Connect with us

Gulf

സഞ്ചാരികളുടെ മനം കവര്‍ന്ന് ദയാ ഫോര്‍ട്ട്

Published

|

Last Updated

റാസല്‍ഖൈമ: നൂറ്റാണ്ടുകളുടെ കഥ പറയുന്ന ചരിത്ര പ്രാധാന്യമുള്ള ദയാ എന്ന കോട്ട റാസല്‍ഖൈമയിലെ വടക്കു –കിഴക്ക് പ്രദേശമായ ഒമാന്‍ റോഡിലെ റംസ് മലമുകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും കഥകള്‍ ദയാ ഫോര്‍ട്ടിനും പറയാനുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ റാസല്‍ഖൈമയിലെ ‘രണാധികാരിയായ ഖാസിമി കുടുംബം നിര്‍മ്മിച്ചതാണ് ഈ കോട്ട
രാജ്യത്തെ നേരിടാന്‍ വരുന്ന അതിനിവേശ ശക്തികള്‍ റോഡു മാര്‍ഗവും കടല്‍ മാര്‍ഗവും വരുന്നത് ഒരേ സമയം വീക്ഷിക്കുന്നതിന് അനിയോജ്യമായ സ്ഥലത്താണ് കോട്ട നിര്‍മിച്ചിരിക്കുന്നത്. ചുറ്റുമുള്ള ശത്രുക്കളുടെ നീക്കുപോക്കുകള്‍ വീക്ഷിക്കുന്നതിനും ശത്രു സൈന്യം കാണാതെ അവര്‍ക്കു നേരെ വെടിയുണ്ടകള്‍ ഉതിര്‍ക്കാനും തന്ത്ര പരമായി, ചുറ്റും തുളകളാല്‍ നിര്‍മിക്കപ്പെട്ട രണ്ട് ഗോപുരങ്ങളാണ് കോട്ടയുടെ പ്രധാന ഘടകം. കഠിന ചൂട് സമയത്തും തണുത്ത അന്തരീക്ഷം നിലനില്‍ക്കാന്‍ വേണ്ടി ഗോപുരങ്ങളുടെ ചുവരുകള്‍ മണ്ണും ഈന്തപ്പന തണ്ടും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
1797 മുതല്‍ 1819 വരെ ഹസന്‍ ബിന്‍ അലിയുടെ നേതൃതത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ചരിത്ര പ്രാധാന്യമുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട് പുതുക്കി പണിയലുകള്‍ക്ക് വിധേയമാക്കപ്പെട്ട കോട്ട പിന്നീട് ഭരണാധികാരികളുടെ വീടും ജയിലുമായി ഉപയോഗിച്ചിരുന്നു. പോരാട്ടങ്ങളില്‍ മരണപ്പെട്ട വരുടെ മൃതദേഹങ്ങള്‍ കോട്ടയുടെ താഴ്ഭാഗങ്ങളിലായി അടക്കം ചെയ്തിട്ടുണ്ട്.
നൂറ്റാണ്ടുകളുടെ കഥ പറയുന്ന ദയാ ഫോര്‍ട്ടിലേക്ക് ഗവേഷകര്‍ ഉള്‍പ്പടെ സ്വദേശികളും വിദേശികളുമായി നിരവധി സന്ദര്‍ശകര്‍ എത്തുന്നു. മലമുകളിലേക്ക് അനായാസം എത്തുന്നതിന് വേണ്ടി ഉയരം കുറഞ്ഞ പടവുകളും ഇടക്ക് വിശ്രമിക്കുന്നതിന് വേണ്ടി ഇരിപ്പിടവും പടവുകള്‍ക്ക് ഇരു വശവും ചെറിയ വൃക്ഷ തൈകള്‍ നട്ടു സംരക്ഷിക്കുന്നതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ഓരോ പടവുകള്‍ കയറുമ്പോഴും താഴ്‌വാരത്തെ സൗന്ദര്യകാഴ്ചകളും അറ്റമില്ലാത്ത സമുദ്ര ജല നിരപ്പും സൂര്യാസ്തമയവും പിറകു വശത്ത് മാനം മുട്ടി നില്‍ക്കുന്ന മലകളും കാഴ്ചകള്‍ക്ക് ഹരം പകരുന്നു.