Connect with us

Gulf

ഷാര്‍ജയില്‍ തലശ്ശേരി സ്വദേശി കുത്തേറേറുമരിച്ചു

Published

|

Last Updated

ഷാര്‍ജ: സൂപ്പര്‍മാര്‍ക്കറ്റിലെ കലക്ഷനുമായി മുറിയിലേക്ക് ചെന്ന മാനേജിംഗ് പാര്‍ട്ണര്‍ കുത്തേറ്റു മരിച്ച നിലയില്‍. ഷാര്‍ജ നാഷനല്‍ പെയിന്റിനു സമീപം ഖാന്‍സാബ് ബില്‍ഡിംഗിലെ അസര്‍ അല്‍ മദീനയുടെ മാനേജിംഗ് പാര്‍ട്ണര്‍ തലശ്ശേരി കടവത്തൂര്‍ എരിഞ്ഞിന്‍കീഴില്‍ അടിയോത്ത് അബൂബക്കര്‍ (48) ആണ് ഇക്കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്ത് കുത്തേറ്റു മരിച്ചത്. കവര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. പരേതനായ പക്രു ഹാജിയുടെയും ബിയാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഹഫ്‌സത്ത്. മറ്റുമക്കള്‍: ഫഹീമ, ശഫ്‌ന, ഹഫ്‌ന. മരുമകന്‍: അര്‍ശദ് (അബുദാബി). സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല (അബുദാബി), അബ്ദുസ്സലാം (ദുബൈ).

രാത്രി 12.30 ഓടെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ ഹാഫിസ് മുറിയിലെത്തിയപ്പോഴാണ് അബൂബക്കര്‍ കുത്തേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഈ മുറിയിലാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ അലമാരയുള്ളത്. ടെലിഫോണ്‍ കാര്‍ഡുകളും പണവും നഷ്ടപ്പെട്ട നിലയിലായിരുന്നു. അബ്ദുല്ല പൊയിലിന്റെ നേതൃത്വത്തിലുള്ള മദീന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഭാഗമാണ് അസര്‍ അല്‍ മദീന. ഏഴ് വര്‍ഷം മുമ്പാണ് സൂപ്പര്‍മാര്‍ക്കറ്റ് ഇവിടെ തുടങ്ങിയത്. ഈയിടെ നാട്ടില്‍ പോയിരുന്നു. കൊല്ലപ്പെട്ട അബൂബക്കര്‍, അബ്ദുല്ലയുടെ ബന്ധുവാണ്. മലയാളികളെ ഒന്നടങ്കം നടുക്കിയ ദുരന്തമാണ് നടന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വൃത്തങ്ങള്‍ പറഞ്ഞു. കൊലപാതകത്തില്‍ ഒന്നിലധികം പേരുണ്ടാകുമെന്നാണ് സംശയം. മുറിക്കകത്ത് കയറിയ അബൂബക്കറിനെ കോളിംഗ് ബെല്ലടിച്ച് വാതില്‍ തുറപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണ് നിഗമനം. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. കുറച്ചു നാളുകളായി സംരക്ഷകരായി ഒപ്പം കൂട്ടിയ രണ്ടു ജോലിക്കാരോടൊപ്പമാണ് അബൂബക്കര്‍ താമസ സ്ഥലത്തെത്തിയത്. അവര്‍ മടങ്ങിപ്പോയിരുന്നു. സംഭവമറിഞ്ഞ് സൂപ്പര്‍ മാര്‍ക്കറ്റിലെ മറ്റു ജീവനക്കാര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏതാണ്ട് പത്ത് വര്‍ഷമായി അബൂബക്കര്‍ ദുബൈയിലുണ്ട്. അതിനു മുമ്പ് ഖത്തറിലായിരുന്നു. മകന്‍ ഹാശിര്‍ ഷാര്‍ജ ഹിലാല്‍ അല്‍ മദീനയില്‍ ജീവനക്കാരനാണ്. മയ്യിത്ത് പോലീസെത്തി കുവൈത്ത് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വ്യാപാര പ്രമുഖന്‍ പൊട്ടങ്കണ്ടി അബ്ദുല്ലയുടെ സഹോദരീ ഭര്‍ത്താവിന്റെ അനുജനാണ് അബൂബക്കര്‍.
ഏതാനും ദിവസം മുമ്പ് റോളയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നിരുന്നു. മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു.