Connect with us

Kerala

കര്‍ക്കശ നിലപാടുകളിലൂടെ അസ്തിത്വം സംരക്ഷിച്ച സമര ഭടന്‍

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കാലം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ ഇരു മുന്നണികളിലും തിരക്കിട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍. എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യും മുമ്പെ സി പി ഐയുടെ സീറ്റായിരുന്ന പൊന്നാനി സ്വന്തമാക്കാന്‍ സി പി എം സെക്രട്ടേറിയറ്റ് തീരുമാനിക്കുന്നു. പി ഡി പിയുമായി ധാരണയുണ്ടാക്കി സ്വതന്ത്രനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. ഇത് വാര്‍ത്തയായതോടെ സി പി ഐ ഇളകി. ജയിക്കണമെങ്കില്‍ പൊതുസ്വതന്ത്രന്‍ വേണമെന്ന് സി പി എം കട്ടായം പറഞ്ഞു. പറ്റില്ലെന്ന് സി പി ഐയും. സ്വതന്ത്രനെ തേടി സി പി ഐ നേതാക്കളും പരക്കം പാഞ്ഞു. സി പി എം കണ്ടുവെച്ച സ്വതന്ത്രനെ സ്വന്തമാക്കാനും ഒരു വിഭാഗം സി പി ഐ നേതാക്കള്‍ ശ്രമിക്കുന്നു. ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.

രാഷ്ട്രീയ കേരളം എ കെ ജി സെന്ററില്‍ കേന്ദ്രീകരിച്ചു. തര്‍ക്കം മുറുകിയ ഘട്ടം. സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ നിന്ന് അറിയിപ്പ് വന്നു. രാവിലെ 11ന് സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വാര്‍ത്താസമ്മേളനം നടത്തും. കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വമ്പന്‍ മാധ്യമ പട എം എന്‍ സ്മാരകത്തിലെത്തി. തുടങ്ങിയപ്പോള്‍ തന്നെ വെളിയം പറഞ്ഞു. ഈ മുന്നണി തകര്‍ന്നിരിക്കുന്നു. എല്‍ ഡി എഫ് ഇനി ഇല്ല. വിട്ടുവീഴ്ചക്ക് തങ്ങളില്ലെന്ന ഉറച്ച നിലപാട്. പടിവാതിലില്‍ തിരഞ്ഞെടുപ്പ് നില്‍ക്കുകയാണെന്ന് ബോധ്യമില്ലാഞ്ഞിട്ടല്ല വെളിയം അറുത്ത് മുറിച്ച് അങ്ങനെ പറഞ്ഞത്. പാര്‍ട്ടിയുടെ അസ്തിത്വം ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. ഒടുവില്‍ പൊന്നാനിക്ക് പകരം വയനാട് സീറ്റ് സി പി ഐക്ക് നല്‍കിയാണ് പ്രശ്‌നം തീര്‍ത്തത്.
പാര്‍ട്ടി കമ്മിറ്റികളില്‍ തര്‍ക്കവും ഗ്രൂപ്പ് പോരും മുറുകുമ്പോഴെല്ലാം ആശ്വസമായിരുന്നു ആശാന്റെ വാക്കുകള്‍. എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, അച്യുത മേനോന്‍, പി കെ വാസുദേവന്‍ നായര്‍ തുടങ്ങി ആ ഗണത്തില്‍പ്പെടുന്ന അവസാന കണ്ണിയായിരുന്നു വെളിയം.
ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് ശ്രദ്ധിക്കപ്പെട്ട ജനപ്രതിനിധികളില്‍ മുന്‍നിരയിലായിരുന്നു വെളിയം. ഇ ചന്ദ്രശേഖരന്‍നായര്‍, തോപ്പില്‍ ഭാസി, കല്യാണകൃഷ്ണന്‍, പുനലൂര്‍ രാജഗോപാലന്‍ നായര്‍, വെളിയം എന്ന അഞ്ച് പേര്‍ അക്കാലത്ത് “ജിഞ്ചര്‍ ഗ്രൂപ്പ്” എന്ന വിശേഷണത്തിന് അര്‍ഹരായി. അറുപതുകള്‍ക്ക് ശേഷം പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി വിട്ട് സംഘടനാ രംഗത്ത് വെളിയം സജീവ സാന്നിധ്യമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഐക്യമുന്നണി രൂപവത്കരിക്കുന്നതിന്റെ പ്രധാന സൂത്രധാരനായി. നിര്‍ണായക ഘട്ടത്തില്‍ ദീര്‍ഘദൃഷ്ടിയോടെ തീരുമാനമെടുക്കുന്നതില്‍ അസാമാന്യ പാടവം കാണിച്ചു. പാര്‍ട്ടിയെടുക്കുന്ന നിലപാടില്‍ ഉറച്ചു നിന്ന് ആ തീരുമാനം നടപ്പാക്കുന്നതില്‍ ഇടതുമുന്നണിയിലെ വലിയ കക്ഷിയായ സി പി എമ്മുമായി നിരന്തരം കലഹിച്ചു. ഈ ഏറ്റുമുട്ടലുകള്‍ സി പി ഐക്ക് അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കാന്‍ സഹായിച്ചു. ഇത്തരം ഘട്ടങ്ങളിലാണ് സി പി ഐക്കാര്‍ പോലും വെളിയത്തിന്റെ ആവശ്യകത മനസ്സിലാക്കിയത്. ചന്ദ്രന്‍ പിള്ളയെ ജോലി രാജി വെപ്പിച്ച് രാജ്യസഭാ സീറ്റിലേക്ക് മത്സരിപ്പിച്ചപ്പോഴും ഇതേ നിലപാടെടുത്തു. അങ്ങനെയാണ് വി വി രാഘവനെ സ്ഥാനാര്‍ഥിയാക്കിയത്. ഒടുവില്‍ വെളിയത്തിന്റെ പിടിവാശിക്ക് മുമ്പില്‍ സി പി എമ്മിന് പിന്‍മാറേണ്ടി വന്നു. പി ഡി പിയുമായി സഖ്യമുണ്ടാക്കാനുളള നീക്കത്തെയും കെ മുരളീധരന്‍ രൂപവത്കരിച്ച ഡി ഐ സിയെ മുന്നണിയിലെടുക്കുന്നതിനെയും വെളിയം ശക്തമായി കൈകാര്യം ചെയ്തു. അടിയന്തരവാസ്ഥ കാലത്തെ സി പി ഐ നിലപാടിലെ വീഴച തുറന്നു പറയാനും വെളിയം മടി കാണിച്ചില്ല.