Connect with us

Ongoing News

റിസര്‍വ് ബേങ്ക് സ്വര്‍ണം ശേഖരിക്കാന്‍ നടപടി തുടങ്ങി; ഫലം കാണില്ലെന്ന് വിദഗ്ധര്‍

Published

|

Last Updated

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് സ്വര്‍ണം സ്വീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് റിസര്‍വ് ബേങ്ക് നീക്കം ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമായി റിസര്‍വ് ബേങ്ക് ഏത ബേുങ്കുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അതേസമയം ജനങ്ങളില്‍ നിന്ന് നേരിട്ട് സ്വര്‍ണം ശേഖരിക്കുന്ന പദ്ധതി ഏറെ സങ്കീര്‍ണമാണെന്നും ഇത് പ്രായോഗികമാകാനിടയില്ലെന്നുമാണ് വിദഗ്ധരുടെ പക്ഷം. ഉപഭോക്താക്കളുടെ പക്കലുള്ള സ്വര്‍ണം നേരിട്ട് വാങ്ങാന്‍ ബേങ്കുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം റിസര്‍വ് ബേങ്കിന്റെ പരിഗണനയിലാണ്. ഉപഭോക്താക്കളില്‍ നിന്ന് സ്വര്‍ണം നേരിട്ട് വാങ്ങി സ്വര്‍ണസംഭരണ ശാലകള്‍ക്ക് നല്‍കാനാണ് ആര്‍ ബി ഐ ലക്ഷ്യമിടുന്നത്. പിന്നീട് ഇത് വിപണിയിലെത്തിക്കാനാണ് നീക്കം. ഇതിലൂടെ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാമെന്നും അതുവഴി ഡോളറുമായുള്ള വിനിമയം കുറക്കാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് സ്വര്‍ണം തിരികെ വാങ്ങാനുള്ള നീക്കം ഫലം കാണില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണ ശേഖരണം ബേങ്കുകള്‍ വഴിയാണെന്നുള്ളതാണ് പ്രധാന തടസ്സം. സ്വര്‍ണത്തിന്റെ ക്വാളിറ്റി, പണം ലഭിക്കാനുള്ള കാല താമസം തുടങ്ങിയവ പദ്ധതിയുടെ സുഖകരമായ നടത്തിപ്പിന് പ്രയാസം സൃഷ്ടിക്കും. കച്ചവട സ്ഥാപനമെന്നതിനപ്പുറം ബേങ്കുകള്‍ സര്‍വീസ് മേഖലയിലുള്‍പ്പെടുന്നതിനാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഉപഭോക്താക്കള്‍ ശ്രമിക്കണമെന്നില്ല. സ്വര്‍ണത്തിന്റെ വിലയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടവും നടപടിക്രമങ്ങെളൊന്നുമില്ലാതെ സ്വര്‍ണം വില്‍പ്പന നടത്തുന്നതിന് വിപണിയില്‍ സൗകര്യമുണ്ടെന്നിരിക്കെ ഒരു പരീക്ഷണത്തിന് ഉപഭോക്താക്കള്‍ മുതിരില്ലെന്നാണ് വിപണി വിദഗ്ധരുടെ വാദം. അതേസമയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന സങ്കീര്‍ണത കണക്കിലെടുത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് സ്വര്‍മം വാങ്ങുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് റിസര്‍വ് ബേങ്കിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഒരു പൈലറ്റ് പദ്ധതി നടപ്പാക്കാനണ് റിസര്‍വ് ബേങ്ക് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിത്യോപയോഗ വസ്തുവായ പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള ക്രൂഡ് ഓയില്‍ കഴിഞ്ഞാല്‍ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ് ബേങ്കും നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും ധനക്കമ്മി നേരിടുന്ന മൂന്ന് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയാണ് സ്വര്‍ണം ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്നതെന്നത് ഏറെ കൗതുകകരമാണ്. ഇന്ത്യന്‍ വിപണിയില്‍ 31,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് നിഗമനം. ഇന്നത്തെ അവസ്ഥയില്‍ 1.4 ട്രില്യണ്‍ ഡോളര്‍ വരുമിതിന്റെ മൂല്യം. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തേക്ക് 860 ടണ്‍ സ്വര്‍ണമാണ് നിയമപരമായ മാര്‍ഗങ്ങളിലൂടെ ് ഇറക്കുമതി ചെയ്യപ്പെട്ടത്. എന്നാല്‍ റിസര്‍വ് ബേങ്കിന്റെ കരുതല്‍ സ്വര്‍ണ ശേഖരം 557.7 ടണ്‍ മാത്രമാണ്.
ജനങ്ങളുടെ കൈകളില്‍ ആവശ്യത്തിലധികമുള്ള സ്വര്‍ണ ബാറുകളും, നാണയങ്ങളും ആഭരണങ്ങളും ശേഖരിക്കുന്നതിന് ബേങ്കുകള്‍ക്ക് അനുമതി ലഭിക്കുന്നതോടെ ഇവയില്‍ ഏറിയപങ്കും വിപണിയിലെത്തുമെന്നാണ് റിസര്‍വ് ബേങ്കും കേന്ദ്രസര്‍ക്കാറും പ്രതീക്ഷിക്കുന്നത്. ഇത് സ്വര്‍ണ വിപണിക്ക് പുത്തനുണര്‍വ് പകരുന്നതോടൊപ്പം രൂപയുടെ മൂല്യത്തിനും ഗുണകരമായി ഭവിക്കുമെന്ന് കണക്ക് കൂട്ടുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest