Connect with us

Articles

അസദ് വീണാലും വാണാലും...

Published

|

Last Updated

സിറിയയില്‍ രാസായുധം പ്രയോഗിച്ചത് ആരാണ്? യു എന്‍ അന്വേഷണം നടക്കുന്നുണ്ട്. അത് പൂര്‍ത്തിയാകാനൊന്നും കാത്തുനില്‍ക്കാതെ അമേരിക്കയും കൂട്ടാളികളും വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. മരിച്ചത് സിറിയന്‍ കുട്ടികളെങ്കില്‍ കൊന്നത് ബശര്‍ അല്‍ അസദ് തന്നെ. പ്രഹസനമാണെങ്കിലും ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ യു എന്‍ നിര്‍ബന്ധിതമായത് വിമത സൈന്യത്തിന്റെ കൈയിലും രാസായുധങ്ങള്‍ വേണ്ടുേവാളമുണ്ടെന്ന വസ്തുത അസന്ദിഗ്ധമായി തെളിഞ്ഞതു കൊണ്ടാണ്. രാസായുധം ഇരുകൂട്ടര്‍ക്കും വിറ്റത് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമായതിനാല്‍ മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാം അത് എവിടെയൊക്കെയുണ്ടെന്ന്. സിറിയയിലെ അമേരിക്കന്‍ ആക്രമണം ആസന്നമെന്നത് തികച്ചും സാങ്കേതികമായ ഒരു പ്രസ്താവനയാണ്. അത് എന്നേ തുടങ്ങിയതാണ്. വിയറ്റ്‌നാമിലും ഇറാഖിലും അഫ്ഗാനിലും ലിബിയയിലുമെല്ലാം ഇത് തന്നെയായിരുന്നു സ്ഥിതി. ഇറാഖില്‍ കൂട്ടനശീകരണ ആയുധമുണ്ടെന്ന പെരുംകള്ളം എഴുന്നള്ളിക്കാന്‍ അമേരിക്കക്ക് സാധിച്ചത് സദ്ദാം ഹുസൈന് അവര്‍ തന്നെ നല്‍കിയ ആയുധങ്ങളുടെ പട്ടിക കൈയിലുള്ളതുകൊണ്ടായിരുന്നു. അമേരിക്ക ഓരോ ആക്രമണ മുന തുറക്കുമ്പോഴും ഓരോ ആയുധ വിപണി തുറക്കുകയാണ് ചെയ്യുന്നത്. അഫ്ഗാനില്‍ റഷ്യന്‍ സ്വാധീനത്തിനെതിരെ മുജാഹിദുകള്‍ക്ക് ആയുധം നല്‍കിയത് സാമ്രാജ്യത്വ ശക്തികളാണ്. പിന്നീട് താലിബാനെ അധികാരഭ്രഷ്ടമാക്കാനും ആയുധം ഇറക്കി. ഇന്ന് അവിടെ നിന്ന് തടിയൂരാന്‍ ശ്രമിക്കുമ്പോള്‍ അഫ്ഗാന്‍ ജനതയുടെ “സംരക്ഷണത്തിനായി” ഹാമിദ് കര്‍സായി സര്‍ക്കാറിന് ആയുധക്കൂമ്പാരം കച്ചവടമാക്കുകയാണ്. അരക്ഷിതാവസ്ഥ സൃഷ്ടിക്കുക, ആയുധ വിപണി ശക്തമാക്കുക എന്നതാണ് തന്ത്രം. അമേരിക്ക ജനാധിപത്യം “സ്ഥാപിച്ച” രാജ്യങ്ങളെല്ലാം ഇന്ന് നല്ല ആയുധക്കമ്പോളമാണ്.
