Connect with us

Articles

ഹജ്ജ് യാത്രക്കാര്‍ അറിയാന്‍

Published

|

Last Updated

കേരളത്തില്‍ നിന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹാജിമാര്‍ ഈ മാസം 25 മുതല്‍ വിശുദ്ധ തീര്‍ഥാടനത്തിനായി പുറപ്പെടുകയാണല്ലോ. അവര്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന വസ്തുതകളാണ് സൂചിപ്പിക്കുന്നത്. ഇതുവരെ യാത്രയുടെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരും. ഇനി അതെല്ലാം അവസാനിപ്പിക്കാം. എല്ലാ തരം ആശങ്കകളും ഉത്കണ്ഠകളും മാറ്റി വെച്ച് സര്‍വശക്തനില്‍ എല്ലാം സമര്‍പ്പിച്ച് യാത്രക്കൊരുങ്ങാന്‍ സമയമായി.
ഹജ്ജ് ത്യാഗമാണ്; സഹനമാണ്; ക്ഷമയാണ്. നമ്മുടെ ഹജ്ജ് “മഖ്ബൂലും മബ്‌റൂറുമായി”ത്തീരാന്‍ ഇക്കാര്യങ്ങള്‍ യാത്രയിലുടനീളം ശ്രദ്ധിക്കുക. ഒരിക്കലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. മറ്റുള്ളവരോട് താഴ്മയോടെയും വിനയത്തോടെയും പെരുമാറുന്നതോടൊപ്പം നമ്മുടെ സേവനം മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ എപ്പോഴും ആഗ്രഹിക്കുക. ഒരിക്കലും ഒരു വിഷയത്തിലും അഹങ്കരിക്കാതിരിക്കുക.
ഹാജിമാര്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പണമടച്ചതിന്റെ രശീതി, ഹാറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ടിന്റെയും ഹാറ്റ് കാര്‍ഡിന്റെയും രണ്ട് ഫോട്ടോ കോപ്പികള്‍, രണ്ട് ഫോട്ടോ എന്നിവ കരുതണം. യാത്രയില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞ സമയത്തും സ്ഥലത്തും കൃത്യമായി എത്താന്‍ ശ്രമിക്കുക. ആരോഗ്യത്തിന് ഹാനികരമായത് ഭക്ഷിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാതിരിക്കുക. വെള്ളവും പഴവര്‍ഗങ്ങളും വേണ്ടത്ര ഉപയോഗിക്കുക. മരുന്നിന്റെ ശീട്ടുകള്‍, അത്യാവശ്യമരുന്നുകള്‍, ഹാറ്റ്കാര്‍ഡ്, തിരിച്ചറിയാനുള്ള മറ്റു രേഖകള്‍ എന്നിവയെല്ലാം ഹാന്‍ബേഗില്‍ തന്നെ സൂക്ഷിക്കണം. ഷുഗര്‍ കുറഞ്ഞുപോകുന്നവര്‍ അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ നാവിനടിയില്‍ വെക്കുന്ന ഗുളികകളും കൂടെ കരുതാന്‍ ശ്രദ്ധിക്കുക. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറുടെ ശീട്ട് സഹിതം 20 ദിവസത്തേക്കുള്ളവ വീതം മൂന്ന് പാക്കറ്റിലാക്കി അത്തരം രണ്ടെണ്ണം ലഗേജിലും ഒരെണ്ണം ഹാന്‍സ്ബാഗിലും കരുതേണ്ടതാണ്. രക്തസമ്മര്‍ദമുള്ളവര്‍, ഹൃദ്രോഗികള്‍ എന്നിവര്‍ സാഹസങ്ങള്‍ ഒഴിവാക്കണം. പ്രമേഹ രോഗികള്‍ മുറിവ് പറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മാനസിക അസ്വാസ്ഥ്യം പേടിക്കുന്നവര്‍ ഒരിക്കലും അമിതമായി ഉറക്കമൊഴിയരുത്. ഹജ്ജിന്റെ കാലയളവില്‍ ആര്‍ത്തവമുണ്ടാകുമെന്ന് ഭയപ്പെടുന്ന സ്ത്രീകള്‍ പോകുന്നതിനു മുമ്പ് ഗൈനക്കോളജിസ്റ്റിന്റെ ഉപദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം.
പണം എപ്പോഴും അരപ്പട്ടയില്‍ ബെല്‍റ്റില്‍ തന്നെ കരുതുക. അല്ലെങ്കില്‍ അതവ്വിഫിനെ ഏല്‍പ്പിച്ച് രശീതി വാങ്ങുക. അത്യാവശ്യ പണം മാത്രം പുറത്തേക്കെടുക്കുക. അച്ചാര്‍ പോലെയുള്ള വസ്തുക്കള്‍ ലഗേജിലും കത്തി, കത്രിക, ബ്ലേഡ്, നഖം വെട്ടി എന്നിവ ഹാന്‍ബേഗിലും വെക്കരുത്. ഇലക്ട്രിക്- ഇലക്‌ട്രോണിക് സാധനങ്ങളില്‍ നിന്നും ബാറ്ററി മാറ്റി വെക്കേണ്ടതാണ്. യാത്രയിലും വിശുദ്ധ സ്ഥലങ്ങളിലെത്തിയാലും വീണുകിടക്കുന്ന സാധനങ്ങള്‍ കണ്ടാല്‍ ഒരിക്കലും എടുക്കരുത്. ചുറ്റും സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറയില്‍ അത് പതിയും. മാത്രമല്ല, മോഷ്ടാവ് എന്ന നിലയില്‍ പോലീസിന്റെ പിടിയിലാകുകയും ചെയ്യാം. വെള്ളത്തിന്റെ പൈപ്പുകള്‍ തുറക്കുമ്പോള്‍ സാവധാനം തുറക്കുക. അല്ലാത്ത പക്ഷം വസ്ത്രവും ശരീരവും മലിനമാകാന്‍ ഇടയുണ്ട്.
ലൈസന്‍സുള്ള ടാക്‌സികളില്‍ മാത്രമേ സഞ്ചരിക്കാവൂ. അതും ഒറ്റക്കാകരുത്. സ്ത്രീകള്‍ കൂടെയുണ്ടെങ്കില്‍ ആദ്യം പുരുഷന്മാരും പിന്നെ സ്ത്രീകളും കയറുക. ഇറങ്ങുമ്പോള്‍ നേരെ വിപരീതവും. ഫോണുകളില്‍ വരുന്ന വ്യാജ കോളുകള്‍, ഓഫറുകള്‍, സന്ദേശങ്ങള്‍ എന്നിവ അവഗണിക്കുക. ഒരിക്കലും താമസമുറികളിലും തമ്പുകളിലും അപരിചിതരെ താമസിപ്പിക്കരുത്. ഒരു കവറിലുള്ള മുഴുവന്‍ ആളുകളുടെയും ബാഗുകളും ഒരുപോലെയുള്ളതും പ്രത്യേകം അടയാളം വെച്ചതുമായാല്‍ എയര്‍ കസ്റ്റംസ് ഹാളില്‍ നിന്ന് എളുപ്പം തിരിച്ചറിയാന്‍ കഴിയും. ജിദ്ദയിലേക്കാണ് വിമാനമെങ്കില്‍ രണ്ട് ജോഡി ഇഹ്‌റാം വസ്ത്രവും ചെരിപ്പും ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കണം. വിമാനത്താവളത്തില്‍ നിന്നും ലഗേജുകള്‍ ട്രോളിയില്‍ കയറ്റി ബസ്സിലേക്ക് മാറ്റുമ്പോള്‍ നാം കയറിയ അതേ ബസ്സില്‍ തന്നെ നമ്മുടെ ലഗേജുകള്‍ കയറ്റിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
അല്‍പ്പം അവില്‍, കൂവപ്പൊടി, ചായപ്പൊടി, പഞ്ചസാര, ഉണക്കസ്വഭാവമുള്ള പഴങ്ങള്‍, ഒരു ചെറിയ കെറ്റല്‍ എന്നിവ അവിടെയുള്ള ചെറിയ യാത്രകളിലെല്ലാം കൂടെ കരുതുക. “ചെക്ക് ഇന്‍” സമയത്ത് ബാഗേജ് ടാഗ് വാങ്ങി സൂക്ഷിക്കേണ്ടതാണ്. വിമാനത്താവളത്തില്‍ വെച്ച് ബാഗേജ് കാണാതെ പോയാല്‍ എയര്‍ലൈന്‍സ് കൗണ്ടറില്‍ പോയി ബാഗേജ് ടാഗ് കാണിച്ച് പരാതിപ്പെടാനുള്ള ഫോം വാങ്ങി പൂരിപ്പിച്ച കോപ്പിയില്‍ അവിടെയുള്ള ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങി സൂക്ഷിക്കേണ്ടതാണ്. മറ്റു സ്ഥലങ്ങളില്‍ നഷ്ടപ്പെട്ടാലോ വഴി തെറ്റിയാലോ ഹജ്ജ് വളണ്ടിയര്‍മാരുമായോ ഹജ്ജ് മിഷന്‍ ഓഫീസുമായോ ഉടന്‍ ബന്ധപ്പെടണം. മിനാ തമ്പില്‍ നിന്നു പുറത്തുപോകുമ്പോള്‍ ടെന്റ് കാര്‍ഡ് കൈവശം വെക്കുക. പോള്‍ നമ്പര്‍ പ്രത്യേകം ഓര്‍ക്കുക. മസ്ജിദുന്നബവിയില്‍ പ്രവേശിക്കുമ്പോള്‍ സ്ത്രീകള്‍ അവരുടെ കവാട നമ്പര്‍ ശ്രദ്ധിക്കേണ്ടതാണ്.
ഹറമിലേക്ക് പോകുമ്പോള്‍ ചെരിപ്പിടാന്‍ എപ്പോഴും ഒരു സഞ്ചിയും കീശയില്‍ ഒരു തൂവാലയും കരുതണം. തണുപ്പിക്കാത്ത സംസം കുടിക്കുന്നതാണ് നല്ലത്. തിരിച്ചറിയല്‍ രേഖകളായ വള, മാല, കാര്‍ഡുകള്‍ എന്നിവ യാത്ര തുടങ്ങി തിരിച്ചെത്തും വരെ ശരീരത്തില്‍ ധരിച്ചിരിക്കണം.

Latest