Connect with us

Kerala

സിപിഐ നേതാവ്‌ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയയും കടുത്ത പ്രമേഹവും അലട്ടിയിരുന്നു.

ഇന്ന് രാവിലെ എട്ട് മണിയോടെ പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം നാല് മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാരം നടക്കുക.

മരണസമയത്ത് മകള്‍ മഞ്ജുവും സി പി ഐ നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ മന്ത്രി എം വിജയകുമാര്‍ തുടങ്ങിയവര്‍ മെഡിക്കല്‍ കോളജിലെത്തി. തുടര്‍ന്ന്, മൃതദേഹം പട്ടത്തുള്ള മകളുടെ വീട്ടിലേക്ക് മാറ്റി. അവിടെയും നിരവധി ആളുകള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
1957 ലെ പ്രഥമ നിയമസഭയില്‍ അംഗമായിരുന്ന വെളിയം നാല് തവണ സി പി ഐ സംസ്ഥാന സെക്രട്ടറിയായി. 1957 ലും 1960 ലും നിയമസഭാംഗമായി. ചടയമംഗലത്ത് നിന്നാണ് നിയമസഭയില്‍ എത്തിയത്. കൊല്ലം പ്രാക്കുളം സമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുമ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. 1965ല്‍ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗവും 67ല്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗവും 71ല്‍ ദേശീയ കൗണ്‍സില്‍ അംഗവുമായി. നാല് തവണ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി ആയി.
നാല് തവണയായി 12 വര്‍ഷം അദ്ദേഹം സി പി ഐ സംസ്ഥാന സെക്രട്ടറി പദവിയിലുണ്ടാ യിരുന്നു. പി കെ വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി 1998 ലാണ് ആദ്യമായി സംസ്ഥാന സെക്രട്ടറിയാകുന്നത്. 2010ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. കുറേക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കരക്ക് സമീപം വെളിയം ഗ്രാമത്തില്‍ 1928നാണ് ജനനം. കളീക്കല്‍ മേലത് കൃഷ്ണനാണ് പിതാവ്.
കായില സംസ്‌കൃത സ്‌കൂളില്‍ നിന്നാണ് പ്രാഥമിക പഠനം തുടങ്ങിയത്. ഉപനിഷത്തുകളിലും പുരാണങ്ങളിലും പ്രാവീണ്യം നേടി ശാസ്ത്രിയായി. പത്താം വര്‍ഷം സന്യാസിയായി കാഷായ വസ്ത്രമണിഞ്ഞ് പുറത്തുവന്ന ഭാര്‍ഗവന്‍ പിന്നീട് സംസ്‌കൃത കോളജില്‍ ചേര്‍ന്നു. അവിടെ ഒരു വര്‍ഷ പഠനം കഴിഞ്ഞാണ് സ്‌കൂള്‍ വിദ്യാര്‍ഥിയാകുന്നത്- ഏഴാം ക്ലാസില്‍. അവിടെ നിന്ന് കൊല്ലം എസ് എന്‍ കോളജിലേക്കെത്തി. ഇവിടെ വിദ്യാര്‍ഥിയായിരിക്കെയാണ് രാഷ്ട്രീയത്തില്‍ പ്രവേശി ക്കുന്നത്. കുറേക്കാലം സന്യാസത്തോടായിരുന്നു പ്രതിപത്തി.
1948ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോഴും 1954ല്‍ ട്രാന്‍സ്‌പോര്‍ട്ട് സമര കാലത്തും അറസ്റ്റിലായി.

റിട്ട. അധ്യാപിക സുനിതയാണ് ഭാര്യ. മകള്‍: മഞ്ജു (എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി) മരുമകന്‍: അജിത് (സൈന്റിസ്റ്റ്, സി.എസ്.ഐ.ആര്‍).

Latest