Connect with us

Gulf

കുട്ടികള്‍ റോഡപകടങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രചാരണം

Published

|

Last Updated

ദുബൈ: റോഡപകടങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും ആര്‍ ടി എ ബോധവത്കരണം ആരംഭിച്ചുവെന്ന് ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ ഉദായി അറിയിച്ചു.

എല്ലാ വര്‍ഷവും ബോധവത്കരണം നടത്താറുണ്ടെങ്കിലും ഇത്തവണ വിദ്യാലയ വര്‍ഷാരംഭത്തോടെയാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ഗതാഗത നിയമങ്ങളെക്കുറിച്ച് സന്ദേശം നല്‍കുന്ന വാഹനങ്ങള്‍ വിദ്യാലയങ്ങളിലെത്തും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ശില്‍പശാല നടത്തിവരുന്നു. പൊതുസമൂഹത്തില്‍ ഗതാഗത നിയമപാലന സംസ്‌കാരം വര്‍ധിപ്പിക്കുന്ന പ്രചാരണങ്ങളാണ് ഒരുക്കുന്നത്. എല്ലാവര്‍ക്കും സുരക്ഷിതവും സുഗമവുമായ ഗതാഗതം എന്നതാണ് ആര്‍ ടി എ സന്ദേശം.
വിദ്യാലയ മേഖലകളില്‍ വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് ഡ്രൈവര്‍മാരെ ഉണര്‍ത്തും. ശ്രദ്ധക്കുറവോടെയും അലക്ഷ്യമായും വാഹനം ഓടിക്കുന്നവരാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.
നിങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ ലക്ഷ്യം എന്ന സന്ദേശത്തില്‍ ചില കാര്‍ട്ടൂണ്‍ സിനിമകള്‍ കഴിഞ്ഞ വര്‍ഷം തയാറാക്കിയിരുന്നു. ഇത് വ്യാപകമായി പ്രദര്‍ശിപ്പിക്കും. ഇലക്ട്രോണിക് മീഡിയ വഴിയും ബോധവത്കരണം നടത്തും. യൂട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴിയും ബോധവത്കരണമുണ്ട്. ആഭ്യന്തര മന്ത്രാലയം, ദുബൈ പോലീസ് എന്നിവര്‍ സഹകരിക്കുന്നുണ്ടെന്നും എഞ്ചി. മൈത്ത ബിന്‍ ഉദായി പറഞ്ഞു.