Connect with us

Kerala

വിലക്കയറ്റം മാനം തൊടുന്നതിനിടെ സപ്ലൈകോയില്‍ ഇന്ന് മുതല്‍ സമരം

Published

|

Last Updated

കൊച്ചി: സപ്ലൈകോ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഐ എന്‍ ടി യു സി, സി ഐ ടി യു, എ ഐ ടി യുസി യൂനിയനുകളുടെ കീഴില്‍ സപ്ലൈകോയിലെ മുഴുവന്‍ സ്ഥിരം ജീവനക്കാരും താത്ക്കാലിക തൊഴിലാളികളും സമരത്തില്‍ അണിനിരക്കും. സ്ഥാനക്കയറ്റം നല്‍കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കുക, താത്ക്കാലിക പാക്കിംഗ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക, വിലക്കയറ്റം തടയാന്‍ സപ്ലൈകോക്ക് കൂടുതല്‍ സബ്‌സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
വകുപ്പ് മന്ത്രി അനൂപ് ജേക്കബുമായി മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. സപ്ലൈകോയിലെ 7949 ജീവനക്കാരില്‍ 1295 പേര്‍ ഡെപ്യൂട്ടേഷന്‍കാരാണ്.
ഇവരുടെ ശമ്പളയിനത്തില്‍ മാത്രം കോര്‍പറേഷന് പ്രതിവര്‍ഷം 32 കോടി രൂപ ചെലവുണ്ട്. 1044 പേര്‍ സ്ഥിരം ജീവനക്കാരും 5610 താത്കാലിക ജീവനക്കാരുമാണ്. ജീവനക്കാരുടെ അതേ യോഗ്യതയുള്ള ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍ യഥേഷ്ടം സ്ഥാനക്കയറ്റം സ്വന്തമാക്കുമ്പോള്‍ സപ്ലൈകോയില്‍ ജോലിക്കു കയറുന്നവര്‍ അതേ തസ്തികയില്‍ തന്നെയാണ് വിരമിക്കുന്നത്.
സെയില്‍സ് അസിസ്റ്റന്റ് തസ്തികയിലെ ഗ്രേഡ്1, ഗ്രേഡ് 2 വിഭാഗക്കാര്‍ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ സ്ഥാനക്കയറ്റം നല്‍കാമെന്നിരിക്കേ സപ്ലൈകോ ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്നത് ചിറ്റമ്മനയമാണ്. 12 മണിക്കൂര്‍ വരെ ജോലിചെയ്യുന്ന പാക്കിഗ് തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും നല്‍കുന്നില്ല. പാക്കറ്റൊന്നിന് 40 പൈസ തൊഴിലാളിക്ക് നല്‍കി ഒരു രൂപ ഉപഭോക്താവില്‍നിന്ന് ഈടാക്കി കൊള്ളലാഭം കൊയ്യുകയാണ് കോര്‍പറേഷന്‍.
13 ഇന സബ്‌സിഡി ഉത്പന്നങ്ങളില്‍ അരി, പഞ്ചസാര, മുളക് എന്നിവ മാത്രമാണ് മാവേലി സ്‌റ്റോറുകള്‍ വഴി നല്‍കുന്നത്. കര്‍ഷകരില്‍ നിന്ന് കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ നേരിട്ട് വാങ്ങുന്നത് നിര്‍ത്തി വന്‍കിടക്കകാരുടെ കൈയില്‍ നിന്ന് കൂടിയ വിലക്ക് സാധനങ്ങള്‍ വാങ്ങുന്നതിലൂടെ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. 3105 കോടിയുടെ വിറ്റുവരവുള്ള കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നല്‍കിയത് 135 കോടിയുടെ സബ്‌സിഡിയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ തുക പര്യാപ്തമല്ല.
വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്ന ഓണക്കാലത്ത് ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
സമരസമിതി ചെയര്‍മാന്‍ പി രാജു (എ ഐ ടി യു സി), വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍ വിജയകുമാര്‍ (ഐ എന്‍ ടി യു സി), കണ്‍വീനര്‍ എന്‍ എ മണി (സി ഐ ടി യു) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest