Connect with us

National

പോളിയോ തുള്ളിമരുന്ന് മാറി നല്‍കി; ബംഗാളില്‍ 67 കുട്ടികള്‍ ആശുപത്രിയില്‍

Published

|

Last Updated

അരംബാഗ്: പശ്ചിമബംഗാളില്‍ പോളിയോ തുള്ളിമരുന്നിന് പകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 67 കുട്ടികള്‍ ആശുപത്രിയില്‍….  പള്‍സ് പോളിയോ ദിനമായിരുന്ന ഇന്നലെ അരംബാഗ് ഗ്രാമത്തിലാണ് മരുന്ന് മാറിനല്‍കിയത്. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ കുത്തിവെക്കുന്നതിനുള്ള മരുന്ന് മാറി പോളിയോ തുള്ളിമരുന്നിന് പകരം നല്‍കുകയായിരുന്നു. അരംബാഗിലെ ഗൊഹാട്ടിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ നിന്ന് മരുന്ന് സ്വീകരിച്ച കുട്ടികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 114 കുട്ടികള്‍ക്ക് തങ്ങള്‍ ഇത്തരത്തില്‍ മരുന്ന് മാറി നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടുണ്ട്.

14 മാസം പ്രായമായ കുഞ്ഞിന് തുള്ളിമരുന്ന് നല്‍കാനെത്തിയ രക്ഷിതാവാണ് തെറ്റായ മരുന്നാണ് നല്‍കുന്നതെന്ന് കണ്ടെത്തിയത്. ഹെപ്പെറ്റൈറ്റിസ് ബി വാക്‌സിന്‍ എന്ന് രേഖപ്പെടുത്തിയ പെട്ടിയില്‍ നിന്ന് തുള്ളിമരുന്ന് എടുക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിയതായും 114 കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ സമ്മതിച്ചത്.

സംഭവത്തില്‍ ക്ഷുഭിതരായ രക്ഷിതാക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ തടഞ്ഞുവെച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇന്‍ജക്ഷനായി നല്‍കേണ്ട ഹെപ്പറ്റൈ്ിസ് ബി മരുന്ന് കഴിച്ചതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് അരംബാഗ് സബ്ഡിവിഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.