Connect with us

Kerala

സംസ്ഥാനത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേട്ടം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 19 സീറ്റുകളില്‍ ഒമ്പതെണ്ണം വീതം എല്‍ ഡി എഫും യു ഡി എഫും വിജയിച്ചു. ഒരു സീറ്റില്‍ ബി ജെ പിക്ക് ആണ് വിജയം. യു ഡി എഫിന്റെ ഏഴ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത എല്‍ ഡി എഫ് രണ്ടു പഞ്ചായത്തുകളില്‍ ഭരണവും സ്വന്തമാക്കി. തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, തൃശൂരിലെ കൊടകര എന്നിവിടങ്ങളിലെ ഭരണമാണ് യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തത്. എല്‍ ഡി എഫിന്റെ രണ്ടും ബി ജെ പിയുടെ ഒരു സിറ്റിംഗ് സീറ്റും യു ഡി എഫ് പിടിച്ചെടുത്തു.

പത്തനംതിട്ട നാറാണംമൂഴി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് സി പി എം സീറ്റ് പിടിച്ചെടുത്തു. സി പി എമ്മിന്റെ മഞ്ജു 110 വോട്ടിനാണ് ജയിച്ചത്. കൊടകരയിലെ രണ്ടു സീറ്റുകളില്‍ സി പി എം ജയിച്ചതോടെയാണ് പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് സ്വന്തമാക്കിയത്. വൈക്കം നഗസഭയിലെ പതിനാറാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ സുലോചന ജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ വി പി റഫീഖ് 467 വോട്ടിന് ജയിച്ചു. കണ്ണൂര്‍ ആലക്കോട് പേര്‍ത്തല്ലി വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. യു ഡി എഫിന്റെ ബേബി കുരിശുമ്മൂട്ടിലാണ് ജയിച്ചത്. മലപ്പുറം വണ്ടൂര്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ റോസ്‌നി കെ ബാബു 100 വോട്ടുകള്‍ക്ക് വിജയിച്ചു. കാസര്‍കോട് ചെമ്മനാട് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് ബി ജെ പിയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് നിലനിര്‍ത്തുകയായിരുന്നു.

Latest