ലിബിയ ഈ ആയുധമേറിന്റെ ഏറ്റവും ~ഒടുവിലത്തെ അധ്യായമായിരുന്നു. ലിബിയയില്‍ നേരിട്ടിറങ്ങുന്നതിന് എത്രയോ മുമ്പ് തന്നെ ആയുധങ്ങളുടെ രൂപത്തില്‍ നാറ്റോ സഖ്യം പണി തുടങ്ങിയിരുന്നു. ട്രിപ്പോളിയിലും ബെന്‍ഗാസിയിലും റോഡരികില്‍ സംഹാരശേഷിയുള്ള ആയുധങ്ങള്‍ കുന്നുകൂടി. അതോടെ ലിബിയന്‍ സൈന്യം സൈന്യമല്ലാതായി. തികഞ്ഞ അരാജകാവസ്ഥ സൃഷ്ടിച്ച ശേഷമാണ് നാറ്റോ നേരിട്ടിറങ്ങിയത്. കച്ചവടത്തിനായി അവര്‍ ആരുമായും കൂട്ട് ചേരും. 9/11ന് പ്രഖ്യപിത ശത്രുവായി ഉയര്‍ത്തപ്പെട്ട അല്‍ഖാഇദയായിരുന്നു അവിടെ അമേരിക്കയുടെ കൂട്ടാളി. ഗദ്ദാഫി പോയതോടെ അല്‍ഖാഇദ അതിന്റെ സ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങി. ട്രിപ്പോളി വിമാനത്താവളം അല്‍ ഔഫിയ എന്ന തീവ്രവാദ ഗ്രൂപ്പ് പിടിച്ചെടുത്ത് അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വകവരുത്തി. ഗദ്ദാഫിയനന്തര സര്‍ക്കാറിന് അല്‍ഖാഇദ അനുകൂല ഗ്രൂപ്പുകള്‍ ഇന്ന് ഒരു പേടിസ്വപ്‌നമാണ്. ആ പേടി മാറ്റാനും അമേരിക്കയും സഖ്യശക്തികളും തന്നെയാണ് ആയുധങ്ങള്‍ നല്‍കുന്നത്. എണ്ണസമ്പത്ത് തന്നെയാണ് ലക്ഷ്യം.
അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഇറാന്‍പേടി വളര്‍ത്തുകയെന്നതാണ് ഒരിക്കലും തളരാത്ത ആയുധ വിപണി സംഘടിപ്പിച്ചെടുക്കാന്‍ സാമ്രാജ്യത്വം കണ്ടെത്തിയ അഭിനവ മാര്‍ഗം. ശിയാ ഭൂരിപക്ഷ രാജ്യമെന്ന നിലയില്‍ വളരെ മുമ്പു തന്നെ ഇറാനെ മേഖലയിലെ കുതന്ത്രങ്ങളില്‍ കരുവാക്കിത്തുടങ്ങിയിരുന്നു. ഇറാന്റെ ആണവ പരീക്ഷണം മുന്‍ നിര്‍ത്തി ഭീതി ഉത്പാദനം തുടങ്ങിയതോടെ ഈ തന്ത്രത്തിന് ആഗോള മാനം കൈവന്നു. എണ്ണ സമ്പന്നമായ അറബ് മേഖലയുടെ സുരക്ഷിതത്വത്തിന് ഇറാന്‍ ഭീഷണിയാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ അവര്‍ വിജയിച്ചു. മുല്ലപ്പൂ വിപ്ലവമെന്ന് പേര്‍കൊണ്ട അധികാര മാറ്റ പരമ്പര അരങ്ങേറിയപ്പോള്‍ ഭരണാധികാരികള്‍ക്കൊപ്പവും പ്രക്ഷോഭകര്‍ക്കൊപ്പവും ഒരു പോലെ സഞ്ചരിച്ച് ഈജിപ്തിലും ടുണീഷ്യയിലും അസ്വാരസ്യം വിതച്ചു. ഈജിപ്തില്‍ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിക്ക് സാമ്പത്തിക, സായുധ സഹായം വാഗ്ദാനം ചെയ്ത് ഇസ്‌റാഈല്‍ അനുകൂല സമീപനം സ്വീകരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മുര്‍സിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയും ഒരു ഘട്ടത്തില്‍ ഇറാനുമായി അദ്ദേഹം ബന്ധം ശക്തമാക്കുകയും ചെയ്തപ്പോള്‍ കൈയൊഴിഞ്ഞു. ഇപ്പോള്‍ അധികാരമേറ്റ ഭരണകൂടത്തിനും സംരക്ഷണമേകുന്നത് അമേരിക്കയാണ്. തെരുവിലെ മനുഷ്യര്‍ക്കു മേല്‍ പ്രയോഗിക്കപ്പെടുന്ന ആയുധങ്ങള്‍ക്ക് മേല്‍ അങ്കിള്‍ സാമിന്റെ സീല്‍ പതിഞ്ഞിട്ടുണ്ട്.
