Connect with us

Kerala

മുഖ്യമന്ത്രി ഇന്ന് ഗൂഗിള്‍ 'ഹാംഗ്ഔട്ടി'ല്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷണകരില്‍ നിന്ന് തൊഴില്‍ ദാതാക്കളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ സ്വയംസംരംഭകത്വ പരിപാടിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച സ്‌കൂള്‍/ കോളേജ് വിദ്യാര്‍ഥികളെ ഗൂഗ്ള്‍ ഹാങ്ഔട്ടിലൂടെ അഭിസംബോധന ചെയ്യും. 50 ലക്ഷം വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഗൂഗിള്‍ ഹാങ്ഔട്ട് സര്‍ക്കാര്‍ പരിപാടി ജനങ്ങളില്‍ എത്തിക്കുവാന്‍ വിനിയോഗിക്കുന്നത്.

സംരംഭകത്വ പദ്ധതി വലിയതോതില്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഒന്നര വരെയാണ് ഗൂഗിള്‍ ഹാങ്ഔട്ടിന്റെ സമയം. പത്തുമിനിറ്റാണ് മുഖ്യമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നത്. വിദ്യാര്‍ത്ഥി സ്വയംസംരംഭകര്‍ക്കായി മുഖ്യമന്ത്രി സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തും. തുടര്‍ന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കും. ഐറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ ആമുഖ പ്രഭാഷണം നടത്തും. യുട്യൂബിലൂടെയും www.youtube.com/oommenchandykerala) ഹാങ്ഔട്ട് ഇന്‍ എയറിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്യും. വിദ്യാര്‍ഥികളെ കൂടാതെ വെബ് ബ്രൗസറുള്ള ആര്‍ക്കും ഇതു കാണാന്‍ കഴിയും. സര്‍വകലാശാലകള്‍, കോളേജുകള്‍, എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് പരീക്ഷ എഴുതുന്ന കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. എമേര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥി സംരംഭകത്വ നയത്തിന് യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളമശ്ശേരിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ മാത്രം ഐടി/ടെലികോം മേഖലയില്‍ ആയിരത്തില്‍പരം നൂതന ആശയങ്ങളാണ് എത്തിയത്. ഇത് കൃഷി, വിനോദസഞ്ചാരം, ക്ഷീരമേഖല, കല-സംസ്‌കാരം എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സംരംഭകത്വദിനം ആചരിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സംരംഭകത്വദിനം ആചരിക്കും. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ 150 മീറ്റര്‍ നീളത്തില്‍ സ്റ്റാര്‍ട്ടപ്പ് ഭിത്തി സജ്ജീകരിക്കും.

രാവിലെ 08.30ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഗൂഗിള്‍ പ്ലസ്സിന്റെ വീഡിയോ ചാറ്റ് സംവിധാനമാണ് ഗൂഗിള്‍ ഹാങ്ഔട്ട്. ഒരേസമയം നിരവധിപോരോട് മുഖാമുഖം സംസാരിക്കാന്‍ ഇത് അവസരം നല്‍കുന്നു.

ഗൂഗിള്‍ ഹാങ്ഔട്ട് കാണാന്‍ ഇനിപ്പറയുന്ന സാങ്കേതിക മാര്‍ഗം സ്വീകരിക്കാം:

Go to-www.youtube.com/oommenchandykerala. Check on the videos tab. Choose the events option. Choose the thumbnail video. Video opens to broadcast the message.