Connect with us

Wayanad

പ്രത്യേക അധ്യാപകരുടെ നിയമനത്തിന് നടപടി സ്വീകരിക്കും: മന്ത്രി ജയലക്ഷ്മി

Published

|

Last Updated

കല്‍പറ്റ: ജില്ലയിലെ സ്‌കൂളുകളില്‍ എസ്.എസ്.എയുടെ ഫണ്ടുപയോഗിച്ച് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താവുന്ന 111 സ്‌പെഷ്യല്‍ അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എസ് എസ് എ(സര്‍വ്വശിക്ഷ അഭിയാന്‍) യുടെ പ്രവര്‍ത്തനം സംബന്ധിച്ച ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കായികം, ചിത്രകല, തൊഴില്‍ പരിശീലനം എന്നീ മേഖലകളിലെ അധ്യാപകരുടെ 37 വീതം ഒഴിവുകളാണ് നിലവിലുള്ളത്. ഇതിനായി ഒരു വര്‍ഷത്തേക്ക് രണ്ട് കോടി രൂപ എസ്.എസ്.എ. ജില്ലയ്ക്ക് വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ അനുമതി ലഭിക്കുന്നത് സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാല്‍ നിയമനം നീളുകയാണ്. അധ്യയന വര്‍ഷത്തില്‍ നിയമനം നടത്താന്‍ കഴിയാതെ വന്നാല്‍ വര്‍ഷാവസാനം തുക ലാപ്‌സാവുകയും ചെയ്യും. അതിനാല്‍ ഇക്കാര്യത്തിലെ പ്രശ്‌നങ്ങള്‍ നീക്കി നിയമനം നടത്തുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കും. ജില്ലയില്‍ എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യൂണിഫോം വിതരണത്തിലും പാഠപുസ്തക വിതരണത്തിലും അപാകതയുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമഗ്രവിദ്യാഭ്യാസ പുരോഗതിക്കായി ജില്ലയില്‍ എസ്.എസ്.എ. നടപ്പാക്കുന്ന പദ്ധതികളുടെ നടപ്പ് അധ്യയന വര്‍ഷത്തെ പുരോഗതി യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി, വൈസ് പ്രസിഡന്റ് എ.ദേവകി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ടി. സുബ്രഹ്മണ്യന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ.തങ്കമണി, എ.പി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest