Connect with us

Editorial

കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍

Published

|

Last Updated

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കേണ്ടെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നുളവായ പ്രതിസന്ധി മറികടക്കാന്‍, സ്ഥാപനത്തിന്റെ പെട്രോള്‍ പമ്പുകള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് വാടകക്ക് നല്‍കാന്‍ ധാരണയായിരിക്കയാണ്. ഈ പമ്പുകള്‍ക്ക് വിപണി വിലയില്‍ ഡീസല്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് എണ്ണക്കമ്പനികള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും കെ എസ് ആര്‍ ടി സിക്ക് സവില്‍ സപ്ലൈസ് പമ്പുകളില്‍ നിന്ന് വിപണി വിലക്ക് ഡീസല്‍ നിറക്കാനാകുമെന്നും മന്ത്രി ആര്യാടന്‍ വെളിപ്പെടുത്തുകയുണ്ടായി.
കെ എസ് ആര്‍ ടി സി അഭിമുഖീകരിക്കുന്ന പുതിയ പ്രതിസന്ധി ഇതോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും സ്ഥാപനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. നുറ് കോടി പ്രതിമാസ നഷ്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വായ്പയെടുത്ത വകയില്‍ സര്‍ക്കാറിനും കെ ടി ഡി എഫ് സി, എല്‍ ഐ സി, ഹഡ്‌കോ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 1,230 കോടി നല്‍കാനുമുണ്ട്. 1990 മുതല്‍ 2007 വരെയുള്ള 826.22 കോടി രൂപയുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളിയതാണ്. അല്ലാ യിരുന്നെങ്കില്‍ കടം രണ്ടായിരത്തില്‍ കവിയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി കുടുതല്‍ രൂക്ഷമാകുകയും ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും മുടങ്ങുന്ന ഘട്ടമെത്തുകയും ചെയ്യുമ്പോള്‍ സര്‍ക്കാറും പൊതുമേഖലാ സ്ഥാപനങ്ങളും സഹായത്തിനെത്തുന്നത് കൊണ്ടാണ് മുടന്തി മുടന്തിയെങ്കിലും സ്ഥാപനം ഓടുന്നത്.
ഇത്രയും ഭീമമായ കടവും പേറി ഈ സ്ഥാപനത്തിന് എത്ര കാലം പ്രവര്‍ത്തിക്കാനാകും. സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ ലാഭത്തിലോടുമ്പോള്‍ കെ എസ് ആര്‍ ടി സി എന്തുകൊണ്ട് നഷടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കുപ്പുകുത്തുന്നുവെന്ന് ഗൗരവപൂര്‍വം ചിന്തിച്ചു പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ജീവനക്കാരുടെ പെന്‍ഷന്‍, സൗജന്യ പാസുകള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സന്‍ഷന്‍ തുടങ്ങിയവയാണ് കോടതി ഉദ്ദേശിക്കുന്ന കെടുകാര്യസ്ഥതയെങ്കില്‍ അത് നിര്‍ത്താന്‍ കഴിയില്ലെന്നാണ് വകുപ്പ് മന്ത്രിയും പറയുന്നു. എന്നാല്‍ തലപ്പത്തുള്ളവരുടെ പിടിപ്പുകേട്, രാഷ്ട്രീയക്കാരുടെ കൈകടത്തല്‍, ജീവനക്കാരുടെ ആത്മാര്‍ഥതക്കുറവ്, ആവശ്യത്തില്‍ കവിഞ്ഞ നിയമനം തുടങ്ങി സ്ഥാപനത്തിന്റെ പ്രതിസന്ധിക്ക് കാരണങ്ങള്‍ വേറെയെമ്പടുമുണ്ട്. അധികാരമോഹികളായ രാഷ്ട്രീയ നേതാക്കളെ കുടിയിരുത്താനുള്ള വേദികളായി അധഃപതിച്ചിരിക്കയാണിന്ന് കെ എസ് ആര്‍ ടി സിയുള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍. സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ബാലപാഠം പോലുമില്ലാത്ത ഇവര്‍ ആന കയറിയ കരിമ്പിന്‍ തോട്ടത്തിന്റെ അവസ്ഥയിലാണ് സ്ഥലം വിടുന്നത്. സ്ഥാപനത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് പകരം ട്രേഡ് യൂനിയന്‍ വളര്‍ത്തുന്നതിലും ആശ്രിതര്‍ക്ക് ജോലി സമ്പാദിച്ചു കൊടുക്കുന്നതിലുമാണ് ഇവരുടെ മുഴുവന്‍ ശ്രദ്ധയുമെന്നതാണ് അനുഭവം. റൂട്ടുകളുടെയും ഷെഡ്യൂളുകളുടെയും നിര്‍ണയത്തിലും രാഷ്ട്രീയ സ്വാധീനം കടന്നു വരുന്നു. ശാസ്ത്രീയമായി വിശകലനം നടത്തി, ലാഭകരമാണോ എന്നു പഠിച്ചറിഞ്ഞു ക്രമീകരിക്കേണ്ട റൂട്ടുകളും ഷെഡ്യൂളുകളും രാഷ്ട്രീയ സമ്മര്‍ദത്തിന് വിധേയമയാണ് പലപ്പോഴും അനുവദിക്കുന്നത്. ഇതുമൂലം കനത്ത നഷ്ടത്തിലോടുന്ന റൂട്ടൂകള്‍ നിരവധിയാണ്. സ്വാധീനത്തിന് വിധേയമായി കെ എസ് ആര്‍ ടി സിയുടെ തൊട്ടുമുന്നില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുക വഴി കെ എസ് ആര്‍ ടി സിയുടെ വരവ് കുത്തനെ ഇടിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ വരെയുണ്ട് ഗതാഗത വകുപ്പിലെന്നത് രഹസ്യമല്ല.
സ്വകാര്യ ബസുകള്‍ക്ക് ഒരു കി മീറ്റര്‍ സര്‍വീസ് നടത്താന്‍ 30.70 രൂപയാണ് ചെലവെങ്കില്‍ കെ എസ് ആര്‍ ടി സിക്ക് 40.97 രൂപയാണ്. സ്വകാര്യ ബസുകള്‍ ഒരു കി.മീറ്ററിന് 7.86 രൂപ ശമ്പളയിനത്തില്‍ ചെലവാക്കുമ്പോള്‍ കെ എസ് ആര്‍ ടി സി ചെലവിടുന്നത് 18 രൂപയാണ്. ജീവനക്കാരുടെ ആധിക്യമാണിതിന് പ്രധാന കാരണം. സ്വകാര്യ ബസിലെ ജീവനക്കാരുടെ ശരാശരി എണ്ണം അഞ്ചെങ്കില്‍ കെ എസ് ആര്‍ ടി സിയില്‍ എട്ടാണ്.
നെടുമ്പാശ്ശേരി വിമാനത്താവള കമ്പനി മാതൃകയില്‍ പൊതു ജനങ്ങള്‍ക്കും ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും പങ്കാളിത്തം നല്‍കി സ്ഥാപനത്തെ കമ്പനിയാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. ഇത്തരം പരിഷ്‌കരണങ്ങളിലൂടെയല്ലാതെ പൂര്‍ണമായും പൊതുമേഖലയില്‍ നിലനിര്‍ത്തി സ്ഥാപനത്തെ രക്ഷപ്പെടുത്തുക പ്രയാസമാണ്.