ന്യൂഡല്‍ഹി: ഭരണഘടനാ കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സുപ്രീം കോടതിയില്‍ പുതിയ ഭരണഘടനാ ബഞ്ച് സ്ഥാപിക്കുന്നു. അടുത്ത ആഴ്ച മുതല്‍ ബഞ്ച് പ്രവര്‍ത്തനം തുടങ്ങും. സെപ്തംബര്‍ മൂന്നിനാണ് പുതിയ ബഞ്ച് വാദം കേട്ടുതുടങ്ങുക. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കേസുകളാണ് പരിഗണിക്കുക. കഴിഞ്ഞ 22 നാണ് പുതിയ ബഞ്ച് സ്ഥാപിക്കാനുള്ള വിജ്ഞാപനം സുപ്രീം കോടതി ഇറക്കിയത്. ചീഫ് ജസ്റ്റിസ് എസ് സദാശിവത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ന്യായാധിപരാണ് ബഞ്ചിലെ അംഗങ്ങള്‍.
കഴിഞ്ഞ ജൂലൈയിലാണ് ജസ്റ്റിസ് പി സദാശിവം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. തുടര്‍ന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസുകള്‍ പരിഗണിക്കാന്‍ പുതിയ ബഞ്ച് സ്ഥാപിച്ചിരുന്നു. ഒക്‌ടോബറില്‍ ദയാവധം സംബന്ധിച്ച ഹരജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് സ്ഥാപിക്കാനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനാപരമായ 43 കേസുകളാണ് അടിയന്തര പ്രാധാന്യത്തോടെ സുപ്രീം കോടതിയുടെ പരിഗണന കാത്തുകഴിയുന്നത്. ഇവയാണ് പുതിയ ബഞ്ച് ആദ്യം പരിഗണിക്കുകയെന്ന് സുപ്രീം കോടതി രജിസ്ട്രി വൃത്തങ്ങള്‍ പറഞ്ഞു.
ഭരണഘടനാപരമായ വ്യാഖ്യാനങ്ങളും ചോദ്യങ്ങളും വസ്തുതകളും ഉള്‍ക്കൊള്ളുന്ന കേസുകളാകും പുതിയ ഭരണഘടനാ ബഞ്ച് പരിഗണിക്കുക. കുറച്ചു കൂടി വലിയ ബഞ്ചിന് കേസുകള്‍ റഫര്‍ ചെയ്യുന്നതോടെ കേസ് തീര്‍പ്പാക്കുന്നതിന് വലിയ കാലതാമസം നേരിടാറുണ്ട്. 2011 മാര്‍ച്ച് 31 ന് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ച് മിനറല്‍ ഏരിയാ ഡവലപ്‌മെന്റ് അതോറിറ്റിയും സ്റ്റീല്‍ അതോറിറ്റിയും തമ്മിലുള്ള കേസ് വലിയ ബഞ്ചിന് വിട്ടിരുന്നു. ധാതു സമ്പത്തിന്റെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ വസ്തുതകള്‍ അടങ്ങിയതായിരുന്നു കേസ്. അത് ഇതുവരെ തീര്‍പ്പാക്കാനായിട്ടില്ല.

 

Latest