സത്യത്തില്‍ സിറിയയെ ലക്ഷ്യം വെക്കുക വഴി ഇറാനെ തന്നെയാണ് സാമ്രാജ്യത്വം തോക്കിന്‍ മുനയില്‍ നിര്‍ത്തുന്നത്. അഥവാ ഇസ്‌റാഈല്‍ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സിറിയയില്‍ നേരിട്ട് ഇറങ്ങുന്നത്. ഇന്നത്തെ നിലയില്‍ സിറിയ ആക്രമിക്കപ്പെട്ടാല്‍ ഇറാന്‍ ഇറങ്ങുമെന്ന് ഉറപ്പാണ്. അത് സിറിയയെ സഹായിക്കുന്നതില്‍ മാത്രം ഒതുങ്ങിക്കൊള്ളണമെന്നില്ല. ഇറാന്‍ ഇസ്‌റാഈല്‍ ഭാഗങ്ങള്‍ ആക്രമിച്ചേക്കാം. ചുരുങ്ങിയത് ജൗലാന്‍ കുന്നുകളിലെങ്കിലും സംഘര്‍ഷം ഉണ്ടാകും. ഇറാനെ ആക്രമിക്കുകയെന്ന ഇസ്‌റാഈല്‍ സ്വപ്‌നത്തിന് അതോടെ സാക്ഷാത്കാരമാകും. കാരണം കിട്ടാന്‍ കാത്തു നില്‍ക്കുകയാണല്ലോ അവര്‍. ഈ സംഘര്‍ഷങ്ങളുടെയല്ലാം ഗുണഭോക്താക്കള്‍ വന്‍കിട ആയുധ കമ്പനികള്‍ ആയിരിക്കും. ഇതുവഴിയെല്ലാം ശക്തമാകുന്നത് ഡോളറായിരിക്കും. ഇവിടെ പ്രതിപാദിച്ച സാധ്യതകള്‍ കുറേക്കൂടി വിശാലമായും മാരകമായുമാണ് അറബ് ശൈഖുമാര്‍ക്കിടയില്‍ പ്രചരപ്പിക്കപ്പെടുന്നത്. അവരുടെ അധികാര സ്ഥാനങ്ങള്‍ക്ക് ഇളക്കം തട്ടാന്‍ പോകുന്നുവെന്നാണ് പ്രചാരണം. ശിയാ- സുന്നി ഘടകവും ഈ പ്രചാരണത്തിലേക്ക് സന്നിവേശിപ്പിക്കുന്നു. ദൈവം തമ്പുരാന്‍ കനിഞ്ഞരുളിയ എണ്ണസമ്പത്തില്‍ നിന്നുള്ള വരുമാനത്തിന്റെ നല്ല പങ്ക് സുരക്ഷ വിലകൊടുത്ത് വാങ്ങാനായി ഉപയോഗിക്കുന്നിടത്താണ് ഈ പ്രചാരണ തന്ത്രം ചെന്നെത്തുന്നത്. സ്വയം ആയുധം വാങ്ങുന്നുവെന്ന് മാത്രമല്ല, ഇറാന്‍വിരുദ്ധര്‍ക്ക് മുഴുവന്‍ ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്നു.
