Connect with us

International

സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം ഇരുപത് ലക്ഷം കവിഞ്ഞു

Published

|

Last Updated

വാഷിംഗ്ടണ്‍: അസദ് ഭരണകൂടത്തിനെതിരെ വിമത പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ സിറിയയില്‍ നിന്ന് അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലേക്കും മറ്റും പലായനം ചെയ്തവരുടെ എണ്ണം ഇരുപത് ലക്ഷം കവിഞ്ഞതായി യു എന്‍. യു എന്നിന്റെ അഭയാര്‍ഥി ഏജന്‍സിയായ യു എന്‍ എച്ച് സി ആര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. 
ആറ് മാസത്തിനിടെ അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായതെന്നും വിമത പ്രക്ഷോഭം രൂക്ഷമായ ഈ കാലയളവില്‍ ഒരു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി വിവിധ ക്യാമ്പുകളിലെത്തിയിട്ടുണ്ടെന്നും യു എന്‍ വക്താക്കള്‍ അറിയിച്ചു. ലബനാന്‍, ജോര്‍ദാന്‍, തുര്‍ക്കി, ഇറാഖ്, ഈജിപ്ത് എന്നി രാജ്യങ്ങളിലേക്കാണ് സിറിയയില്‍ നിന്ന് അഭയാര്‍ഥികള്‍ ഒഴുകിയത്. ഇതില്‍ ലബനാനിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ (7,16,00) പലായനം ചെയ്തത്.
ഔദ്യോഗിക കണക്കനുസരിച്ച് ഇരുപത് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായിട്ടുണ്ടെന്ന് യു എന്‍ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും അധികമാകുമെന്നും സിറിയയിലേക്ക് അമേരിക്കയുടെ ആക്രമണം ആരംഭിച്ചാല്‍ അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നും ഇത് കനത്ത പ്രതിസന്ധിക്ക് കാരണമാകുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടര വര്‍ഷത്തോളമായി സിറിയയില്‍ നടക്കുന്ന വിമത പ്രക്ഷോഭത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലും സ്‌ഫോടനങ്ങളിലുമായി ഇതുവരെ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ മൂന്നില്‍ ഒരു വിഭാഗം ജനങ്ങള്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടപ്പെട്ടുണ്ടെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു.
രാജ്യത്തിന്റെ അഞ്ച് അതിര്‍ത്തി മേഖലയിലെ ക്യാമ്പുകളില്‍ ദിവസേന ആയിരക്കണക്കിനാളുകള്‍ അഭയാര്‍ഥികളായി എത്തുകയാണ്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്നും ഒന്നര ലക്ഷത്തോളം വരുന്ന കുട്ടികളായ അഭയാര്‍ഥികളുടെ ആരോഗ്യ, വിദ്യാഭ്യാസ നിലവാരം പരിതാപകരമാണെന്നും മനുഷ്യാവകാശ സംഘടനയുടെ വക്താക്കള്‍ അറിയിച്ചു.

Latest