അങ്ങനെയാണ് സിറിയയിലെ വിമത സൈന്യമായ ഫ്രീ സിറിയന്‍ ആര്‍മി ആധികാരികമായ സൈനികശക്തിയായത്. കപ്പല്‍ കണക്കിന് ആയുധങ്ങളാണ് സിറിയയിലെത്തിയത്. റഷ്യന്‍ ആയുധക്കപ്പലുകള്‍ ബശര്‍ അല്‍ അസദിന്റെ കൂട്ടിനുമെത്തുന്നു. ഹമയിലും ഹൗലയിലും ഹംസിലും ദമസ്‌കസിലുമൊക്കെ ഇരു കൂട്ടരുടെയും ആയുധങ്ങള്‍ ഒഴുകി നടക്കുകയാണ്. കൂട്ടക്കൊലകള്‍ക്ക് ശേഷം ഇരുപക്ഷവും പരസ്പരം പഴിക്കുന്നതിന്റെ കാരണമതാണ്. ആരാണ് കൊന്നതെന്ന് തിട്ടപ്പെടുത്താനാകാത്ത അവസ്ഥ. രണ്ട് കൂട്ടര്‍ക്കും തുല്യമായ ഉത്തരവാദിത്വമുണ്ടെന്നാണ് നിഷ്പക്ഷത പുലര്‍ത്തുന്ന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബശര്‍ അല്‍ അസദിനെ അധികാരഭ്രഷ്ടനാക്കുകയെന്നതല്ല അമേരിക്കയുടെ ആത്യന്തിക ലക്ഷ്യം. മേഖലയില്‍ അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങള്‍ നിതാന്തമായി സംരക്ഷിക്കണം. അസദ് മാറിയാലും സിറിയ സംഘര്‍ഷഭരിതമാകണം. റഷ്യയും ചൈനയും ഇറാനും ലബനാനിലെ ഹിസ്ബുല്ലയും അസദിന്റെ രക്ഷക്കുള്ളിടത്തോളം അസദ് തത്കാലം പടിയിറങ്ങുമെന്ന് തോന്നുന്നില്ല. പക്ഷേ ആ രാജ്യം ആഭ്യന്തര പ്രതിസന്ധിയില്‍ തകരണം. മനുഷ്യര്‍ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്യണം. അവര്‍ അഭയാര്‍ഥികളായി ചെല്ലുന്നിടത്തും കുഴപ്പങ്ങളുണ്ടാകണം. നിയമവിരുദ്ധമായി മധ്യ പൗരസ്ത്യ ദേശത്ത് കുടിയിരുത്തിയ ജൂത രാഷ്ട്രം സദാ സംരക്ഷിതമായിരിക്കണം. തങ്ങളുടെ ആഭ്യന്തര മാന്ദ്യം ആരാന്റെ ചെലവില്‍ മറികടക്കണം. ഡോളര്‍ എക്കാലവും പ്രഹരശേഷിയുള്ള കറന്‍സിയായിരിക്കണം. അത്രയേ വേണ്ടൂ.
പക്ഷേ ഒരു കാര്യം വിസ്മരിക്കാനാകില്ല. തനിക്കും ചുറ്റും നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ബുദ്ധിപൂര്‍വം പ്രതികരിക്കുന്നതില്‍ ബശര്‍ അല്‍ അസദിന് സംഭവിച്ച വീഴ്ചയാണ് ഈ നിലയിലേക്ക് ഈ രാജ്യത്തെ കൊണ്ടെത്തിച്ചത്. പിതാവ് ഹാഫിസ് അല്‍ അസദില്‍ നിന്ന് പൈതൃകമായ അധികാരം കൈവന്നപ്പോള്‍ ഉള്ള സാഹചര്യമല്ല മേഖലയില്‍ ഇന്നുള്ളത്. വരുംവാരായ്കകളെക്കുറിച്ച് കൃത്യമായ ധാരണകളില്ലാതെ ശക്തിപ്രാപിക്കുന്ന ജനാധിപത്യ അഭിവാഞ്ഛകളില്‍ യുവാക്കള്‍ അഭിരമിക്കുന്നു. അറബ് വസന്തമെന്ന് ആഘോഷിക്കുന്നവര്‍ക്ക് പോലും അതിന്റെ ആഴത്തില്‍ സംശയമുണ്ട്. കാല്‍പ്പനികമായ പ്രതീക്ഷകള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു അതെന്നതിന് ഈജിപ്തും ടുണീഷ്യയും തന്നെയാണ് തെളിവ്. യുവാക്കളുടെ ഈ എടുത്തുചാട്ടത്തിന് എങ്ങോട്ടും ചായാനാകുമെന്നും ആര്‍ക്കും അവരെ ഹൈജാക്ക് ചെയ്യാന്‍ കഴിയുമെന്നും ലിബിയയും സിറിയയും തെളിയിച്ചു. സിറിയയില്‍ തുടക്കത്തില്‍ നിരായുധ പ്രക്ഷോഭമാണ് അരങ്ങേറിയത്. ആ ഘട്ടത്തില്‍ അസദ് ബുദ്ധിപൂര്‍വം പെരുമാറണമായിരുന്നു. എങ്കില്‍ വിമതര്‍ എന്ന പാവകള്‍ രൂപപ്പെടില്ലായിരുന്നു. അല്‍ഖാഇദ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് രംഗപ്രവേശം ചെയ്യാന്‍ അവസരം ലഭിക്കില്ലായിരുന്നു. ആത്യന്തികമായി ആയുധക്കച്ചവടത്തിന്റെ ഇരയായി സിറിയ അധഃപതിക്കില്ലായിരുന്നു. അസദ് വീണാല്‍ അധികാരം കൈയാളാന്‍ പോകുന്നത് സിറിയയിലെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ ആണ്. ഈജിപ്ത് ബ്രദര്‍ഹുഡിന്റെ തുടര്‍ച്ചയാണ് അത്. രാജ്യം തകര്‍ന്നടിയുന്ന ഘട്ടത്തില്‍ ജനാധിപത്യപരമായി ഇടപെടാന്‍ ജനാധിപത്യത്തിന്റെ പേരില്‍ അധികാര ഗുണഭോക്താവാകാന്‍ പോകുന്ന ബ്രദര്‍ഹുഡിനും സാധിച്ചില്ല. സ്വയം നിര്‍ണയത്തിലേക്ക് ഉണരാന്‍ സിറിയയെ പ്രേരിപ്പിക്കുന്നതിന് പകരം പക്ഷം ചേര്‍ന്ന് വംശീയത കളിക്കാന്‍ തുനിഞ്ഞ അറബ് ഭരണാധികാരികളും സിറിയയെ കൊന്നതില്‍ കൂട്ടുപ്രതികളാണ്.
സാമ്രാജ്യത്വ ഭരണാധികാരികളുടെ കുടില പദ്ധതികള്‍ ഏറ്റവും നന്നായി തിരിച്ചറിയുന്നതും തുറന്നു കാണിക്കുന്നതും അവരുടെ പൗരന്‍മാര്‍ തന്നെയാണ്. ആശ്വാസകരമായ പ്രവണതയാണ് അത്. തങ്ങള്‍ക്ക് വേണ്ടിയെന്ന വ്യാജേന ചെയ്തുകൂട്ടുന്ന ക്രൂരതകളെ അമേരിക്കന്‍ പൗരന്‍മാര്‍ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. ബ്രിട്ടനിലും ഫ്രാന്‍സിലുമൊക്കെ പല തലങ്ങളില്‍ ഈ വിചാരണകള്‍ നടക്കുന്നുണ്ട്. സിറിയയില്‍ ഇടപെടേണ്ടതില്ലെന്ന് ബ്രിട്ടീഷ് പാര്‍ലിമെന്റ് വിധിച്ചത് മുക്കൂട്ട് മുന്നണിയുടെ മുഖമടച്ച് കിട്ടിയ അടിയാണ്. ഇളിഭ്യനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രതികരണത്തില്‍ ജനവികാരം ഒരു ഭരണാധികാരിയെ തിരുത്തുന്നതിന്റെ മനോഹരമായ നീതി കാണാം: “ഒബാമയുമായുള്ള ധാരണക്ക് വിരുദ്ധമായ കാര്യങ്ങളാണ് പാര്‍ലിമെന്റില്‍ സംഭവിച്ചത്. ജനവികാരം മാനിക്കേണ്ടതുണ്ട്. അത് അമേരിക്കന്‍ ജനതയും പ്രസിഡന്റും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ”.
ഒബാമയോടും കാമറൂണിനോടും ഹൊലന്‍ദേയോടും ലോകത്തിന് പറയാനുള്ളത് ഇത് തന്നെയാണ്. “ജനവികാരം മാനിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. നിപരാധികാളായ മനുഷ്യരെ കച്ചവടക്കളത്തിലെ കരുക്കളാക്കരുത്”.

 

musthafaerrakkal@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest